രാംഗോപാല്‍ വര്‍മ്മയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍
രംഗീല, സത്യ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാംഗോപാല്‍ വര്‍മ്മയുടെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു. കമ്പനി എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ദക്ഷിണേന്ത്യന്‍ പൊലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത്.
വര്‍മ്മ നേരിട്ട് മോഹന്‍ലാലിനെ കണ്ട് സംസാരിച്ചാണ് തന്റെ പുതിയ ചിത്രത്തിലേക്ക് അദ്ദേഹത്തെ കരാര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച (മാര്‍ച്ച് നാല്) ഞാന്‍ മോഹന്‍ലാലിനെ കണ്ടു. എന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം സമ്മതം മൂളിയിട്ടുണ്ട് - വര്‍മ്മ പറഞ്ഞു.
രണ്ടുപേര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ അജയ് ദേവ്ഗണാണ് മോഹന്‍ലാലിനോടൊപ്പം ഈ ചിത്രത്തില്‍ നായകസ്ഥാനം പങ്കിടുന്നത്.
ലാല്‍ ഒരു യഥാര്‍ത്ഥ പൊലീസുകാരനെ പോലിരിക്കുന്നതാണ് അദ്ദേഹത്തെ തന്റെ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് രാംഗോപാല്‍ വര്‍മ്മ പറഞ്ഞു. ഈ വേഷം കൈകാര്യം ചെയ്യാന്‍ മോഹന്‍ലാലിന് അങ്ങേയറ്റം സന്തോഷമേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ കുമാര്‍ സാഹ്നിയുടെ സര്‍പ്പം, ഷാജി എന്‍. കരുണിന്റെ കടല്‍ എന്നീ ചിത്രങ്ങളിലേക്കും ലാല്‍ കരാറായിട്ടുണ്ട്. ഈ രണ്ടു ചിത്രങ്ങളും മലയാളത്തോടൊപ്പം ഹിന്ദിയിലും ഇറങ്ങുന്നുണ്ടെങ്കിലും ലാല്‍ ആദ്യമായി ചെയ്യുന്ന ഹിന്ദിചിത്രം കമ്പനി ആയിരിക്കും.
പൊതുവെ അന്യഭാഷാ ചിത്രങ്ങളോട് വിമുഖത കാണിക്കുന്ന നടനാണ് മോഹന്‍ലാല്‍. മണിരത്നത്തിന്റെ ഇരുവറില്‍ ശക്തമായ കഥാപാത്രം ലഭിച്ചതുകൊണ്ട് മാത്രമാണ് അഭിനയിച്ചതെന്ന് ലാല്‍ നേരത്തെത്തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കമ്പനിയില്‍ ലാലിന്റെ കഥാപാത്രം ഏറെ ആഴമുള്ളതായിരിക്കുമെന്ന് പ്രത്യാശിക്കാം.


Click it and Unblock the Notifications