മോഹന്‍ലാലിന് സരോജ് കുമാറിന്റെ ഭാഷ?

കഴിഞ്ഞ കുറെക്കാലമായി ലാലിനെ നേരിട്ട് പ്രാപ്യമല്ലെന്നൊരു പരാതി മലയാള സിനിമാനിര്‍മാതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. മോഹന്‍ലാലിനോട് പുതിയൊരു പ്രൊജക്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെങ്കില്‍ നടന്റെ മാനേജരായ ആന്റണി പെരുമ്പാവൂര്‍ വഴി മാത്രമേ കഴിയുന്നുള്ളൂവെന്നാണ് ആക്ഷേപം.
ലാലിന്റെ കടുത്ത ആരാധകന്‍ കൂടിയായ ആന്റണിയ്ക്ക് ബോധിയ്ക്കുന്ന കഥ മാത്രമേ ലാല്‍ കേള്‍ക്കാറുള്ളൂവെന്നും നിര്‍മാതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നു. 23 വര്‍ഷമായി ലാലിന്റെ സന്തതസഹചാരിയായി വര്‍ത്തിയ്ക്കുന്ന ആന്റണി പെരുമ്പാവൂര്‍ നേതൃത്വം നല്‍കുന്ന ആശീര്‍വാദ് പ്രൊഡക്ഷന്റെ സിനിമകള്‍ക്കാണ് ലാല്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന ആക്ഷേവും അവര്‍ക്കുണ്ട്. ഇക്കാര്യങ്ങളിലാണ് വിശദീകരണവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുന്നത്,.
ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഇതില്‍ പുതുതായൊന്നുമല്ല. കഴിഞ്ഞ കുറെക്കാലമായി ഇതേപ്പറ്റി കേള്‍ക്കുന്നു. എനിയ്ക്ക് മുന്നില്‍ വരുന്ന എല്ലാ പ്രൊജക്ടുകളുമായും സഹകരിയ്ക്കാന്‍ എനിയ്ക്കാവില്ല. ഞങ്ങള്‍ക്കൊരു നിര്‍മാണ കമ്പനിയുണ്ട്. അതുകൊണ്ടു തന്നെ അതിന്റെ പ്രൊജക്ടുകള്‍ക്ക് പ്രാധാന്യം നല്‍കാറുമുണ്ട്. എന്നെയാര്‍ക്കും സമീപിച്ച് കഥ പറയാം, നല്ല പ്രൊജക്ടാണെങ്കില്‍ അതുമായി സഹകരിയ്ക്കും-ലാല്‍ വ്യക്തമാക്കി.
എന്നാല്‍ മോഹന്‍ലാല്‍ ഇതുപറയുമ്പോള്‍ ഉദയനാണ് താരത്തില്‍ സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍ മാനേജര്‍ പച്ചാളം ഭാസിയോട് പറഞ്ഞ വാക്കുകള്‍ ചിലരുടെയെങ്കിലും ഓര്‍മയില്‍ വരാതിരിയ്ക്കില്ല, ഞാന്‍ തന്നെ സിനിമയെടുത്ത് ഞാന്‍ തന്നെ അഭിനയിച്ച് ഞാന്‍ തന്നെ വിതരണം ചെയ്ത്....


Click it and Unblock the Notifications