»   » കാണാകണ്‍മണി കണ്ണിലെ കരടാവുമോ?

കാണാകണ്‍മണി കണ്ണിലെ കരടാവുമോ?

Posted By:
Subscribe to Filmibeat Malayalam
Kanakkanmani
2009 സെപ്‌റ്റംബര്‍ 4- ജയറാമിനെ നായകനാക്കി മോസര്‍ ബെയര്‍ എന്റര്‍ടൈന്‍മെന്റ്‌ നിര്‍മ്മിച്ച കാണാന്‍കണ്‍മണി തിയറ്ററുകളിലെത്തി. (ഇരുപത്തിയാറു ദിവസത്തിന്‌ ശേഷം) സെപ്‌റ്റംബര്‍ 30- കാണാകണ്‍മണിയുടെ ഡിവിഡികള്‍ മോസര്‍ബെയര്‍ വിപണിയിലെത്തിച്ചു.

പരമ്പരാഗത ശൈലികളെ വെല്ലുവിളിച്ചു കൊണ്ട്‌ ഇന്ത്യന്‍ വിനോദ വിപണി രംഗത്തെ വമ്പന്‍മാരായ മോസര്‍ ബെയര്‍ കമ്പനിയുടെ പുതിയ കരുനീക്കം മലയാളസിനിമയെ ഞെട്ടിച്ചിരിയ്‌ക്കുകയാണ്‌. സമ്മിശ്ര പ്രതികരണം നേടിയ കാണാകണ്‍മണി റിലീസിങ്‌ കേന്ദ്രങ്ങളില്‍ നിന്നും ബി-സി കേന്ദ്രങ്ങളിലേക്ക്‌ ഷിഫ്‌റ്റ്‌ ചെയ്യുന്നതും കാത്തിരുന്ന സെക്കന്റ്‌ ക്ലാസ്‌ തിയറ്ററുടമകളെല്ലാം ഇപ്പോള്‍ വലിയ നിരാശയിലാണ്‌. വൈഡ്‌ റിലീസിലൂടെ ലോങ്‌ റണ്‍ പ്രതീക്ഷകള്‍ക്ക്‌ മങ്ങലേറ്റെങ്കിലും സിനിമ റിലീസ്‌ ചെയ്‌ത്‌ ഒരു മാസം തികയും മുമ്പെ ഡിവിഡി ഇറങ്ങിയത്‌ ഫസ്റ്റ്‌ ക്ലാസ്‌ തിയറ്റര്‍ ഉടമകളെയും അലോസരപ്പെടുത്തുന്നു. മലയാളത്തില്‍ പണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സിനിമകളുടെ സിഡികളും കാസറ്റുകളും ഇറങ്ങിയിരുന്നത്. ഇപ്പോള്‍ ചുരുങ്ങിയത് 100 ദിവസത്തെ ഇടവേള നിലനിര്‍ത്തിയെങ്കിലുമാണ് നിര്‍മാതാക്കള്‍ ഡിവിഡി റൈറ്റുകള്‍ നല്‍കുന്നത്. അതൊക്കെയാണിപ്പോള്‍ തിരുത്തിക്കുറിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ഹോളിവുഡ്‌-ബോളിവുഡ്‌ ശൈലിയില്‍ സിനിമയിറങ്ങി ഒരു മാസം തികയും മുമ്പെ ഡിവിഡികള്‍ വിപണയിലെത്തിയ്‌ക്കുന്നത്‌ മലയാള സിനിമയ്‌ക്ക്‌ ഗുണകരമാവില്ലെന്നാണ്‌‌ ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. ചലച്ചിത്രരംഗത്തെ കുത്തകവത്‌ക്കരണത്തിന്റെ ദോഷഫലങ്ങളാണിതെന്നും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.

അതേ സമയം ഇതിനൊരു മറുവശമുണ്ട്‌. സിനിമ പ്രതീക്ഷിച്ച വിജയം കൊയ്‌തില്ലെങ്കില്‍ ഡിവിഡി പെട്ടെന്ന്‌ തന്നെ വിപണിയിലെത്തിയ്‌ക്കുന്നതില്‍ തെറ്റില്ലെന്നാണ്‌ മോസര്‍ ബെയര്‍ പറയുന്നത്‌. വ്യാജസിഡി മാഫിയ കൊടികുത്തി വാഴുമ്പോള്‍ ഒറിജിനല്‍ ഡിവിഡികള്‍ പെടുന്നനെ വിപണിയിലെത്തിയ്‌ക്കുന്നത്‌ നിര്‍മാതാവിന്‌ ഗുണകരമാവുമെന്നാണ് മോസര്‍ ബെയറിന്റെ അവകാശവാദം. ഓര്‍ക്കുക മോസര്‍ ബെയര്‍ നിര്‍മ്മിച്ച ആദ്യ മലയാള ചിത്രങ്ങളിലൊന്നാണ് കാണാകണ്‍മണി.

മോസര്‍ ബെയര്‍ പറയുന്നതിലും കാര്യമില്ലാതില്ല, റംസാന്‍ ചിത്രങ്ങളുടെയെല്ലാം വ്യാജന്‍ വീടുകളിലെത്തിക്കഴിഞ്ഞു. ഉന്നൈപ്പോല്‍ ഒരുവന്‍, വൈരം, ലൗഡ്‌ സ്‌പീക്കര്‍, റോബിന്‍ഹുഡ്‌ ഈ സിനിമകളുടെ തരക്കേടില്ലാത്ത പ്രിന്റുകള്‍ തെരുവുകളില്‍ സുലഭമാണ്‌. ഉന്നൈപ്പോല്‍ ഒരുവന്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു മൂന്ന്‌ മലയാള സിനിമകളുടെ വ്യാജന്‍ ഇറങ്ങിയതിലൂടെ പത്ത്‌ കോടിയുടെ നഷ്ടമാണ്‌ മലയാള സിനിമയ്‌ക്ക്‌ ഉണ്ടായിരിക്കുന്നതെന്ന്‌ വിലയിരുത്തപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ്‌ മോസര്‍ ബെയര്‍ തങ്ങളുടെ നടപടികളെ ന്യായീകരിയ്‌ക്കുന്നത്‌.

എന്തായാലും ചൂടപ്പം പോലെ കാണാകണ്‍മണിയുടെ ഡിവിഡി പുറത്തിറക്കിയ മോസര്‍ ബെയറിന്റ നടപടിയെ ചോദ്യം ചെയ്യാന്‍ തിയറ്ററുടമകളും വിതരണക്കാരും തരുമാനിച്ചു കഴിഞ്ഞു. ഇങ്ങനെ ഡിവിഡി പുറത്തിറക്കിയാല്‍ തിയറ്ററുകള്‍ തുറന്നുവെച്ചിരിയ്‌ക്കുന്നത്‌ എന്തിനാണെന്നാണ്‌ അവരുടെ ചോദ്യം!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam