twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിഭിന്നവേഷങ്ങളുമായി ലാല്‍

    By Staff
    |

    കഴിഞ്ഞ വര്‍ഷം സൂപ്പര്‍ഹിറ്റുകളിലൂടെ ഏറ്റവുമേറിയ വിജയങ്ങള്‍ നേടിയവരില്‍ ഒന്നാമതെത്തിയതെങ്കിലും അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളൊന്നും മോഹന്‍ലാലിന് ലഭിച്ചിരുന്നില്ല. കീര്‍ത്തിചക്രയിലെ സൈനിക ഓഫീസറുടെ കഥാപാത്രം മാത്രമാണ് മോഹന്‍ലാലിന് ലഭിച്ച വ്യത്യസ്തമായ വേഷം.

    2007ലും വിജയചിത്രങ്ങളുടെ എണ്ണത്തില്‍ ഒന്നാമനായി മോഹന്‍ലാലിന് തുടരാനാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. മായാവിയുടെ വന്‍വിജയത്തോടെ മമ്മൂട്ടി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നാല്‍ ഒരു കാര്യം തീര്‍ച്ചയാണ്. 2007ല്‍ മോഹന്‍ലാലിന്റെ വളരെ വ്യത്യസ്തവും അഭിനയപ്രധാനവുമായ വേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാനാവും.

    ഷോലെയിലും പരദേശിയിലും ആകാശഗോപുരത്തിലും ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഷോലെയിലെ നരസിംഹന്‍, പരദേശിയിലെ നാലകത്ത് മൂസ, ആകാശഗോപുരത്തിലെ ആല്‍ബര്‍ട്ട് സാംസഗ്... ഒന്നിനൊന്ന് വ്യത്യസ്തവും ഒരു നടന്റെ അഭിനയശേഷിക്ക് വെല്ലുവിളിയുമാവുന്ന മൂന്ന് കഥാപാത്രങ്ങള്‍. മോഹന്‍ലാലിന്റെ വിഭിന്നമായ രൂപഭാവങ്ങളും ഓരോ ചിത്രത്തിലും കാണാം.

    പഴയ ഷോലെയില്‍ സഞ്ജീവ്കുമാര്‍ അവതരിപ്പിച്ച താക്കൂര്‍ രാംഗോപാല്‍ വര്‍മ പുന:സൃഷ്ടിക്കുന്ന പുതിയ ഷോലെയില്‍ നരസിംഹനാണ്. നരസിംഹനായി മോഹന്‍ലാല്‍ വിഭിന്നമായ രൂപഭാവങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. തന്റെ കൈവിരലുകള്‍ വെട്ടിമാറ്റിയ (യഥാര്‍ത്ഥ ഷോലെയില്‍ താക്കൂറിന്റെ കൈകളാണ് ഗബ്ബാര്‍സിംഗ് വെട്ടിമാറ്റുന്നത്.) ഗബ്ബാര്‍സിംഗിനോടുള്ള അടങ്ങാത്ത പകയുമായി ജീവിക്കുന്ന നരസിംഹന്‍ എന്ന മുന്‍ പൊലീസ് ഓഫീസര്‍. നരച്ച താടിരോമങ്ങളും തീക്ഷ്ണമായ കണ്ണുശളുമായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രം. ലാലിന്റെ സന്തതസഹചാരിയായ പെണ്‍കുട്ടിയായി സുസ്മിതാസെന്‍ വേഷമിടുന്നു.

    സൂക്ഷ്മമായ ഭാവപ്രകടനത്തിന്റെ സാധ്യതകള്‍ നടന് നല്‍കുന്നതിനൊപ്പം രൂപഭാവങ്ങളില്‍ വളരേയേറെ വിഭിന്നത പുലര്‍ത്തുന്ന കഥാപാത്രവുമാണ് നാലകത്ത് മൂസ. സ്വന്തം നാട്ടില്‍ പാകിസ്ഥാന്‍ പൗരനെന്ന് മുദ്ര കുത്തപ്പെട്ട് കഴിയേണ്ടി വരുന്ന ഒരു സാധാരണക്കാരന്റെ വേദനകളും ആത്മസംഘര്‍ഷങ്ങളും ഭാവസൂക്ഷ്മതയോടെ അവതരിപ്പിക്കുക എന്ന വെല്ലുവിളിയാണ് പരദേശിയില്‍ മോഹന്‍ലാലിനുള്ളത്. മോഹന്‍ലാല്‍ യുവാവായും എണ്‍പത് വയസുകാരനായ വൃദ്ധനായും രണ്ട് കാലഘട്ടങ്ങളിലെ മൂസയായി പ്രത്യക്ഷപ്പെടുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

    കെ.പി.കുമാരന്‍ സംവിധാനം ചെയ്യുന്ന ആകാശഗോപുരത്തില്‍ ഒരു ശില്പിയായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കലയും വ്യക്തിജീവിതവും തമ്മിലുള്ള വൈരുധ്യങ്ങള്‍ ജീവിച്ചുതീര്‍ക്കുന്ന ആല്‍ബര്‍ട്ട് സാംസംഗ് എന്ന ശില്പിയുടെ അന്തര്‍ലോകത്തിന് ഭാവം പകരുന്നതും മോഹന്‍ലാലിന് മറ്റൊരു വെല്ലുവിളിയാണ്.

    മെയിലാണ് ഷോലെ തിയേറ്ററുകളിലെത്തുന്നത്. തുടര്‍ന്നുള്ള മാസങ്ങളില്‍ ആകാശഗോപുരവും പരദേശിയും റിലീസ് ചെയ്യും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X