»   » കമല്‍-മമ്മൂട്ടി ചിത്രം രാപ്പകല്‍

കമല്‍-മമ്മൂട്ടി ചിത്രം രാപ്പകല്‍

Posted By:
Subscribe to Filmibeat Malayalam

കമല്‍-മമ്മൂട്ടി ചിത്രം രാപ്പകല്‍
ഫിബ്രവരി 27, 2005

മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാപ്പകല്‍ എന്ന് പേരിട്ടു. ഒരു ഇടവേളക്കു ശേഷമാണ് മമ്മൂട്ടിയും കമലും ഒന്നിക്കുന്നത്.

ഒരു വലിയ വീടും സ്വത്തുക്കളും നോക്കിനടത്തുന്ന കൃഷ്ണന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി രാപ്പകലില്‍ അവതരിപ്പിക്കുന്നത്. കൃഷ്ണന്‍കുട്ടി നോക്കിനടത്തുന്ന വീട്ടില്‍ ഒരു സ്ത്രീ മാത്രമാണുള്ളത്. അവരുടെ ബന്ധുക്കളൊക്കെ അന്യദേശങ്ങളില്‍ താമസിക്കുന്നു. ആ വീടിനെ അതിന്റെ ഉടമസ്ഥര്‍ക്ക് അറിയാവുന്നതിനേക്കാള്‍ കൃഷ്ണന്‍കുട്ടിക്കറിയാം. കൃഷ്ണന്‍കുട്ടിയും ആ വീടും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് രാപ്പകല്‍ പറയുന്നത്.

നേരത്തെ കമല്‍ ചിത്രത്തില്‍ മമ്മൂട്ടി ബസ് കണ്ടക്ടറായിട്ടാണ് അഭിനയിക്കുന്നതെന്നും ചിത്രത്തിന്റെ പേര് നേര് എന്നാണെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് കഥയും പേരുമൊക്കെ മാറ്റാന്‍ തീരുമാനിച്ചു.

മലയാളത്തിലെ പഴയകാല നടി ശാരദ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാലചന്ദ്രമേനോന്‍, ഇന്നസെന്റ്, കലാശാല ബാബു, സോനാ നായര്‍, പൂര്‍ണിമ, ലിഷോയ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം വേഷത്തിന് ശേഷം ടി. എ. റസാക്ക് തിരക്കഥ രചിക്കുന്ന ചിത്രമാണ് രാപ്പകല്‍. ഛായാഗ്രണം പി. സുകുമാര്‍. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. ഡ്രീം ടീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹൗളി പോട്ടൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് ഒന്നിന് കാഞ്ഞങ്ങാട് ആരംഭിക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X