മുന്തിരിപ്പൂക്കള്‍ക്ക് അതിഥിയെത്തില്ല
മുന്തിരിപ്പൂക്കള്‍ക്ക് അതിഥിയെത്തില്ല
മാര്‍ച്ച് 02, 2004
പൊതുതിരഞ്ഞെടുപ്പിന്റെ കാറും കോളും ഷൂട്ടിംഗ് തുടങ്ങാനിരുന്ന ഒരു മലയാള ചിത്രത്തെ ഇല്ലാതാക്കി. കമലിന്റെ മുന്തിരിപ്പൂക്കളുടെ അതിഥി എന്ന ചിത്രമാണ് തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങള്‍ക്കിടയില്‍ ഭ്രൂണഹത്യ ചെയ്യപ്പെട്ടത്.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന സൗന്ദര്യ പിന്‍വാങ്ങിയതോടെയാണ് മുന്തിരിപ്പൂക്കളുടെ അതിഥി ഉപേക്ഷിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിക്കപ്പെട്ട ചിത്രം സൗന്ദര്യയുടെ പിന്‍വാങ്ങലോടെ അലസിപ്പോവുകയായിരുന്നു.
മാര്‍ച്ച് 10 മുതലാണ് കമല്‍ സംവിധായകനായ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സൗന്ദര്യ കാള്‍ ഷീറ്റ് നല്‍കിയത്. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തിന് തീരുമാനിച്ച സൗന്ദര്യ ഡേറ്റ് നല്‍കിയ ചിത്രങ്ങളില്‍ നിന്നെല്ലാം പിന്മാറിയതോടെ വിവിധ ഭാഷകളിലെ ചില ചിത്രങ്ങളുടെ ഭാവി അവതാളത്തിലായി. ആന്ധ്രാപ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി തന്നെ സൗന്ദര്യയെ നേരിട്ട് ക്ഷണിക്കുകയായിരുന്നു.
മുന്തിരിപ്പൂക്കളുടെ അതിഥിയില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായാണ് സൗന്ദര്യ അഭിനയിക്കേണ്ടിയിരുന്നത്. വ്യത്യസ്തമായ ഈ കഥാപാത്രത്തിന് രൂപഭാവം നല്‍കാന്‍ സൗന്ദര്യയ്ക്ക് പകരം മറ്റൊരു നടിയെ കണ്ടെത്താനാവാത്തതിനാലാണ് കമല്‍ ചിത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
മോഹന്‍ലാല്‍ നായകനാവുന്ന ഹരിശ്രീ എന്ന ചിത്രത്തിലും സൗന്ദര്യയെയാണ് നായികയായി തീരുമാനിച്ചിരുന്ന്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് സൗന്ദര്യയ്ക്ക്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് സൗന്ദര്യ ലോക്സഭയിലെത്തിയാല്‍ ഹരിശ്രീയില്‍ മോഹന്‍ലാലിന്റെ ഭാര്യയായ ശ്രീയാവാന്‍ മറ്റേതെങ്കിലും നടിയെ അന്വേഷിക്കേണ്ടിവരും. അനുയോജ്യയായ മറ്റൊരു നടിയെ കണ്ടെത്താനാവാത്തതിനാല്‍ മുന്തിരിപ്പൂക്കളുടെ അതിഥി പോലെ ഹരിശ്രീയും ഉപേക്ഷിക്കപ്പെടുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications