തിരക്കഥാരംഗത്ത് എം.ടി വീണ്ടും സജീവമാവുന്നു
മലയാളത്തിലുണ്ടായ ഏറ്റവും മികച്ച തിരക്കഥ വടക്കന്‍ വീരഗാഥയുടേതാണെന്നാണ് ഒരിക്കല്‍ കെ.ജി.ജോര്‍ജ് പറഞ്ഞത്. മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തിലാണ് വടക്കന്‍ വീരഗാഥക്ക് തിരക്കഥയെഴുതിയ എം.ടി.വാസുദേവന്‍ നായരുടെ സ്ഥാനം. എന്നാല്‍ ഈയിടെയായി എം.ടി തിരക്കഥാരചനാ രംഗത്ത് അത്ര സജീവമായിരുന്നില്ല.
കണ്ണന്‍ സംവിധാനം ചെയ്ത തീര്‍ത്ഥാടനം എന്ന ചിത്രത്തിനു വേണ്ടിയാണ് ഒടുവിലായി എം.ടി തിരക്കഥ രചിച്ചത്. എം.ടിയുടെ തന്നെ വാനപ്രസ്ഥം എന്ന കഥയെ ആസ്പദമാക്കിയായിരുന്നു ആ ചിത്രം. തീര്‍ത്ഥാടനത്തിനു മുമ്പ് ഒരു ചെറുപുഞ്ചിരി എന്ന ചിത്രം എം.ടി തിരക്കഥയെഴുതി സംവിധാനം ചെയ്തു.
വടക്കന്‍ വീരഗാഥയും പെരുന്തച്ചനും പോലുള്ള വന്‍പ്രൊജക്ടുകള്‍ക്ക് തിരക്കഥയെഴുതിയ എം.ടി ഒരു ഇടവേളക്കു ശേഷം വീണ്ടും തിരക്കഥാരംഗത്ത് സജീവമാവുകയാണ്. വടക്കന്‍ വീരഗാഥയൊരുക്കിയ ഹരിഹരനൊപ്പം വീണ്ടും മറ്റൊരു മെഗാ പ്രൊജക്ട്. പഴശിരാജാവിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനു വേണ്ടിയാണ് എം.ടിയുടെ തിരക്കഥ. നീണ്ട പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷം എം.ടി രചിക്കുന്ന തിരക്കഥയില്‍ ഒരുങ്ങുന്ന പഴശിരാജ മലയാളത്തിലെ ഏറ്റവും കൂടിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രമായിരിക്കും. ഏഴ് കോടി ചെലവില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.
സംവിധായക ജോഡിയായിരുന്ന അനില്‍ ബാബുവിലെ ബാബു പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിനും എം.ടി തിരക്കഥയൊരുക്കുന്നുണ്ട്.


Click it and Unblock the Notifications