കിലുകിലുക്കം സെന്‍സര്‍ കുരുക്കില്‍
കിലുകിലുക്കം സെന്‍സര്‍ കുരുക്കില്‍
ഫിബ്രവരി 27, 2006
മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. ഒരു കുതിരയുള്‍പ്പെട്ട രംഗമാണ് ചിത്രത്തെ സെന്‍സര്‍ കുരുക്കില്‍ കൊണ്ടെത്തിച്ചത്.
ജനവരി 24ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ പ്രദര്‍ശനം വൈകാന്‍ കാരണം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ്. പിഇടിഎ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഒഫ് ആനിമല്‍സ്) യുടെ അനുമതി ലഭിക്കാതെ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല.
അമീര്‍ഖാന്റെ രംഗ് ദി ബസന്തി എന്ന ഹിന്ദി ചിത്രം സമാനമായ വിവാദത്തില്‍ ഈയിടെ അകപ്പെട്ടിരുന്നു. ചിത്രത്തിലെ കുതിരയോട്ട രംഗമാണ് സെന്‍സര്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കാരണമായത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിനിമകളില്‍ മൃഗങ്ങളെ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
1973ലെ മൃഗങ്ങളെ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നതു സംബന്ധിച്ച ചട്ടം അനുസരിച്ച് വിനോദ ആവശ്യത്തിന് മൃഗങ്ങളെ ഉപയോഗിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരിക്കണം. പിഇടിഎയുടെ അനുമതിയില്ലാതെയാണ് മൃഗങ്ങളെ സിനിമയില്‍ ഉപയോഗിച്ചതെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാം.
കിലുകിലുക്കത്തില്‍ ഒരു കുതിര ഉള്‍പ്പെട്ട രംഗമാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസമാവുന്നത്. പിഇടിഎയുടെ അനുമതി കിട്ടാതെ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. കിലുകിലുക്കത്തിന്റെ നിര്‍മാതാക്കള്‍ പിഇടിഎയുടെ അനുമതി തേടാനുള്ള ശ്രമിത്തിലാണ്. അതല്ലെങ്കില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിന് കുതിര ഉള്‍പ്പെട്ട രംഗം മുറിച്ചുമാറ്റണം.
സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത കിലുകിലുക്കം പ്രിയദര്‍ശന്റെ സൂപ്പര്‍ഹിറ്റ് ചിത്രം കിലുക്കത്തിന്റെ രണ്ടാം ഭാഗമാണ്. മോഹന്‍ലാലും ജഗതി ശ്രീകുമാറും അതിഥിവേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യയും കാവ്യാ മാധവനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications