കപടനാടകം കളിച്ചില്ല: മോഹന്‍ലാല്‍
കൊച്ചി: മാക്ടയുടെ മുന്നില്‍ താന്‍ കപടനാടകം കളിച്ചില്ലെന്ന് നടന്‍ മോഹന്‍ലാല്‍. മാക്ട നേതൃത്വത്തിന്റെ അത്തരം പ്രസ്താവനകള്‍ വേദനാജനകവും കാര്യങ്ങളറിയാതെയുള്ളതുമാണെന്ന് അമ്മ ജനറല്‍ സെക്രട്ടറികൂടിയായ മോഹന്‍ലാല്‍ വ്യക്തമാക്കി.
വികാരപരമായ ഒരു മറുപടിയ്ക്ക് താന്‍ ഒരുക്കമല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഓരോ സംഘടനയ്ക്കും ഓരോ വ്യക്തിത്വമുണ്ടെന്നും മറ്റൊരു സംഘടനയും അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
താരനിശ ഒന്നോ രണ്ടോ ദിവസം മാറ്റിവച്ചാല്‍ പ്രശ്നം തീരുമെന്ന വിശദീകരണം മനസ്സിലാകുന്നില്ല. അമ്മ കരാര്‍ ലംഘിച്ചുവെന്നതിന്റെ അര്‍ത്ഥവും പിടികിട്ടുന്നില്ല. എഴുപുന്നയില്‍ താന്‍ അഭിനയ്ക്കുന്ന സെറ്റില്‍ വന്നപ്പോള്‍ തണുപ്പന്‍ പ്രതികരണമായിരുന്നു ലഭിച്ചതെന്ന മാക്ടയുടെ വാദം ശരിയല്ല. - മോഹന്‍ലാല്‍ പറഞ്ഞു.
മാക്ടയുമായി സംസാരിച്ചപ്പോള്‍ താരനിശ ഏത് തീയതിലേക്കാണ് മാറ്റിവയ്ക്കേണ്ടതെന്ന കാര്യത്തില്‍ അവര്‍ക്ക് വലിയ ധാരണയില്ലായിരുന്നു. ഇക്കാര്യം ചേംബറുമായി സംസാരിച്ച ശേഷം തീരുമാനിയ്ക്കാമെന്ന നിലപാടായിരുന്നു അവര്‍ക്ക്. അപ്പോഴേയ്ക്കും കാര്യങ്ങള്‍ ഏറെ വൈകി. - മോഹന്‍ലാല്‍ വിശദീകരിച്ചു.
താരനിശ നടത്തിയതുകൊണ്ട് എന്താണ് സംഭവിയ്ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. നിരോധനങ്ങളൊക്കെ എത്രമാത്രം ഫലവത്താകുമെന്നും അറിയില്ല. കുറെക്കാലമായി പ്രിയദര്‍ശനെ നിരോധിച്ചിട്ട്. ഇപ്പോള്‍ താരനിശ സംവിധാനം ചെയ്യുന്നത് പ്രിയനാണ്. ഒരു താരനിശ നടത്തുന്നത് അത്രവലിയ തെറ്റൊന്നുമല്ല. നാലുവര്‍ഷത്തിന് ശേഷം ദുബായില്‍ ഷോ ചെയ്യാന്‍ പോകുകയാണ്. അതിന് ആരോടും അനുമതി ചോദിച്ചിട്ടില്ല. ചോദിച്ചാല്‍ പോകേണ്ടെന്ന് പറയും. പിന്നെയെന്തിന് ചോദിക്കണമെന്നും ലാല്‍ ചോദിച്ചു.


Click it and Unblock the Notifications