മറ്റുള്ളവര്‍ക്കായി അവര്‍ വീണ്ടും എഴുതുന്നു
മറ്റുള്ളവര്‍ക്കായി അവര്‍ വീണ്ടും എഴുതുന്നു
ഫിബ്രവരി 25, 2006
സംവിധാനരംഗത്തേക്കു കടന്നതിനു ശേഷം സിനിമകള്‍ പരാജയപ്പെട്ടത് മലയാളത്തിലെ മൂന്ന് പ്രഗത്ഭ തിരക്കഥാകൃത്തുക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നു. ആ ചിന്ത മറ്റുള്ളവര്‍ക്കായി തിരക്കഥയെഴുതാന്‍ വീണ്ടും പേനയെടുക്കുക എന്ന തീരുമാനത്തിലാണ് അവരെ കൊണ്ടെത്തിച്ചത്.
മലയാളത്തില്‍ ഒരു പിടി സൂപ്പര്‍ഹിറ്റുകള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ളവരാണ് ലോഹിതദാസും രഞ്ജിത്തും റാഫി മെക്കാര്‍ട്ടിനും. എന്നാല്‍ സംവിധാനരംഗത്തേക്കു തിരിഞ്ഞപ്പോള്‍ ഇവര്‍ക്ക് ചില തിരിച്ചടികള്‍ നേരിടേണ്ടിവന്നു.
സംവിധായകനായതിനു ശേഷം ഒരു സൂപ്പര്‍ഹിറ്റ് പോലും നേടിയെടുക്കാന്‍ ലോഹിതദാസിന് ആയിട്ടില്ല. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ കസ്തൂരിമാന്‍, ജോക്കര്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് ശരാശരി വിജയം നേടിയത്. ഒടുവിലൊരുക്കിയ ചക്രവും കസ്തൂരിമാന്റെ തമിഴ് റീമേക്കും ബോക്സോഫീസില്‍ മൂക്കും കുത്തി വീണതോടെ ഇനിയൊരു ചിത്രം ഉടന്‍ സംവിധാനം ചെയ്യുക എന്നത് ലോഹിതദാസിന് അത്രയെളുപ്പമല്ലാതായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മറ്റു സംവിധായകര്‍ക്കായി ലോഹിതദാസ് തിരക്കഥയെഴുതുന്നത്. സംവിധായക ജോഡികളായ പ്രമോദ് പപ്പന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ലോഹിതാദാസാണ് തിരക്കഥയെഴുതുന്നത്.
നരസിംഹം, ആറാം തമ്പുരാന്‍, വല്യേട്ടന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള രഞ്ജിത്തിന് സംവിധായകന്റെ മേലങ്കിയണിഞ്ഞതിനു ശേഷം രാവണപ്രഭു, നന്ദനം എന്നീ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തുടര്‍ന്ന് ഒരുക്കിയ മിഴി രണ്ടിലും, ബ്ലാക്ക്, ചന്ദ്രോത്സവം എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ രഞ്ജിത്തും മറ്റ് സംവിധായകര്‍ക്കായി തിരക്കഥയെഴുതുന്നു. മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് രഞ്ജിത്ത് തിരക്കഥയെഴുതുന്നത്.
പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം എന്നീ സൂപ്പര്‍ഹിറ്റുകളുടെ സംവിധായകരായ റാഫി മെക്കാര്‍ട്ടിന്‍ ഒടുവിലായി ചെയ്ത ചതിക്കാത്ത ചന്തു, പാണ്ടിപ്പട എന്നീ ചിത്രങ്ങള്‍ വലിയ വിജയമായില്ല. പുതിയ ചിത്രം സംവിധാനം ചെയ്യുന്നതിനു മുമ്പ് മറ്റൊരു സംവിധായകനു വേണ്ടി തിരക്കഥയെഴുതുകയാണ് ഈ തിരക്കഥാകൃത്ത് ജോഡി. ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാണ് ഇവര്‍ തിരക്കഥ രചിക്കുന്നത്.


Click it and Unblock the Notifications