»   » തിലകന്‍ മലയാള സിനിമയുടെ ശാപമാണെന്ന് ക്യാപ്റ്റന്‍

തിലകന്‍ മലയാള സിനിമയുടെ ശാപമാണെന്ന് ക്യാപ്റ്റന്‍

Posted By:
Subscribe to Filmibeat Malayalam
Captain Raju
കൊച്ചി: തിലകന്‍ മലയാള സിനിമയുടെ ശാപമാണെന്ന് നടന്‍ ക്യാപ്റ്റന്‍ രാജു. മലയാള സിനിമയുടെ കൊലപതിയെന്ന വിശേഷണമാണ് അദ്ദേഹത്തിന് കൂടുതല്‍ ഇണങ്ങുകയെന്നും രാജു പറഞ്ഞു. തിലകന്‍ അഭിനയിക്കുന്നതുകൊണ്ടാണ് വിനയന്റെ പുതിയ ചിത്രത്തില്‍നിന്നു താന്‍ പിന്മാറിയതെന്നും അഡ്വാന്‍സ് വാങ്ങിയ 50,000 രൂപ തിരിച്ചേല്‍പ്പിച്ചെന്നും രാജു പറഞ്ഞു.

വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയില്‍ പങ്കെടുക്കാനെത്തിയ തന്നെ പരസ്യമായി അധിക്ഷേപിച്ച തിലകന്റെ നടപടി വിശദീകരിച്ചു കൊണ്ട നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജു രൂക്ഷമായ വാക്കുകള്‍ കൊണ്ട് തിലകനെ ആക്രമിച്ചത്.

തിലകന്റെ കാഴ്ചപ്പാടില്‍ വൃത്തികേടുകാണിക്കുന്നവരാണ് മിടുക്കന്മാര്‍. എല്ലാവരെക്കുറിച്ചും മോശമായ അഭിപ്രായമാണ് തിലകനുള്ളത്. തിലകന്റെ പ്രവര്‍ത്തികള്‍ പുറത്തു പറഞ്ഞാല്‍ താന്‍ തിലകനേക്കാള്‍ നികൃഷ്ടനാകും. അമ്മയില്‍ ആജീവനാന്ത അംഗത്വമുള്ള തന്നെ ആരും വിലക്കിയിട്ടില്ല. ഫെഫ്കയിലും അംഗത്വമുണ്ട്. മൂന്നുവര്‍ഷം അമ്മയുടെ വൈസ് പ്രസിഡന്റായിരുന്ന താന്‍ ഇപ്പോഴും അമ്മയുടെ ഭാഗമാണ്.

തിലകനെ വിലക്കിയ നടപടി ഹീനവും നീചവുമാണെന്ന് വാദിച്ചയാളാണ് താന്‍. തിലകന്‍ മികച്ച നടനാണ്. പക്ഷേ നല്ല മനുഷ്യനല്ല. താന്‍ അവതരിപ്പിച്ച അരിങ്ങോടരോ പവനായിയോ പോലുള്ള ഒരു വേഷം ചെയ്യാന്‍ തിലകനാകുമോയെന്നും ക്യാപ്റ്റന്‍ രാജു വെല്ലുവിളിച്ചു. വിരിഞ്ഞ നെഞ്ചും സ്വര്‍ണനിറവും ഉള്ള ആളെയാണ് അരിങ്ങോടരായി എംടി സങ്കല്‍പ്പിച്ചത്.  ആ റോളില്‍ തിലകന്‍ വന്നാല്‍ എങ്ങനെയിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂവെന്നും രാജു പരിഹസിച്ചു.

പുതിയ ചിത്രത്തിന്റെ പൂജാചടങ്ങിലാണ് അനാവശ്യമായ ആരോപണങ്ങളുന്നയിച്ചത്. വിനയന്‍ വിളിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ മോശം ആരോപണങ്ങളുന്നയിച്ച തിലകനെ തടയാന്‍ വിനയന്‍ ശ്രമിച്ചില്ല. വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ വാങ്ങിയ അഡ്വാന്‍സ് തുക മടക്കിനല്‍കി. തിലകന്‍ അഭിനയിക്കുന്ന ഒരു സിനിമയുമായും ഇനി സഹകരിക്കില്ല. ഒരു പട്ടാളക്കാരനായിരുന്ന തിലകന്‍ ഉയര്‍ന്ന റാങ്കിലുള്ള തന്നെ ആക്ഷേപിക്കാന്‍ പാടില്ലായിരുന്നുവെന്നും ക്യാപ്റ്റന്‍ രാജു പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam