twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുതിര്‍ന്ന താരങ്ങള്‍ വളരുന്നു; യുവതാരങ്ങള്‍ തളരുന്നു

    By Staff
    |

    മുതിര്‍ന്ന താരങ്ങള്‍ വളരുന്നു; യുവതാരങ്ങള്‍ തളരുന്നു
    മാര്‍ച്ച് 04, 2005

    മലയാളത്തില്‍ ഒരു വര്‍ഷം മുമ്പാണ് യുവതാരതരംഗം ആഞ്ഞടിച്ചത്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ജിഷ്ണു, സിദ്ദാര്‍ഥ്, മധു വാര്യര്‍, നിഷാന്ത് സാഗര്‍, അരവിന്ദ്, റിച്ചാര്‍ഡ് തുടങ്ങിയ താരങ്ങള്‍ അഭിനയിക്കുന്ന സിനിമകള്‍ ഒന്നിനു പിറകെ ഒന്നായി ഇറങ്ങിക്കൊണ്ടിരുന്നപ്പോള്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിരമിക്കല്‍ പ്രായമായി എന്ന് മുറവിളിയുയര്‍ന്നു.

    മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ ഡയലോഗിറക്കാന്‍ ചില സംവിധായകര്‍ പോലും മുന്നോട്ടുവന്നു. യുവരക്തമാണ് ഇനി സിനിമയില്‍ വേണ്ടതെന്നും തങ്ങള്‍ യുവാക്കള്‍ക്കൊപ്പമാണെന്നും ചില സംവിധായകര്‍ പ്രസ്താവനകളിറക്കി.

    എന്നാല്‍ ഈ യുവതാരങ്ങള്‍ ഇന്നെവിടെ നില്‍ക്കുന്നു? പൃഥ്വിരാജ് ഒഴികെയുള്ള ഒരു യുവതാരത്തിനും കാര്യമായ അവസരങ്ങളില്ല. അതേ സമയം മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ഏറെ സജീവം. ഇടക്കാലത്ത് അവസരങ്ങള്‍ തീരെയില്ലാതായ സുരേഷ് ഗോപി പോലും ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ്.

    സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ചില ചിത്രങ്ങളുടെ സൂപ്പര്‍വിജയത്തോടെ സൂപ്പര്‍താരസിംഹാസനം ഉറപ്പിച്ചുനിര്‍ത്തിയ മമ്മൂട്ടിക്ക് കരിയറിലെ ഏറ്റവും മികച്ച സമയമാണ്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത വേഷം സൂപ്പര്‍ഹിറ്റായതിന് ശേഷം അഭിനയിച്ച തൊമ്മനും മക്കളും റിലീസ് ചെയ്യാനിരിക്കുകയാണ്. തസ്കരവീരന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. കമലിന്റെ രാപ്പകല്‍ ആണ് അടുത്ത മമ്മൂട്ടി ചിത്രം. ഈ ചിത്രങ്ങള്‍ പുറത്തിറങ്ങിയതിനും ശേഷം മാസത്തില്‍ ഒരു ചിത്രമെന്ന നിലയില്‍ തന്റെ സിനിമകള്‍ റിലീസ് ചെയ്യപ്പെടുമെന്ന് മമ്മൂട്ടി തന്നെ പറയുന്നു.

    ഉദയനാണ് താരം എന്ന ചിത്രത്തിന്റെ വന്‍വിജയത്തോടെ മോഹന്‍ലാല്‍ നടത്തിയ തിരിച്ചുവരവ് പ്രേക്ഷകര്‍ ആഘോഷിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഈ ചിത്രം സ്ഥാനം നേടിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ വന്‍വിജയം നടനെന്ന നിലയിലും താരമെന്ന നിലയിലും മോഹന്‍ലാലിന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.

    മമ്മൂട്ടിയെ പോലെ വന്‍പ്രൊജക്ടുകളാണ് മോഹന്‍ലാലിനും ഈ വര്‍ഷം പൂര്‍ത്തിയാക്കാനുള്ളത്. ഷാജുണ്‍ കാര്യാലിന്റെ വടക്കുംനാഥന്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത് രഞ്ജിത്തിന്റെ ചന്ദ്രോത്സവത്തിലാണ്. ഇതിന് ശേഷം ഭദ്രന്റെ ഉടയോന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കും.

    യുവതാരങ്ങള്‍ നിറംമങ്ങിപ്പോയതിനൊപ്പം ദിലീപിനും കഴിഞ്ഞ വര്‍ഷം സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിക്കാനായില്ലെങ്കിലും ഒരു തിരിച്ചുവരവിന് വഴിയൊരുക്കുന്ന ഒരു പിടി പ്രൊജക്ടുകളാണ് ഈ നടനുള്ളത്. ജോണി ആന്റണിയുടെ കൊച്ചി രാജാവില്‍ അഭിനയിച്ചുവരുന്ന ദിലീപിന്റെ അടുത്ത ചിത്രങ്ങള്‍ റാഫി മെക്കാര്‍ട്ടിന്റെ പാണ്ടിപ്പട, ലാല്‍ജോസിന്റെ രാധ എന്ന പെണ്‍കുട്ടി എന്നിവയാണ്. ഈ ചിത്രങ്ങള്‍ മികച്ച വിജയമൊരുക്കുമെന്ന പ്രതീക്ഷയിലാണ് ദിലീപ്. ജയസൂര്യ, ഷാഫി എന്നിവരുടെയും ചിത്രങ്ങള്‍ ഈ വര്‍ഷം ദിലീപിനുണ്ട്.

    ഈ വര്‍ഷത്തെ സര്‍ക്കാര്‍ ദാദ, പൗരന്‍, ഫിംഗര്‍പ്രിന്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയറാം ഇപ്പോള്‍ അഭിനയിക്കുന്നത് സിബി മലയിലിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന ചിത്രത്തിലാണ്.

    ഇടക്കാലത്ത് മികച്ച കഥാപാത്രങ്ങളെ വിജയം നേടിയ ചിത്രങ്ങളോ ഇല്ലാതിരുന്ന സുരേഷ് ഗോപിയും ഒരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. രഞ്ജി പണിക്കരുടെ ഭരത്ചന്ദ്രന്‍ ഐപിഎസ്, ഷാജി കൈലാസിന്റെ ഷൂട്ട് എന്നിവയാണ് സുരേഷ് ഗോപിയുടെ മെഗാപ്രോജക്ടുകള്‍. ജയരാജിന്റെ മകള്‍ക്ക് എന്ന ചിത്രത്തിലെ അഭിനയം നേടിക്കൊടുത്ത അഭിനന്ദനങ്ങളോടെയാണ് സുരേഷ് ഗോപി ഈ വര്‍ഷം തുടങ്ങിയത്.

    മുതിര്‍ന്ന താരങ്ങള്‍ ഈ വിധം സജീവമാണെങ്കില്‍ ഒരു വര്‍ഷം മുമ്പ് ഇവര്‍ക്ക് വെല്ലുവിളിയായി ചിത്രീകരിക്കപ്പെട്ടിരുന്ന യുവതാരങ്ങളുടെ കരിയര്‍ പ്രതിസന്ധിയിലാണ്. അമ്മയുമായുണ്ടായ തര്‍ക്കം ചില തിരിച്ചടികള്‍ക്ക് വഴിയൊരുക്കിയെങ്കിലും വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുന്ന പൃഥ്വിരാജ് ഒഴികെ ഒരു യുവനടനും കാര്യമായ പ്രൊജക്ടുകളില്ല.

    പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു എന്നീ ഹിറ്റ് ചിത്രങ്ങളിലെ നായകനായ ജയസൂര്യക്ക് കാര്യമായ പുതിയ പ്രൊജക്ടുകളൊന്നുമില്ല. തമിഴിലേക്ക് ചേക്കേറാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ ഈ നടന്‍.

    പുതിയ പ്രതീക്ഷയായെത്തിയ ജിഷ്ണുവിന്റെയും സ്ഥിതിയും സമാനമാണ്. ചില ചിത്രങ്ങളുടെ പരാജയത്തെ തുടര്‍ന്ന് പുതിയ ഒരു പ്രൊജക്ട് പോലും ഈ നടനെ തേടിയെത്തിയിട്ടില്ല. സിദ്ധാര്‍ഥ്, മധു വാര്യര്‍, നിഷാന്ത് സാഗര്‍, അരവിന്ദ്, എബി കുഞ്ഞുമോന്‍ തുടങ്ങിയ യുവതാരങ്ങളുടെ സ്ഥിതിയും മറിച്ചല്ല.

    കുഞ്ചാക്കോ ബോബന്‍ നായകനായി ഈ വര്‍ഷം പുറത്തിറങ്ങിയ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ഫൈവ് ഫിംഗേഴ്സ് എന്നൊരു ചിത്രം മാത്രമാണ് ചാക്കോച്ചന് ഇനി പൂര്‍ത്തിയാക്കാനുള്ളത്. മറ്റു പ്രൊജക്ടുകളൊന്നും ചാക്കോച്ചനില്ല.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X