റണ്‍വേ സൂപ്പര്‍ഹിറ്റെന്ന് ദിലീപ്
റണ്‍വേ സൂപ്പര്‍ഹിറ്റെന്ന് ദിലീപ്
മാര്‍ച്ച് 01, 2005
കഴിഞ്ഞ വര്‍ഷം മെച്ചപ്പെട്ട ബോക്സോഫീസ് പ്രകടനം കാഴ്ചവച്ച റണ്‍വേ പരാജയമായി ചിത്രീകരിക്കുന്നതിനോട് ദിലീപിന് പ്രതിഷേധം. റണ്‍വേ വന്‍വിജയമാണെന്നും മാധ്യമങ്ങള്‍ സൂപ്പര്‍ഹിറ്റായി ചിത്രീകരിച്ച കഴിഞ്ഞ വര്‍ഷത്തെ പല ചിത്രങ്ങളേക്കാളും റണ്‍വേ കളക്ഷന്‍ നേടിയിട്ടുണ്ടെന്നും ദിലീപ് അവകാശപ്പെടുന്നു.
ഇക്കാര്യത്തില്‍ ദിലീപും നിര്‍മാതാവും വിതരണക്കാരനുമായ ലിബര്‍ട്ടി ബഷീറും തമ്മില്‍ ഒരു തര്‍ക്കം തന്നെയുണ്ടായി. റണ്‍വേ വന്‍പരാജയമാണെന്ന് അതിന്റെ നിര്‍മാതാവ് തന്നോട് വെളിപ്പെടുത്തിയതായി ബഷീര്‍ പറഞ്ഞത് ദിലീപിനെ ചൊടിപ്പിക്കുക തന്നെ ചെയ്തു. കണക്കുകള്‍ നിരത്തിയാണ് ദിലീപ് ഇതിന് മറുപടി പറയുന്നത്.
491 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ച റണ്‍വേയുടെ കളക്ഷന്‍ 3.03 കോടി രൂപയാണെന്ന് ദിലീപ് പറയുന്നു. ചിത്രത്തിന്റെ മൊത്തം ചെലവ് 2.10 കോടിയാണ്. അതിന്റെയര്‍ഥം ചിത്രം സൂപ്പര്‍ഹിറ്റാണെന്നാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ അഞ്ച് ചിത്രങ്ങളിലൊന്നാണ് റണ്‍വേ. പിന്നെ എന്തടിസ്ഥാനത്തിലാണ് ചിത്രം പരാജയമാണെന്ന് പ്രചരിപ്പിക്കുന്നതെന്ന് ദിലീപ് ചോദിക്കുന്നു.
ഏതായാലും ദിലീപിന്റെ ഈ കണക്കുനിരത്തല്‍ ഹിറ്റുകളുടെയും സൂപ്പര്‍ഹിറ്റുകളുടെയും എണ്ണമെടുക്കുന്നതിലെ മാധ്യമങ്ങളുടെ മാനദണ്ഡങ്ങളെ കുറിച്ച് ചില ചോദ്യങ്ങളുയര്‍ത്തിയിട്ടുണ്ട്. കൃത്യമായ കളക്ഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലല്ല ചിത്രങ്ങളെ ഹിറ്റുകളുടെയും പരാജയങ്ങളുടെയും പട്ടികയില്‍ പെടുത്തുന്നതെന്നാണ് ദിലീപിന്റെ ആരോപണം.


Click it and Unblock the Notifications