മോഹന്‍ലാലും മമ്മൂട്ടിയുടെ വഴിയേ?
2006ലും 2007ലും ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ സ്വഭാവം നോക്കുക. തുറുപ്പുഗുലാന്‍, ബല്‍റാം വേഴ്സസ് താരാദാസ്, പ്രജാപതി, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, പോത്തന്‍വാവ, മായാവി എന്നീ തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ ഒരു ഭാഗത്ത്. കറുത്ത പക്ഷികള്‍, പളുങ്ക്, കയ്യൊപ്പ് എന്നീ അഭിനയപ്രധാന വേഷങ്ങള്‍ ചെയ്ത ചിത്രങ്ങള്‍ മറ്റൊരു ഭാഗത്ത്. ആറ് കച്ചവട മസാലകളില്‍ വേഷമിട്ട മമ്മൂട്ടി വാണിജ്യ സിനിമയുടെ സ്ഥിരം ഫോര്‍മുലകളില്‍ നിന്ന് വ്യത്യസ്തമായ മൂന്ന് ചിത്രങ്ങളിലും അഭിനയിച്ചു. കച്ചവട സിനിമയില്‍ സജീവമായിരിക്കുമ്പോള്‍ തന്നെ ഏതാനും പരീക്ഷണചിത്രങ്ങളില്‍ കൂടി അഭിനയിക്കുന്ന ഒരു പരീക്ഷണം.
കഴിഞ്ഞ മോഹന്‍ലാല്‍ അഭിനയിച്ച ആറ് ചിത്രങ്ങളും കച്ചവട സിനിമയുടെ പതിവ് ഫോര്‍മുലകള്‍ പിന്തുടരുന്ന ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയുടെ വഴിയേ തിരിയുകയാണോ? തട്ടുപൊളിപ്പന്‍ മസാലകളിലും ആര്‍ട്ട് ചിത്രങ്ങളിലും മാറി മാറി അഭിനയിക്കുന്ന രീതി മോഹന്‍ലാലും പിന്തുടരുകയാണോ?
മമ്മൂട്ടിയുടെ തുറുപ്പുഗുലാന്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, പോത്തന്‍വാവ, മായാവി എന്നീ നാല് ചിത്രങ്ങളും കോമഡി-ആക്ഷന്‍ മസാലകളാണ്. കോമഡിക്കൊപ്പം ആക്ഷനും ചെയ്യുന്ന ഒരു പ്രത്യേക ജനുസിലുള്ള നായകന്‍മാരാണ് ഈ ചിത്രത്തില്‍. കൗതുകം തോന്നിക്കുന്ന രൂപഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍. അതേ സമയം മോഹന്‍ലാല്‍ കഴിഞ്ഞ വര്‍ഷം അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടെ ഇത്തരം കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. രസതന്ത്രം, കീര്‍ത്തിചക്ര, വടക്കുംനാഥന്‍, മഹാസമുദ്രം, ബാബാ കല്യാണി, ഫോട്ടോഗ്രാഫര്‍ എന്നീ ചിത്രങ്ങളിലൊന്നും ഇത്തരം വേഷം കെട്ടലുകളോ ആക്ഷന്‍-കോമഡി ഫോര്‍മുലയോ ഇല്ല.
എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലും അത്തരം ചിത്രങ്ങളിലേക്ക് തിരിയുകയാണ്. അന്‍വര്‍ റഷീദിന്റെ ഛോട്ടാ മുംബൈയില്‍ കൗതുകം തോന്നിപ്പിക്കുന്ന വേഷഭൂഷകളോടെയാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. പ്രിന്റഡ് ഷര്‍ട്ടും കാതില്‍ കുണുക്കും കഴുത്തില്‍ തടിയന്‍ മാലയുമായി അടിപൊളി പയ്യന്‍മാരുടെ വേഷം. രാജമാണിക്യത്തിലും തുറുപ്പുഗുലാനിലും മമ്മൂട്ടി ചെയ്ത വേഷങ്ങളെയാണ് മോഹന്‍ലാലിന്റെ ഈ രൂപമാറ്റം ഓര്‍മിപ്പിക്കുന്നത്.
കോമഡി മസാല വിജയകരമായി പരീക്ഷിക്കുന്ന റാഫി മെക്കാര്‍ട്ടിന്റെ ചിത്രത്തിലും ഈ വര്‍ഷം മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ഹലോ എന്നാണ് ചിത്രത്തിന്റെ പേര് പഞ്ചാബി ഹൗസും തെങ്കാശിപ്പട്ടണവും പോലുള്ള ചിത്രങ്ങള്‍ ചെയ്തിട്ടുള്ള റാഫി മെക്കാര്‍ട്ടിനുമായി ഒന്നിക്കുമ്പോള്‍ മോഹന്‍ലാലിന്റെ മറ്റൊരു തമാശ വേഷം പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
തുറുപ്പുഗുലാനിലും പോത്തന്‍വാവയിലും അഭിനയിക്കുമ്പോള്‍ തന്നെ കറുത്ത പക്ഷികളിലും പളുങ്കിലും അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ച മമ്മൂട്ടിയെ പോലെ ഹലോയിലും ഛോട്ടാ മുംബൈയിലും അഭിനയിക്കുമ്പോള്‍ തന്നെ മോഹന്‍ലാലിനെ ആര്‍ട്ട് ചിത്രങ്ങളിലും പ്രേക്ഷകര്‍ക്ക് കാണാം. ബ്ലെസ്സി, രഞ്ജിത്ത്, കമല്‍ എന്നീ കച്ചവട സിനിമയില്‍ വ്യത്യസ്തത പരീക്ഷിക്കുന്ന സംവിധായകരുടെ ചിത്രങ്ങളിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെങ്കില്‍ മോഹന്‍ലാല്‍ വേഷമിടുന്നത് ആര്‍ട് സിനിമക്കാര്‍ എന്ന ലേബലുള്ള സംവിധായകരുടെ ചിത്രങ്ങളില്‍ തന്നെയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, പി.ടി.കുഞ്ഞുമുഹമ്മദ്, കെ.പി.കുമാരന്‍ എന്നിവരുടെ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ നായകനാവുന്നത്.
കെ.പി.കുമാരന്റെ ആകാശഗോപുരം പൂര്‍ത്തിയായി കഴിഞ്ഞു. പി.ടി.കുഞ്ഞുമുഹമ്മദിന്റെ പരദേശി ചിത്രീകരണം പൂര്‍ത്തിയായി വരുന്നു. അടൂരിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ ഈ മാസം തന്നെ അഭിനയിച്ചുതുടങ്ങും.
ഒരു ഭാഗത്ത് കച്ചവട വിജയവും മറുഭാഗത്ത് നടനെന്ന നിലയിലുള്ള പരീക്ഷണങ്ങളും തുടരുമ്പോള്‍ സൂപ്പര്‍താരങ്ങളില്‍ ആരാവും മുന്നിലെത്തുക? ആര്‍ക്കായിരിക്കും ഈ വര്‍ഷം കൂടുതല്‍ വിജയങ്ങള്‍ ലഭിക്കുക? 2007ലെ ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ആരെ തേടിയെത്തും?


Click it and Unblock the Notifications