twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരാണ് താരം?

    By Staff
    |

    ആരാണ് താരം?
    ഫിബ്രവരി 21, 2005

    മലയാള സിനിമയിലെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടാണ് ഉദയനാണ് താരം തിയേറ്ററുകള്‍ നിറച്ചോടുന്നത്. മലയാളത്തിലെ എക്കാലത്തെയും വന്‍ഹിറ്റുകളിലൊന്നായി തീര്‍ന്നിരിക്കുകയാണ് ഉദയനാണ് താരം.

    ഒരു തരംഗമായി തീര്‍ന്നിരിക്കുന്ന ഈ ചിത്രം എല്ലാ തരം സിനിമാപ്രേക്ഷകരെയും ആകര്‍ഷിക്കുന്നുവെന്നതാണ് പ്രധാന പ്രത്യേകത. ഐസ്ക്രീം കേസും സിപിഎം സമ്മേളനവും പോലെ ജനങ്ങള്‍ക്കിടയില്‍ ഒരു സംസാരവിഷയമായി മാറിയ ഈ ചിത്രത്തിന്റെ വന്‍വിജയം പ്രതിസന്ധിയില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന മലയാള സിനിമാ വ്യവസായത്തിന് ഒരു വലിയ ആശ്വാസം തന്നെയാണ്.

    യഥാര്‍ഥത്തില്‍ ആരാണ് താരം? ആരാണ് ഈ ചിത്രത്തിന്റെ വന്‍വിജയത്തിന് പിന്നില്‍? നായകനോ സംവിധായകനോ തിരക്കഥാകൃത്തോ? സിനിമ ഒരു കൂട്ടായ്മയാണെന്നും സിനിമയുടെ വിജയം ഒരു കൂട്ടായ്മയുടെ വിജയമാണെന്നും അടിവരയിട്ടു പറയുന്ന ചിത്രമാണ് ഉദയനാണ് താരം. നായകനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെ തങ്ങളുടെ ഭാഗം മനോഹരമാക്കിയ ഒരു കൂട്ടായ്മയുടെ ചിത്രമാണ് ഉദയനാണ് താരം.

    സിനിമയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ സിനിമയിലെ കേന്ദ്രകഥാപാത്രമായ സംവിധായകന്‍ ഉദയഭാനുവിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. ഈ ചിത്രത്തിലെ ഏതാനും രംഗങ്ങള്‍ കണ്ടുകഴിയുമ്പോഴേക്കും പ്രേക്ഷകര്‍ക്ക് ബോധ്യമാവുന്ന ഒരു കാര്യമുണ്ട്. പഴയ മോഹന്‍ലാലിതാ തിരിച്ചുവന്നിരിക്കുന്നു! ധര്‍മസങ്കടങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോവുന്ന കഥാപാത്രങ്ങളെ അനായാസവും സ്വാഭാവികവുമായ അഭിനയശേഷിയിലൂടെ പ്രേക്ഷകരെ അനുഭവിപ്പിച്ച പഴയ മോഹന്‍ലാല്‍ ഇതാ വീണ്ടും ഒരു വേഷപ്പകര്‍ച്ചയിലൂടെ തിരിച്ചുവന്നിരിക്കുന്നു.

    പഴയ ലാല്‍ ഓര്‍മ മാത്രമായിരിക്കുന്നുവെന്ന് ഈയിടെയിറങ്ങിയ പല ചിത്രങ്ങളിലെയും ഈ നടന്റെ പ്രകടനം കണ്ട് പറയേണ്ടിവന്ന പ്രേക്ഷകരെ ലാല്‍ അത്ഭുതപ്പെടുത്തുന്നു. സൂക്ഷ്മമായ ഭാവങ്ങളിലൂടെയും ശാരീരിക ചലനങ്ങളിലൂടെയും കഥാപാത്രങ്ങളെ പൂര്‍ണതയിലെത്തിക്കുന്ന ലാലിന്റെ മാജിക് നമുക്ക് ഉദയനാണ് താരത്തില്‍ കണ്ടറിയാം. ഡയലോഗ് ഡെലിവറിയിലും ശാരീരിക ഭാഷയിലും വല്ലാത്ത ഒതുക്കവും സൂക്ഷ്മതതയും പുലര്‍ത്തുന്ന ലാലിന് സിനിമാലോകത്തെ ഭാഗ്യാന്വേഷിയായ ഉദയന്‍ എന്ന കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കാന്‍ സാധിച്ചിരിക്കുന്നു.

    ഇത് ലാലിന് മാത്രം ചെയ്യാവുന്നത് എന്ന് പല കഥാപാത്രങ്ങളെയും ചൂണ്ടി നാം പറഞ്ഞിട്ടുണ്ട്. ലാല്‍ മുമ്പ് അവതരിപ്പിച്ച പല ഗംഭീര കഥാപാത്രങ്ങളുമായും താരതമ്യം ചെയ്യാനാവില്ലെങ്കിലും ഒന്നുറപ്പിച്ചു പറയാം. സിനിമ ഒരു സ്വപ്നമാക്കിയ, അതിനായുള്ള പ്രയത്നങ്ങള്‍ക്കിടയില്‍ വീഴ്ചകളിലൂടെയും നിരാശകളിലൂടെയും അതൊക്കെ തീര്‍ത്ത പല വിധം കോംപ്ലക്സുകളിലൂടെയും കടന്നുപോവുന്ന, ഒടുവില്‍ തന്റെ സ്വപ്നസാക്ഷാത്കാരത്തിലെത്തുന്ന ഉദയനെ ഈ വിധം സ്വാഭാവികമായി അവതരിപ്പിക്കാന്‍ ലാലിന് മാത്രമേ കഴിയൂ. മലയാളത്തിന്റെ ഏറ്റവും ജനപ്രിയനായ ഈ താരത്തിന്റെ തിരിച്ചുവരവ് തന്നെയാണ് ചിത്രത്തിന്റെ വന്‍വിജയത്തിന് പിന്നിലെ ഘടങ്ങളിലൊന്ന്.

    ഈ ചിത്രത്തിന്റെ വന്‍വിജയത്തെ പറ്റി ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ: ശ്രീനിയാണ് താരം. ശ്രീനിവാസന്റെ തിരക്കഥയാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് മോഹന്‍ലാല്‍ പറയുന്നു. അത് ശരിയുമാണ്. സിനിമയുടെ പശ്ചാത്തലത്തില്‍ പല സിനിമകളും മലയാളത്തിലുണ്ടായിട്ടില്ലെങ്കിലും ഇതുപോലൊരു സിനിമ ആദ്യമാണ്. അത് ശ്രീനിയുടെ രചനാശേഷിയുടെ സംഭാവനയുമാണ്.

    ആക്ഷേപഹാസ്യത്തിന്റെ മുനകള്‍ നിറഞ്ഞതും സരസമായ ജീവിത മുഹൂര്‍ത്തങ്ങളുടെ തെളിമ കലര്‍ന്നതുമായിരിക്കും ശ്രീനി ചിത്രങ്ങള്‍. സാധാരണ ജീവിതപശ്ചാത്തലങ്ങളാണ് ശ്രീനി രചനക്കായി തിരഞ്ഞെടുക്കാറുള്ളത്. അതില്‍ നിന്ന് വ്യത്യസ്തമായി സിനിമാലോകത്തെ ചില മനുഷ്യരുടെ കഥ പറഞ്ഞപ്പോഴും അത് തന്റെ പതിവുശൈലിയില്‍ വളരെ ഭദ്രമായും ഭംഗിയായും പറയാന്‍ ശ്രീനിക്ക് സാധിച്ചു.

    സിനിമാലോകത്തെ ജാഡകളെയും കള്ളങ്ങളെയും പൊള്ളത്തരങ്ങളെയും കണക്കിന് പരിഹസിക്കുന്നുണ്ട് ശ്രീനി ഈ ചിത്രത്തില്‍. ശ്രീനി തന്നെ അവതരിപ്പിക്കുന്ന സരോജ്കുമാര്‍ എന്ന സൂപ്പര്‍താര കഥാപാത്രത്തെ കാണുമ്പോള്‍ ഇന്ത്യന്‍ സിനിമ കണ്ട മിക്കവാറും എല്ലാ സൂപ്പര്‍താരങ്ങളും നമ്മുടെ മനസിലേക്ക് കടന്നുവരും. സൂപ്പര്‍താര സങ്കല്പത്തിലെ പൊള്ളത്തരത്തെ ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ചയിലൂടെ ശ്രീനി കളിയാക്കുമ്പോള്‍ പരിഹാസത്തിന്റെ അമ്പുകള്‍ പലര്‍ക്കുമിട്ടുകൊള്ളുന്നുണ്ട്. ഈ ചിത്രത്തിലെ ക്ലൈമാക്സിലെ പ്രത്യേക രംഗത്തില്‍ കൈയില്‍ തോക്ക് പിടിച്ച് മോഹന്‍ലാല്‍ നിന്നെ പോലുള്ളവരാണ് മലയാള സിനിമയുടെ പ്രതിസന്ധി എന്ന് സരോജ്കുമാറിനെ അവതരിപ്പിക്കുന്ന ശ്രീനിവാസനോട് പറയുമ്പോള്‍ അത് സറ്റയറിന്റെ ശ്രീനി ടച്ചുള്ള ഒരു സവിശേഷ മുഹൂര്‍ത്തമായി മാറുന്നു.

    അവസാനരംഗത്തില്‍ സരോജ്കുമാര്‍ പറയുന്നു: ഞാനല്ല, ഉദയനാണ് താരം. സംവിധായകനാണ് സിനിമയുടെ താരമെന്ന യാഥാര്‍ഥ്യത്തെ ഒന്നൂന്നി പറയാന്‍ ഈ സിനിമയുടെ പല സന്ദര്‍ഭങ്ങളും ശ്രീനി ഉപയോഗിക്കുന്നുണ്ട്.

    ഒരു നവാഗത സംവിധായകന്റെ ചിത്രമാണ് ഉദയനാണ് താരം എന്ന് പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ പോലും തോന്നില്ല. സിനിമ എന്ന മാധ്യമത്തില്‍ നല്ല തഴക്കമുള്ള ഒരു സംവിധായകന്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഉദയനാണ് താരം എന്ന് പറയുമ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് എന്ന നവാഗത സംവിധായകന്‍ നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍ പെടുന്നു. ഈ ചിത്രം മനോഹരമായി ഒരുക്കിയതില്‍ റോഷന്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുണ്ട്.

    പല രംഗങ്ങളിലും മികച്ചൊരു സംവിധായകന്റെ കൈയൊതുക്കം റോഷന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പേര് പോലെ തന്നെ ഇതൊരു സംവിധായകന്റെ ചിത്രമാണ്. തന്റേതായ ശൈലിയും സങ്കല്പങ്ങളുമുള്ള ഒരു സംവിധായകനാണ് റോഷനെന്ന് പ്രഥമ ചിത്രത്തില്‍ തന്നെ വ്യക്തമാണ്.

    ഇത് സംവിധായകന്റെ ചിത്രമാണെന്ന് പറയാന്‍ പല കാരണങ്ങളുണ്ട്. റോഷന്റേതാണ് ചിത്രത്തിന്റെ കഥ. സാധാരണക്കാരന്റെ ജീവിതപരിസരങ്ങള്‍ പ്രമേയമാക്കിയിട്ടുള്ള ശ്രീനിയുടെ തൂലികയില്‍ നിന്നും ഇങ്ങനെയൊരു രചന ഉണ്ടായതിന് പിന്നില്‍ റോഷനാണെന്ന് പറയണം.

    മോഹന്‍ലാലിന്റെ ഈ തിരിച്ചുവരവിന് പിന്നില്‍ ഒരു സംവിധായകന്റെ മികവുണ്ട്. തന്റെ കഥാപാത്രത്തിന് ഇണങ്ങും വിധം ലാലിന്റെ മാനറിസങ്ങളെ ട്രിം ചെയ്തെടുക്കാന്‍ റോഷന് സാധിച്ചിട്ടുണ്ട്. മുകേഷും മീനയുമൊന്നും ഇതുപോലെ മുമ്പ് അഭിനയിച്ച് കണ്ടിട്ടില്ല. തന്റേതായ ശൈലിയില്‍ മാത്രം അഭിനയിച്ചുകണ്ടിട്ടുള്ള മുകേഷിനെ വ്യത്യസ്തമായ രീതിയിലാണ് റോഷന്‍ ഉപയോഗിച്ചിരിക്കുന്നത്.

    ഉദയനാണ് താരം ഒരു സംവിധായകന്റെ ചിത്രമാണ്. ഒപ്പം സംവിധായകന്റെ മനസറിഞ്ഞ് തിരക്കഥയൊരുക്കുക്കിയ തിരക്കഥാകൃത്തിന്റെയും നായകനായി വേഷപ്പകര്‍ച്ച നടത്തിയ നടന്റെയും ചിത്രമാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X