twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ അടൂരിന്റെ ചിത്രത്തില്‍

    By Staff
    |

    മമ്മൂട്ടിക്ക് രണ്ടു വട്ടം ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. മമ്മൂട്ടിക്ക് ലഭിച്ച ആദ്യത്തെ ദേശീയ അവാര്‍ഡിനായി പരിഗണിച്ചത് ഒരു വടക്കന്‍ വീരഗാഥയ്ക്കൊപ്പം അടൂരിന്റെ മതിലുകള്‍ എന്ന ചിത്രത്തിലെയും അഭിനയമാണ്. അടൂരിന്റെ വിധേയന്‍, ടി.വി.ചന്ദ്രന്റെ പൊന്തന്‍മാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് രണ്ടാമത്തെ ദേശീയ അവാര്‍ഡ് ലഭിച്ചത്.

    വിധേയനും മതിലുകളും കൂടാതെ അടൂരിന്റെ അനന്തരത്തിലും മമ്മൂട്ടി അഭിനയിച്ചു. മമ്മൂട്ടി എന്ന നടന്റെ കരിയറിലെ നാഴികക്കല്ലുകളായിരുന്നു ഈ ചിത്രങ്ങള്‍. അവാര്‍ഡ് നേട്ടത്തില്‍ കമലഹാസനൊപ്പം മുന്നില്‍ നില്‍ക്കാന്‍ മമ്മൂട്ടിയെ സഹായിച്ചതും അടൂരിന്റെ ഈ ചിത്രങ്ങളാണ്.

    മോഹന്‍ലാലിന് ആദ്യമായി ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ അവാര്‍ഡ് നിര്‍ണയം നടത്തിയ ജൂറി സമിതിയുടെ ചെയര്‍മാനായിരുന്നു അടൂര്‍. മോഹന്‍ലാലും അവാര്‍ഡും തമ്മിലുള്ള ബന്ധത്തിന് അടൂര്‍ ഒരു കണ്ണിയായത് അങ്ങനെ മാത്രം. മമ്മൂട്ടി മൂന്ന് അടൂര്‍ ചിത്രങ്ങളില്‍ അഭിനയിച്ചപ്പോഴും മോഹന്‍ലാലിന് അടൂരിന്റെ ഒരു ചിത്രത്തില്‍ പോലും അഭിനയിക്കാന്‍ അവസരം ലഭിച്ചില്ല. അരവിന്ദന്റെ വാസ്തുഹാരയിലൂടെ സമാന്തര സിനിമയില്‍ ഒരു നടനെന്ന നിലയില്‍ മോഹന്‍ലാല്‍ സാന്നിധ്യമറിയിച്ചപ്പോഴും ഒരു അടൂര്‍ ചിത്രം അദ്ദേഹത്തിന് അന്യമായി നിന്നു.

    മലയാള സിനിമയെ ആദ്യമായി ലോകസിനിമയുടെ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ അടൂരിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കുക എന്നത് മോഹന്‍ലാലിന്റെ ഏറെക്കാലമായുള്ള ആഗ്രഹമാണ്. ഒടുവില്‍ അത് സാധ്യമാവുന്നു. തകഴി കൃതികളെ ആസ്പദമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    നന്ദിതാദാസും പത്മപ്രിയയുമാണ് ചിത്രത്തിലെ നായികമാര്‍. പുനരധിവാസം, കണ്ണകി തുടങ്ങിയ മലയാളചിത്രങ്ങളില്‍ നായകിയായിട്ടുള്ള നന്ദിതാദാസ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് ആദ്യമായാണ്.

    നിഴല്‍ക്കുത്ത് എന്ന ചിത്രത്തിനു ശേഷം അടൂര്‍ ഒരുക്കുന്ന ചിത്രമാണിത്. ബഷീറിന്റെ മതിലുകള്‍ എന്ന കൃതിയെ ആസ്പദമാക്കി മതിലുകളും സക്കറിയയുടെ ഭാസ്കരപട്ടേലരും എന്റെ ജീവിതവും എന്ന നീണ്ടകഥയെ ആസ്പദമാക്കി വിധേയനും ഒരുക്കിയ അടൂര്‍ സാഹിത്യകൃതികളെ ആധാരമാക്കി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X