»   » മുകേഷിന്റെ മൗനം ശരിയല്ല: ജഗതി ശ്രീകുമാര്‍

മുകേഷിന്റെ മൗനം ശരിയല്ല: ജഗതി ശ്രീകുമാര്‍

Posted By:
Subscribe to Filmibeat Malayalam
Jagathy
മലയാള ചലച്ചിത്രലോകത്ത് മറ്റൊരു താരപ്പോരിന് വഴിതുറക്കുന്നു. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ നടന്‍ മുകേഷിനെതിരെ മുതിര്‍ന്ന താരം ജഗതി ശ്രീകുമാര്‍ രംഗത്തെത്തിയതോടെയാണ് പുതിയ താരപ്പോരിന് വഴിതുറക്കുന്നത്.

അക്കാദമിയുടെ പ്രഥമ പുരസ്‌കാരം ബംഗാളിയായ ബാദല്‍ സര്‍ക്കാറിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ജഗതിയുടെ രംഗപ്രവേശം. ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മുകേഷിനെതിരെ കടുത്തഭാഷയിലാണ് ജഗതി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ചെയര്‍മാന്‍ കസേരയില്‍ ചടഞ്ഞുകൂടിയിരിക്കാതെ മുകേഷിന് രാജിവച്ച് പോയ്ക്കൂടേ എന്നാണ് ഹസ്യതാരത്തിന്റെ ചോദ്യം. ബാദല്‍ സര്‍ക്കാരിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നല്‍കിയതിനെതിരെ താന്‍ നിയമനടപടി സ്വീകരിക്കാന്‍ പോവുകയാണെന്നും ജഗതി അറിയിച്ചു.

ബംഗാളി നാടക കലാകാരനായ ബാദല്‍ സര്‍ക്കാരിനോട് എനിക്ക് ഒരു വിരോധവുമില്ല. ബംഗാളിലെ ഏറ്റവും വലിയ കലാകാരന്‍മാരില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ കേരള സംഗീത നാടക അക്കാദമിയുടെ ലക്ഷ്യം കേരളത്തിലെ കലാപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുമാണ്-ജഗതി ചൂണ്ടിക്കാട്ടി.

മലയാള നാടക പാരമ്പര്യവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് മുകേഷിന്റെ കലാജീവിതം. അതു മറന്നുകൊണ്ടാണ് ബംഗാളി കലാകാരനായ ബാദല്‍ സര്‍ക്കാരിന് മൂന്നുലക്ഷം രൂപയുടെ അവാര്‍ഡ് കൊടുക്കാന്‍ കേരള സംഗീത നാടക അക്കാദമി തീരുമാനിച്ചത്.

ചെയര്‍മാനായ മുകേഷ് ഇതറിഞ്ഞില്ല എന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ അറിവോടെയല്ല ബംഗാളിക്ക് അവാര്‍ഡ് നല്‍കിയതെങ്കില്‍ പ്രതികരിക്കാന്‍ എന്തിനു മടിക്കണം? എം എ ബേബിയെ മുകേഷ് എന്തിനാണ് ഭയപ്പെടുന്നത്? അതോ ഭാവിയില്‍ മറ്റ് പല സ്ഥാനങ്ങളും ലഭിക്കുന്നതിനു വേണ്ടിയാണോ മുകേഷ് മൗനം നടിക്കുന്നത്? ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്- ജഗതി പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam