ഒത്തുതീര്‍പ്പില്ല; അമ്മ താരനിശയ്ക്ക്
ഒത്തുതീര്‍പ്പില്ല; അമ്മ താരനിശയ്ക്ക്
ഫിബ്രവരി 28, 2004
കൊച്ചി: ഏഷ്യാനെറ്റുമായി ചേര്‍ന്ന് മാര്‍ച്ച് ഏഴിന് നടത്താനിരിയ്ക്കുന്ന താരനിശ മാറ്റിവയ്ക്കണമെന്ന ഫിലിംചേംബറിന്റെ നിര്‍ദേശം താരങ്ങളുടെ സംഘടനയായ അമ്മ തള്ളി.
കഴിഞ്ഞ ദിവസങ്ങളില്‍ സംവിധായകരുടെ സംഘടനയായ മാക്ടയുടെ മധ്യസ്ഥതയില്‍ പ്രശ്നം ഒത്തുതീര്‍ക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. താരങ്ങള്‍ താരനിശയില്‍ പങ്കെടുക്കുന്നതു മൂലം തീയറ്ററില്‍ ആളെത്തുന്നില്ല എന്നതാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയായ ഫിലിംചേംബറിന്റെ പരാതി. അതിനാല്‍ മാര്‍ച്ച് ഏഴിന് ഏഷ്യാനെറ്റുമായി ചേര്‍ന്ന് അമ്മ നടത്താന്‍ നിശ്ചയിച്ച താരനിശ മാറ്റിവയ്ക്കണമെന്ന് ഫിലിം ചേംബര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കഷ്ടപ്പെടുന്ന സിനിമാതാരങ്ങളെ സഹായിക്കാന്‍ വേണ്ടി നടത്തുന്ന താരനിശ എല്ലാ ഒരുക്കങ്ങളും നടത്തിയ ശേഷം ഇനി മാറ്റിവയ്ക്കാനാവില്ലെന്ന നിലപാടായിരുന്നു അമ്മയ്ക്ക്. താരനിശ നടത്തിയാല്‍ ഇനിയുള്ള സിനിമകളുടെ വിതരണം നിര്‍ത്തിവയ്ക്കുമെന്നാണ് ഫിലിം ചേംബറിന്റെ ഭീഷണി. അങ്ങിനെയെങ്കില്‍ മലയാള സിനിമ വലിയൊരു പ്രതിസന്ധിയില്‍ അകപ്പെടും.
മാര്‍ച്ച് ഏഴിന് കൊച്ചിയില്‍ നടത്തുന്ന താരനിശയോടെ മാക്ടയും ഫിലിം ചേംബറും സഹകരിയ്ക്കുമെന്നാണ് കരുതുന്നതെന്നും അമ്മയുടെ ഭാരവാഹികള്‍ പറഞ്ഞു.


Click it and Unblock the Notifications