»   » മച്ചാന്‍ വര്‍ഗ്ഗീസ് അന്തരിച്ചു

മച്ചാന്‍ വര്‍ഗ്ഗീസ് അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam
Machan Varheese
മലയാള സിനിമയില്‍ ഒട്ടേറെ ഹാസ്യകഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ നടന്‍ മച്ചാന്‍ വര്‍ഗ്ഗീസ്(47) അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ എല്‍സി.

അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായിരുന്നു. കഴിഞ്ഞ വര്‍ഷാവസാനം എംഎ നിഷാദ് സംവിധാനം ചെയ്ത ബെസ്റ്റ് ഓഫ് ലക്കാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ബോംബെ മിഠായി ആണ് പുറത്തിറങ്ങാനുള്ള ചിത്രം.

തൊണ്ണൂറുകളുടെ അവസാനം കൊച്ചി കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന മിമിക്രി-നാടക കലാകാരന്മാരില്‍ ഒരാളായിരുന്നു മച്ചാന്‍ വര്‍ഗ്ഗീസ്. എം.എല്‍.വര്‍ഗീസ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. മിമിക്രിയിലൂടെ പ്രശസ്തനായ മച്ചാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത് 1993ല്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത പ്രവാചകന്‍ എന്ന സിനിമയിലൂടെയാണ്. ഇതിന് ശേഷം ടോം ആന്റ് ജെറി, കാബൂളിവാല എന്ന സിനിമകളില്‍ മുഖംകാണിച്ചെങ്കിലും നടനെന്ന നിലയില്‍ മച്ചാനെ ഏറെ സാഹായിച്ചില്ല.

ഇതിന് ശേഷം 95ല്‍ മാണി സി കാപ്പന്‍ സംവിധാനം ചെയ്ത മാന്നാര്‍ മത്തായി എന്ന ചിത്രമാണ് മച്ചാന്‍ വര്‍ഗ്ഗീസിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. മലയാളത്തില്‍ അക്കാലത്ത് സജീവമായ ചെറുപ്പക്കാരായ ഹാസ്യസംവിധായകരെല്ലാം മച്ചാന് അവസരങ്ങള്‍ നല്‍കി.

റാഫി മെക്കാര്‍ട്ടിന്‍മാരുടെയും സിദ്ദിഖ് ലാലുമാരുടെയുമൊക്കെ ഹിറ്റ് ചിത്രങ്ങളിലെ ഹാസ്യരംഗങളില്‍ പ്രത്യക്ഷപ്പെട്ടതോടെ മച്ചാന്‍ പ്രശസ്തിയിലേക്കുയര്‍ന്നു. അമ്പതിലധികം ചിത്രങ്ങളില്‍ നര്‍മ്മപ്രധാന വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു. പുതുക്കോട്ടയിലെ പുതുമണവാളന്‍, മാന്നാര്‍ മത്തായി സ്പ്ക്കീങ്, ഹിറ്റ്ലര്‍, ഫ്രണ്ട്സ്, മലയാളി മാമന് വണക്കം, സിഐജി മൂസ, കുഞ്ഞിക്കൂനന്‍, ചതിയ്ക്കാത്ത ചന്തു, തൊമ്മനും മക്കളും, പഞ്ചാബിഹൗസ്, മീശമാധവന്‍, തിളക്കം , തെങ്കാശിപ്പട്ടണം, പാപ്പി അപ്പച്ച തുടങ്ങിയ ഹാസ്യ ചിത്രങ്ങളിലെല്ലാം തന്റേതായ സാന്നിധ്യം രേഖപ്പെടുത്താന്‍ മച്ചാന്‍ വര്‍ഗ്ഗീസിന് കഴിഞ്ഞിരുന്നു. റാഫി മെക്കാര്‍ട്ടിന്‍, ഷാഫി, ജോണി ആന്റണി, ലാല്‍ജോസ്, സിദ്ദിഖ് ലാല്‍ എന്നീ സംവിധായകരുടെ സിനിമകളിലാണ് നടന് ഏറ്റവും മികച്ച അവസരങ്ങള്‍ ലഭിച്ചത്. ഭാര്യ എല്‍സി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam