നായകന്‍ ആരായാലെന്ത്?
ഇമേജുകള്‍ക്ക് അടിപ്പെടാത്ത നടിയാണോ ജ്യോതിര്‍മയി? മീശമാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിനൊപ്പിച്ച് ചുവടുവച്ച പഴയ നടിയേയല്ല ഇപ്പോള്‍ ജ്യോതിര്‍മയി. വിവാഹശേഷം അഭിനയരംഗത്ത് ഒരു തിരിച്ചുവരവ് നടത്തിയ ജ്യോതിര്‍മയിക്ക് ഇപ്പോള്‍ തമിഴില്‍ തിരക്കേറി വരികയാണ്. പക്ഷേ അതൊന്നും ജ്യോതിര്‍മയിയെ ഇമേജുകള്‍ക്ക് അടിപ്പെടുത്തിയിട്ടില്ല.
മലയാളത്തില്‍ മോഹന്‍ലാലിന്റെയും ജയറാമിന്റെയും ദിലീപിന്റെയും നായികയായി അഭിനയിച്ചിട്ടുള്ള ജ്യോതിര്‍മയി ഒടുവില്‍ അഭിനയിച്ച തമിഴ് ചിത്രം പെരിയോറില്‍ സത്യരാജിന്റെ നായികയായിരുന്നു. മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ഈ നടിക്ക് ഹരിശ്രീ അശോകന്‍ നായകനാവുന്ന ചിത്രത്തിലേക്കുള്ള ക്ഷണം സ്വീകരിക്കാന്‍ യാതൊരു മടിയുമുണ്ടായില്ല. സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ആകാശം എന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്റെ ഭാര്യയായാണ് ജ്യോതിര്‍മയി വേഷമിടുന്നത്. ഇമേജുകളുടെ കെട്ടുപാടുകള്‍ ഈ നടിയെ ബാധിച്ചിട്ടില്ലെന്നതിന് മറ്റെന്ത് തെളിവു വേണം?
മനോഹരന്‍ എന്ന മെക്കാനിക്കായാണ് ഹരിശ്രീ അശോകന്‍ ആകാശത്തില്‍ അഭിനയിക്കുന്നത്. മനോഹരന്റെ ഭാര്യ ഭാനുവായി ജ്യോതിര്‍മയിയും.
വാണിജ്യസിനിമയില്‍ സൂപ്പര്‍താരങ്ങളുടെ നായികയാവാന്‍ അവസരങ്ങള്‍ ലഭിച്ചപ്പോഴും ഭവം, കഥാവശേഷന്‍ തുടങ്ങിയ ആര്‍ട്ട് സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യം കാണിച്ച നടിയാണ് ജ്യോതിര്‍മയി. ഭവത്തിലെ അഭിനയത്തിന് ദേശീയതലത്തില്‍ ജൂറിയുടെ പ്രത്യേക പുരസ്കാരം നേടിയ ജ്യോതിര്‍മയി തന്നെയാണ് ഇദയതിരുടന്‍ എന്ന തമിഴ് ചിത്രത്തില്‍ ഐറ്റം നമ്പരില്‍ ആടിയതും!


Click it and Unblock the Notifications