നാട്ടുരാജാവിന് മീന നായിക
നാട്ടുരാജാവിന് മീന നായിക
മാര്‍ച്ച് 02, 2004
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നാട്ടുരാജാവ് എന്ന ചിത്രത്തില്‍ മീന മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കും. നയന്‍താരയാണ് ചിത്രത്തിലെ മറ്റൊരു നായിക.
മീനയും മോഹന്‍ലാലും നായികാനായകന്‍മാരാവുന്ന നാലാമത്തെ ചിത്രമാണിത്. വര്‍ണപ്പകിട്ട് എന്ന ചിത്രത്തിലാണ് ഇരുവരുംആദ്യമായി ഒന്നിച്ചഭിനയിച്ചത്. പിന്നീട് ഒളിമ്പ്യന്‍ അന്തോണി ആദം, മിസ്റര്‍ ബ്രഹ്മചാരി എന്നീ ചിത്രങ്ങളിലും മീന മോഹന്‍ലാലിന്റെ നായികയായി. നാട്ടുരാജാവിലൂടെ മലയാളത്തിലെ തന്റെ പ്രിയനായകനുമായി മീന വീണ്ടും ഒന്നിക്കുന്നു.
ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി നയന്‍താരയും വേഷമിടുന്നു. മോഹന്‍ലാലിനോടൊപ്പമുള്ള നയന്‍താരയുടെ രണ്ടാമത്തെ ചിത്രമാണ് നാട്ടുരാജാവ്. ഫാസിലിന്റെ അതു നീ തന്നെയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി വേഷമിടുന്ന നയന്‍താര നാട്ടുരാജാവില്‍ മോഹന്‍ലാലിന്റെ സഹോദരിയായാണ് അഭിനയിക്കുന്നത്.
പിതാമഹനിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ തമിഴ്നടന്‍ രാംരാജ് ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രായം ചെന്ന ഒരാളായാണ് രാംരാജ് അഭിനയിക്കുന്നത്. തമിഴ് നടനായ അനില്‍ ആദിത്യയും ചിത്രത്തില്‍ വേഷമിടുന്നു.
തിലകന്‍, റിയാസ്ഖാന്‍, സിദ്ദിക്ക്, രാജന്‍ പി. ദേവ്, വിജയരാഘവന്‍, കലാഭവന്‍ മണി, മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്), വിജയകുമാര്‍, തുടങ്ങിയ താരങ്ങളുടെ ഒരു നിര തന്നെ ചിത്രത്തിലുണ്ട്.
ടി. എ. ഷാഹിദിന്റെതാണ് രചന. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. ക്യാമറ ആനന്ദക്കുട്ടന്‍. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications