രസം കൂട്ടാന്‍ മീരയുടെ ആണ്‍വേഷം
രസം കൂട്ടാന്‍ മീരയുടെ ആണ്‍വേഷം
മാര്‍ച്ച് 4, 2006
വര്‍ഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്നുവെന്നതാണ് രസതന്ത്രം എന്ന ചിത്രത്തിന്റെ പ്രത്യേകത. മറ്റൊരു പ്രധാനരസം കൂടി ചിത്രത്തിനുണ്ട്. മീരാ ജാസ്മിന്‍ ആണ്‍വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നതാണ് രസതന്ത്രത്തെ കൂടുതല്‍ രസകരമാക്കുന്നത്.
വേലായുധന്‍കുട്ടി എന്ന പേരില്‍ ആണ്‍വേഷം കെട്ടി മീര പ്രത്യക്ഷപ്പെടുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ ആണ്‍വേഷം കെട്ടേണ്ടിവരുന്ന കണ്‍മണി എന്ന പെണ്‍കുട്ടിയായാണ് മീര ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഇതിനു മുമ്പ് നടിമാരില്‍ മഞ്ജു വാര്യരാണ് ആണ്‍വേഷമണിഞ്ഞിട്ടുള്ളത്. ദയ എന്ന ചിത്രത്തില്‍ രാജകുമാരന്റെ വേഷത്തില്‍ മഞ്ജു പ്രത്യക്ഷപ്പെടുന്നുണ്ട്.
അസാമാന്യമായ നര്‍മബോധമുള്ള പ്രേമചന്ദ്രന്‍ ആശാരി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു വീട്ടില്‍ ആശാരിപ്പണിക്കു ചെന്ന വേലായുധന്‍ അവിടെ വച്ച് കണ്ടുമുട്ടുന്ന കണ്‍മണിയുമായി പ്രണയത്തിലാവുന്നു.
ഒരു പതിവ് സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ കാണുന്ന ജീവിതഗന്ധമുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ രസതന്ത്രത്തിലുമുണ്ട്. ഭരത്ഗോപിയുടെ ബാലന്‍മാഷും ഇന്നസെന്റിന്റെ മണികണ്ഠനാശാരിയും ജഗതിയുടെ സുന്ദരപാണ്ഡിയും ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ ഗണേശന്‍ ചെട്ട്യാരും ജീവിതത്തോടു ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങളാണ്.
സത്യന്‍ അന്തിക്കാട് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കും. ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് രസതന്ത്രത്തിന്റെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. മോഹന്‍ലാലിന്റെ വിഷു ചിത്രമെന്ന നിലയില്‍ ഏപ്രിലിലായിരിക്കും ചിത്രം റിലീസിംഗിനെത്തുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications