പുതിയ വേഷത്തിലും ഭാവത്തിലും ലാല്‍
പുതിയ വേഷത്തിലും ഭാവത്തിലും ലാല്‍
ഫിബ്രവരി 24, 2005
വേഷവിധാനത്തില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ രൂപഭാവങ്ങളില്‍ ഏറെ പരീക്ഷണം നടത്താത്ത നടനാണ് മോഹന്‍ലാല്‍. മമ്മൂട്ടിയെ പോലെ വേഷത്തിലും രൂപത്തിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ മോഹന്‍ലാല്‍ അധികം താത്പര്യം കാണിക്കാറില്ല. എന്നാല്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചന്ദ്രോത്സവം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് പുതിയ വേഷവും രൂപവുമാണ്.
പട്ടാളക്കാരെ പോലെ മുടി പറ്റെ വെട്ടി, ബാഗി കാര്‍ഗോ പാന്റ്സുമിട്ടാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്തതക്കായി ഒരു ഫ്രഞ്ച് താടിയുമുണ്ട്. ഇങ്ങനെയൊരു രൂപത്തില്‍ മോഹന്‍ലാലിനെ കാണുന്നത് ആദ്യമായാണ്.
പാരീസില്‍ നിന്നുമെത്തുന്ന ശ്രീഹരി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വേഷത്തിലും രൂപത്തിലും ഒരു നാഗരികന്റെ മട്ടിലുള്ള കഥാപാത്രം. അതിനായാണ് മോഹന്‍ലാല്‍ ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
നീണ്ട കാലം ജീവിച്ചത് പാരീസിലാണെങ്കിലും ശ്രീഹരി മനസുകൊണ്ട് ഇപ്പോഴും തനി നാട്ടിന്‍പുറത്തുകാരനാണ്. 15 വര്‍ഷത്തിന് ശേഷം ചിറക്കല്‍ തറവാട്ടില്‍ തിരിച്ചെത്തിയ അയാള്‍ ഒരു വലിയ സംഘം കൂട്ടുകാരോടൊപ്പമാണ് തന്റെ അവധി ദിവസങ്ങള്‍ ആഘോഷിക്കുന്നത്. നാട്ടിലെ പള്ളികളിലെയും ക്ഷേത്രങ്ങളിലെയും ഉത്സവങ്ങള്‍ക്കു പോയി രസിക്കുകയും രാത്രികളില്‍ മദ്യപിച്ച് ഉല്ലസിക്കുകയുമാണ് അവരുടെ പതിവ്. അങ്ങനെയിരിക്കവെയാണ് ചില അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ ശ്രീഹരിയുടെ ജീവിതത്തിലുണ്ടാകുന്നത്.
മീനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. രസികനിലൂടെ സിനിമയിലെത്തിയ സംവൃത ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീഹരിയുടെ സംഘത്തിലെ അംഗങ്ങളായി ജഗദീഷ്, കൊച്ചിന്‍ ഹനീഫ, അഗസ്റിന്‍, ശ്രീരാമന്‍, സന്തോഷ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്.


Click it and Unblock the Notifications