തന്മാത്ര നായികക്ക് കൂടുതല്‍ അവസരങ്ങളില്ല
തന്മാത്ര നായികക്ക് കൂടുതല്‍ അവസരങ്ങളില്ല
മാര്‍ച്ച് 4, 2006
തന്മാത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഉജ്വല അഭിനയ പ്രകടനം അവിസ്മരണീയമാക്കിയ രമേശന്‍ നായര്‍ എന്ന കഥാപാത്രത്തിനൊപ്പം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ലാലിന്റെ ഭാര്യയായി അഭിനയിച്ച മീര വാസുദേവിന്റെയും മകനായി അഭിനയിച്ച അര്‍ജുന്റെയും അഭിനയ മികവ്.
മോഹന്‍ലാലും മീര വാസുദേവും ചേര്‍ന്നുള്ള രസതന്ത്രം ദമ്പതിമാരൊത്തുള്ള പല രംഗങ്ങളെയും സവിശേഷമാക്കിയിരുന്നു. സംവിധായകന്‍ ബ്ലെസ്സിയുടെ മികച്ച കണ്ടെത്തലാണ് മീര വാസുദേവ് എന്ന് വിലയിരുത്തപ്പെടുകയും ചെയ്തു. എന്നാല്‍ അഭിനയമികവില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും മീര വാസുദേവിന് മലയാളത്തില്‍ കൂടുതല്‍ അവസരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ബ്ലെസ്സിയുടെ ആദ്യചിത്രമായ കാഴ്ചയിലെ നായിക പത്മപ്രിയക്ക് പിന്നീട് ഒരു പിടി ചിത്രങ്ങളില്‍ അവസരം ലഭിച്ചുവെങ്കില്‍ മീരയ്ക്ക് അങ്ങനെയൊരു ഭാഗ്യം കിട്ടിയില്ല. സിനിമയില്‍ കൂടുതല്‍ അവസരങ്ങളില്ലാത്തതിനാല്‍ ടിവി സീരിയല്‍ രംഗത്തേക്കു കടക്കുകയാണ് ഈ നടി.
തമിഴിലെ ഒരു മെഗാ സീരിയലിലാണ് മീര വാസുദേവ് അഭിനയിക്കുന്നത്. സി.ജ.ഭാസ്കര്‍ സംവിധാനം ചെയ്യുന്ന പെണ്ണ് എന്ന സീരിയലില്‍ മീര ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തന്മാത്രക്കു ശേഷം മീരയുടെ മലയാളത്തിലെ കരിയറിന് ഒരു തുടര്‍ച്ച ലഭിക്കാത്തതാണ് തമിഴ് ടിവി സീരിയല്‍ രംഗത്തേക്കു കടക്കാന്‍ ഈ നടിയെ പ്രേരിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications