ഉന്നതങ്ങളില്‍ പൂര്‍ത്തിയായി
ഉന്നതങ്ങളില്‍ പൂര്‍ത്തിയായി
ഫിബ്രവരി 27, 2001
മോഹന്‍ലാല്‍ അതിഥി താരമായി അഭിനയിക്കുന്ന ജോമോന്റെ ഉന്നതങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായി. മനോജ് കെ. ജയനാണ് നായകന്‍.
നേരത്തെ ധനുഷ്കോടി എന്നു പേരിട്ടിരുന്ന ഈ ചിത്രത്തില്‍ ആദ്യം സുരേഷ് ഗോപിയെയും ബിജു മേനോനെയുമായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം നീണ്ടു പോയതോടെ ജോമോന്‍ താരനിരയിലും കാര്യമായ മാറ്റം വരുത്തി. അങ്ങനെയാണ് സുരേഷ് ഗോപി ചെയ്യാനുറച്ച റോളിന് മോഹന്‍ലാലിനെ കരാറാക്കിയത്. ബിജു മേനോന്റെ റോള്‍ മനോജിനും.
ഒരു തുറമുഖത്തിന്റെ പശ്ചാത്തലത്തില്‍ അധോലോക സാമ്രാജ്യത്തിന്റെ പിന്നാമ്പുറങ്ങളിലെ കഥകളാണ് ജോമോന്‍ ഉന്നതങ്ങളില്‍ പറയുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ അധോലോകത്ത് സാമ്രാജ്യം സ്ഥാപിച്ച ശിവയാണ് ഉന്നതങ്ങളിലെ കഥാപാത്രം. അധോലോകത്തിന്റെ ഭാഗമാണെങ്കിലും ഉള്ളില്‍ നന്മയുമായി ജീവിക്കുന്നവനാണ് ശിവ.
ഒരിക്കല്‍ ശിവ മരണത്തെ മുഖാമുഖം കണ്ടപ്പോഴാണ് രക്ഷകന്റെ റോളില്‍ ഒരാളെത്തുന്നത്. നോക്കുകൊണ്ടും വാക്കുകൊണ്ടും ശത്രുവിനെ നോവിപ്പിക്കുന്ന രക്ഷകന്‍.
ശിവയെ അവതരിപ്പിക്കുന്നത് മനോജ് കെ. ജയനാണ്. രക്ഷകന്‍ മോഹന്‍ലാലും. ഒട്ടേറെ ചിത്രങ്ങളില്‍ അതിഥി വേഷങ്ങില്‍ എത്തി കൈയടി നേടിയ ചരിത്രമാണ് മോഹന്‍ലാലിനുള്ളത്. ഉന്നതങ്ങളിലും ഒരു നിര്‍ണായക സന്ധിയില്‍ രംഗത്തെത്തുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഗതിയെ തന്നെ സ്വാധീനിച്ചേക്കും.
ഇന്ദ്രജയാണ് നായിക. ലാല്‍, ജഗദീഷ്, സായ്കുമാര്‍, എന്‍.എഫ്. വര്‍ഗീസ്, മാമുക്കോയ, അഗസ്റിന്‍, മാള അരവിന്ദന്‍, അബുസലിം, കോച്ചനിയന്‍, പൂര്‍ണിമാ മോഹന്‍, ഗീതാ വിജയന്‍, ബിന്ദു രാമകൃഷ്ണന്‍ എന്നിവര്‍ അഭിനയിക്കുന്നു.
ജെഎംജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. പി.ജെ. എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ജോമോന്റേതു തന്നെയാണ്. തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് റോബിന്‍ തിരുമല. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍.


Click it and Unblock the Notifications