സത്യനൊപ്പം പ്രേക്ഷകര്‍ക്ക് ഒരു വിനോദയാത്ര
സത്യന്‍ അന്തിക്കാട് ചിത്രമെന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ചിലതൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷകളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് പുതിയ ചിത്രത്തിന് സത്യന്‍ അന്തിക്കാട് നല്‍കിയിരിക്കുന്ന പേര്- വിനോദയാത്ര.
മുകേഷും ദിലിപും മീരാ ജാസ്മിനുമാണ് വിനോദയാത്രയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മീരാ ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാടിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണിത്.
ഷൂട്ടിംഗിനിടയിലോ ഷൂട്ടിംഗിന് ശേഷമോ മാത്രമാണ് സത്യന്‍ അന്തിക്കാട് തന്റെ ചിത്രങ്ങള്‍ക്ക് പേരിടാറുള്ളത്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. രസതന്ത്രത്തിനു ശേഷം സത്യന്‍ അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിനോദയാത്ര.
ചിത്രത്തിന്റെ അന്തിമഘട്ട ചിത്രീകരണം വടക്കാഞ്ചേരിയില്‍ മംഗലം ഡാമില്‍ പുരോഗമിക്കുകയാണ്. ഇന്നസെന്റ്, മുരളി, മാമുക്കോയ, വിജയരാഘവന്‍, നെടുമുടി വേണു, പാര്‍വതി, സീത, ശ്രീലത, സബിതാ ആനന്ദ്, രശ്മി നമ്പ്യാര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ആദ്യമായി എസ്.കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണ് വിനോദയാത്ര. വയലാര്‍ ശര്തചന്ദ്രവര്‍മയുടെ വരികള്‍ക്ക് ഇളയരാജ സംഗീതം പകരുന്നു. കലാസംഗത്തിന്റെ ബാനറില്‍ എം.എം.ഹംസയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications