എത്തിയത് സ്ലോ ട്രാക്കിലെങ്കിലും...
ഒടുവില്‍ ദിലീപിന്റെ സ്പീഡ് ട്രാക്ക് തിയേറ്ററുകളിലെത്തി. ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ വൈകിയതും അതിനു ശേഷം ആറ് മാസത്തോളം പെട്ടിയില്‍ കിടന്നതും കാരണം തിയേറ്ററുകളിലെത്താന്‍ വൈകിയ സ്പീഡ് ട്രാക്ക് 2007ലെ ദിലീപിന്റെ രണ്ടാമത്തെ ചിത്രമാണ്.
നവാഗതനായ ജയസൂര്യ തിരക്കഥയെഴുതി സംവിധാനം ചെയ്ത സ്പീഡ് ട്രാക്ക് 2005 ഡിസംബറില്‍ ദിലീപിന്റെ ക്രിസ്മസ് ചിത്രമായി റിലീസ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്ത ചിത്രമായിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ അപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനായില്ല. മാസങ്ങള്‍ക്കു ശേഷം ദിലീപിന്റെ ഡേറ്റുകള്‍ വീണ്ടും അഡ്ജസ്റ് ചെയ്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടും ഉടന്‍ റിലീസിംഗ് നടന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ഓണച്ചിത്രമായി റിലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും ദിലീപിന്റെ തന്നെ താത്പര്യപ്രകാരം അത് വേണ്ടെന്നുവച്ചു. പകരം ഷാജി കൈലാസിന്റെ ദിലീപ് ചിത്രം ഡോണ്‍ ഓണച്ചിത്രമായി റിലീസ് ചെയ്തു.
പിന്നെ കേട്ടത് കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് ചിത്രമായി ഫാസ്റ് ട്രാക്ക് പുറത്തിറങ്ങുമെന്നാണ്. 2005ലെ ക്രിസ്മസ് ചിത്രമായി ഷെഡ്യൂള്‍ ചെയ്ത ചിത്രം 2006ലെ ക്രിസ്മസ് ചിത്രമായെങ്കിലും റിലീസ് ചെയ്യാനാവുമെന്ന നിര്‍മാതാക്കളുടെ കണക്കുകൂട്ടലുകള്‍ തെറ്റി. കഴിഞ്ഞ ക്രിസ്മസ് ചിത്രത്തിനും ദിലീപിന് ചിത്രമുണ്ടായില്ല.
പിന്നെയും രണ്ടര മാസത്തിലേറെ നിര്‍മാതാക്കള്‍ക്ക് കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ കഴിഞ്ഞയാഴ്ച ചിത്രം തിയേറ്ററുകളിലെത്തിയതോടെ സ്പീഡ് ട്രാക്കിന് പെട്ടിയില്‍ നിന്നും ശാപമോക്ഷമായി.
ഇതുപോലെ നിര്‍മാണം പൂര്‍ത്തിയായിട്ടും വൈകിയെത്തിയ ചിത്രങ്ങളില്‍ മിക്കതും പരാജയമായ കഥയാണ് മലയാള സിനിമാ വ്യവസായത്തിന് പറയാനുള്ളത്. എന്നാല്‍ റിലീസിംഗ് വൈകിയിട്ടും അപ്രതീക്ഷിതമായി സൂപ്പര്‍ഹിറ്റായ ചിത്രങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റുകളിലൊന്നായ വടക്കുംനാഥന്‍, രഞ്ജിത്തിന്റെ നന്ദനം എന്നീ ചിത്രങ്ങള്‍ ഉദാഹരണം. വടക്കുംനാഥനും നന്ദനവും പോലെ സ്പീഡ് ട്രാക്കും സൂപ്പര്‍ഹിറ്റാവുമോ? ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷകാഭിപ്രായം എന്തായാലും വിജയങ്ങളുടെ പട്ടികയില്‍ തന്നെയാവും ഈ ചിത്രമെന്ന സൂചനയാണ് നല്‍കുന്നത്.


Click it and Unblock the Notifications