ദിലീപും ജൂലൈ നാലും
ദിലീപും ജൂലൈ നാലും
മാര്‍ച്ച് 07, 2004
ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെട്ടം ജൂലൈ നാലിന് റിലീസ് ചെയ്യും. ജൂലൈ നാല് ഒരു ഞായറാഴ്ചയാണെങ്കിലും ചിത്രം അന്നു തന്നെ റിലീസ് ചെയ്യാനാണ് നീക്കം.
ജൂലൈ നാല് ദിലീപിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ദിവസമാണ്. അന്ന് ദിലീപിന്റെ ജന്മദിനമാണ്. എന്നാല്‍ ഒരു ജന്മദിനത്തിലുപരിയായ പ്രാധാന്യം ആ ദിവസത്തിന് ദിലീപിന്റെ സിനിമാ ജീവിതത്തിലുണ്ട്. ദിലീപിന്റെ കരിയറിലെ വളര്‍ച്ചയുടെ പടവുകളായി മാറിയ മൂന്ന് മെഗാഹിറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്തത് ജൂലൈ നാലിനാണ്.
2001 ജൂലൈ നാലിനാണ് ഈ പറക്കുംതളിക എന്ന ചിത്രം റിലീസ് ചെയ്തത്. അതുവരെ ശരാശരിയിലും താഴെ പോകുന്ന ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള താഹയുടെ ആ ചിത്രം വന്‍വിജയമായതോടെയാണ് ദിലീപിന് ജൂലൈ നാലിന്റെ മാജിക്കില്‍ വിശ്വാസമായിത്തുടങ്ങിയത്.
ദിലീപിന്റെ കരിയറില്‍ ചില അത്ഭുതങ്ങള്‍ സൃഷ്ടിച്ച മീശ മാധവന്‍ റിലീസ് ചെയ്തത് 2002 ജൂലൈ നാലിനാണ്. തിയേറ്ററുകള്‍ നിറച്ച് മാസങ്ങളോടിയ മീശ മാധവന്‍ ദിലീപിന്റെ താരപരിവേഷം തന്നെ ഉടച്ചുവാര്‍ത്ത ചിത്രമാണ്. രണ്ടാം ഭാവം എന്ന ഫ്ലോപ്പിനു ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ എക്കാലത്തെയും വന്‍ഹിറ്റുകളിലൊന്നാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈ നാലിന് റിലീസ് ചെയ്ത ദിലീപ് ചിത്രമാണ് നവാഗത സംവിധായകനായ ജോണി ആന്റണി ഒരുക്കിയ സിഐഡി മൂസ. ദിലീപ് തന്നെ നിര്‍മിച്ച ആ ചിത്രം കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നാണ്. നവാഗത സംവിധായകന്റെ ചിത്രമായിട്ടും ആ ചിത്രത്തിന് വന്‍വിജയമായതിന് പിന്നില്‍ ജൂലൈ നാലിന്റെ മാജിക്കുണ്ടെന്നാണ് ദിലീപിന്റെ വിശ്വാസം.
താന്‍ ആദ്യമായി നായകനായ പ്രിയദര്‍ശന്‍ ചിത്രം ഈ വര്‍ഷം ജൂലൈ നാലിന് റിലീസ് ചെയ്യുമ്പോള്‍ മാജിക് ആവര്‍ത്തിക്കുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ. ഈ വര്‍ഷത്തെ ജന്മദിനവും ദിലീപിന് ഉത്കണ്ഠയുടെ ദിനമാണ്. പ്രിയന്റെ വെട്ടം തന്റെ കരിയറില്‍ കൂടുതല്‍ വെട്ടം പകരുമോ എന്ന ഉത്കണ്ഠയിലായിരിക്കും ഈ ജന്മദിനവും ദിലീപ് ആഘോഷിക്കുക.
കഴിഞ്ഞ വര്‍ഷം സിഐഡി മൂസയുടെ ഫിലിംപെട്ടിക്ക് ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയിരുന്നു. തുലാഭാരം നടത്തിയതിന് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്.


Click it and Unblock the Notifications