അനുപമയായ മീരാ ജാസ്മിന്‍
ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം മീരാ ജാസ്മിന്‍ നായികയായ ചിത്രം വീണ്ടും വിഷുവിന് കേരളത്തിലെ തിയേറ്ററുകളിലെത്തും. കഴിഞ്ഞ വര്‍ഷം വിഷുവിന് റിലീസ് ചെയ്ത സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രത്തിലാണ് ഒടുവിലായി മലയാളി പ്രേക്ഷകര്‍ മീരാ ജാസ്മിനെ കണ്ടത്. ഈ വര്‍ഷം വിഷുവിന് റിലീസ് ചെയ്യുന്ന സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം വിനോദയാത്രയില്‍ നായികയായി മീര വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.
രസതന്ത്രത്തിലെന്ന പോലെ ഏറെ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രത്തെയാണ് മീര വിനോദയാത്രയിലും അവതരിപ്പിക്കുന്നത്. ജീവിതത്തോട് പൊരുതി ജീവിക്കുന്ന അനുപമ എന്ന കഥാപാത്രമായാണ് മീര വേഷമിടുന്നത്.
ജീവിതത്തില്‍ ഒട്ടേറെ തിക്താനുഭവങ്ങള്‍ അനുപമക്ക് നേരിടേണ്ടിവന്നു. പക്ഷേ ജീവിതത്തിലെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. ദുര്‍ഘടമായ പരീക്ഷണങ്ങളെ അതിജീവിക്കാനുള്ള കരുത്ത് അവള്‍ ഉള്ളില്‍ സൂക്ഷിച്ചു.
തിക്താനുഭവങ്ങളെ നേരിടാന്‍ ശരീരവും മനസും അവള്‍ പാകപ്പെടുത്തിയിരിക്കുന്നു. എഞ്ചിനീയറിംഗ് പഠനം പോലും ഉപേക്ഷിച്ചാണ് അവള്‍ ഇന്ന് തന്റെ കുടുംബത്തെ നോക്കുന്നത്. ജീവിതത്തെ വെറും തമാശയായി കണ്ടു കഴിയുന്ന അച്ഛനെയും അമ്മയെയും ചേച്ചിയെയും സംരക്ഷിക്കാനുള്ള ചുമതല ഇന്ന് അവളുടെ തലയിലാണ്. ജീവിതമാര്‍ഗത്തിനായി കൃഷിപ്പണി ചെയ്യുമ്പോള്‍ അതിലൊന്നും അവള്‍ക്ക് അപകര്‍ഷതാബോധമോ നിരാശയോ ഇല്ല.
അനുപമയിലെ ഈ നന്മയെ തിരിച്ചറിയുന്നത് ജീവിതത്തെ യാതൊരു ഉത്തരവാദിത്തബോധവുമില്ലാതെ കാണുന്ന വിനോദ് എന്ന ചെറുപ്പക്കാരനാണ്. അനുപമയില്‍ നിന്ന് വിനോദ് പലതും പഠിച്ചു. ഇരുവരുടെയും കൂടിക്കാഴ്ച അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു.
വിനോദായി വേഷമിടുന്നത് ദിലീപാണ്. മുകേഷ്, മുരളി, ഇന്നസെന്റ്, മാമുക്കോയ, സീത, പാര്‍വതി എന്നിവര്‍ പ്രധാനനവേഷങ്ങളിലെത്തുന്ന വിനോദയാത്രയുടെ തിരക്കഥ രചിച്ചിരിക്കുന്നത് സത്യന്‍ അന്തിക്കാട് തന്നെയാണ്.


Click it and Unblock the Notifications