മമ്മൂട്ടിയും മീരയും ഒന്നിക്കുന്നു
മമ്മൂട്ടിയും മീരയും ഒന്നിക്കുന്നു
മാര്‍ച്ച് 03, 2004
നവാഗത സംവിധായകനായ ബ്ലെസ്സി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലോഹിതദാസിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ബ്ലെസ്സിയുടെ കഥ ഇഷ്ടപ്പെട്ടാണ് അദ്ദേഹത്തിന്റെ ആദ്യചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഡേറ്റ് നല്‍കിയത്.
നവാഗത സംവിധായകരുടെ ചിത്രങ്ങളില്‍ മുമ്പും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ലാല്‍ ജോസിന്റെ കന്നിച്ചിത്രമായ ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടി നായകനായി അഭിനയിച്ചിട്ടുണ്ട്. ചിത്രം ഹിറ്റാവുകയും ചെയ്തു. റിലീസ് ചെയ്യാനിരിക്കുന്ന നവാഗത ഇരട്ട സംവിധായകനായ പ്രമോദ് പപ്പന്റെ വജ്രം എന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍.
മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയും മീരാ ജാസ്മിനും ഒന്നിച്ചഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണിത്.
ലോഹിതദാസിന്റെ സ്ഥിരം നായികയായ മീരാ ജാസ്മിന്റെ സിനിമാ അരങ്ങേറ്റത്തിന് നിമിത്തമായത് ബ്ലെസ്സിയാണ്. ബ്ലെസ്സിയുടെ നിര്‍ദേശ പ്രകാരമാണ് മീരാ ജാസ്മിന്റെ ആദ്യചിത്രമായ സൂത്രധാരനില്‍ ലോഹിതദാസ് അവരെ നായികയാക്കിയത്.
ബ്ലെസ്സിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത് എഴുത്തുകാരനായ സക്കറിയയാണ്. വാണിജ്യ സിനിമയിലെ സക്കറിയയുടെ ആദ്യത്തെ തിരക്കഥാ സംരംഭമാണിത്.ജോണ്‍ എബ്രഹാമിന് വേണ്ടി സക്കറിയ നേരത്തെ ഒരു തിരക്കഥ രചിച്ചിട്ടുണ്ടെങ്കിലും അത് സിനിമയാക്കാനായില്ല.
കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരയാണ് സംഗീതം നല്‍കുന്നത്.


Click it and Unblock the Notifications