അമ്മയുടെ ചിത്രമെങ്ങുമെത്തിയില്ല
താരസംഘടനയായ അമ്മക്ക് ധനശേഖരണത്തിനായി മലയാളത്തിലെ അഞ്ച് പ്രമുഖതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിട്ട് ഒരു വര്‍ഷത്തോളമായി. മലയാള സിനിമാ വ്യവസായത്തെ തന്നെ നിയന്ത്രിക്കുന്ന പ്രമുഖര്‍ ഒന്നിക്കുന്ന പ്രൊജക്ടായിരുന്നിട്ടും ഇതുവരെ ചിത്രത്തിന്റെ കടലാസ് ജോലികള്‍ പോലും പൂര്‍ത്തിയായിട്ടില്ല.
മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പക്ഷേ അത് നടക്കില്ലെന്ന് ഉറപ്പായതോടെ ഡിസംബറില്‍ ചിത്രീകരണം തുടങ്ങാമെന്നാണ് ഇപ്പോഴത്തെ തീരുമാനം.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നീ അഞ്ച് പ്രമുഖതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ അപൂര്‍വ സംഭവമാവേണ്ട ഈ പ്രൊജക്ട് തുടങ്ങാന്‍ വൈകുന്നതിന്റെ പ്രധാന കാരണം നായകനടന്‍മാരുടെ ഡേറ്റ് ലഭിക്കാത്തതു തന്നെ. പല സിനിമകളുടെയും തിരക്കുകള്‍ക്കിടയില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡേറ്റ് ഒരേ സമയം ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ്.
അഞ്ച് നായകന്മാര്‍ക്കായി അഞ്ച് നായികമാരെ കണ്ടെത്തുക എന്നതും ശ്രമകരം തന്നെ. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് ഉദയ്കൃഷ്ണ-സിബി കെ.തോമസ് ടീമാണ്.


Click it and Unblock the Notifications