4 പീപ്പിള്‍ വീണ്ടും
4 പീപ്പിള്‍ വീണ്ടും
മാര്‍ച്ച് 09, 2004
ഫോര്‍ ദി പീപ്പിള്‍ കേരളത്തിലെ യുവപ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയ അലകള്‍ ഇനിയും അടങ്ങിയിട്ടില്ല. കാമ്പസുകളില്‍ ഫോര്‍ ദി പീപ്പിളിലെ നാല്‍വര്‍ താരങ്ങള്‍ ഇപ്പോള്‍ ഒരു ഹരമാണ്. ലജ്ജാവതിയേ ഗാനത്തിനൊപ്പം കാമ്പസുകളിലെ സിനിമാപ്രേമികളുടെ മനസില്‍ ഈ പുതിയ താരങ്ങള്‍ ഇടംപിടിച്ചുകഴിഞ്ഞു.
ഭരത്, അര്‍ജുന്‍, അരുണ്‍, പത്മകുമാര്‍ എന്നീ താരങ്ങളോടുള്ള പ്രേക്ഷകരുടെ പ്രിയം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെ ജോണി സാഗരിക ഈ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പുതിയ ചിത്രം ഒരുക്കുന്നു. ഫോര്‍ ദി പീപ്പിളിലെ നായികമാരായ പ്രണതി, ഗോപിക എന്നിവരും പുതിയ ചിത്രത്തിലുണ്ടായേക്കും.
ഫോര്‍ ദി പീപ്പിളിന്റെ വിതരണക്കാരനായ ജോണി സാഗരിക തന്നെയാണ് ചിത്രത്തിന്റെ കാസറ്റുകളും വിപണിയിലെത്തിച്ചത്. കാസറ്റുകളുടെ റെക്കോഡ് വില്പനയും ചിത്രത്തിന്റെ അപ്രതീക്ഷിത വിജയവും ജോണി സാഗരികക്ക് വന്‍ലാഭമാണുണ്ടാക്കിക്കൊടുത്തത്. ഫോര്‍ ദി പീപ്പിളിന്റെ വന്‍വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോണി സാഗരിക ചിത്രത്തിലെ താരങ്ങളെ അണിനിരത്തി മറ്റൊരു ചിത്രം ഒരുക്കുന്നത്.
താണ്ഡവം, ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ശേഷം ജോണി സാഗരിക നിര്‍മിക്കുന്ന ചിത്രമാണിത്. പരാജയമേറ്റുവാങ്ങിയ രണ്ട് വന്‍ബഡ്ജറ്റ് ചിത്രങ്ങളുണ്ടാക്കിയ തിരിച്ചടിയില്‍ നിന്ന് ജോണി സാഗരിക കരകയറിയത് ഫോര്‍ ദി പീപ്പിളിന്റെ വിതരണവും കാസറ്റ് വില്പനയും ഏറ്റെടുത്തതിലൂടെയാണ്. സൂപ്പര്‍താര പ്രൊജക്ടുകള്‍ ഉപേക്ഷിച്ച് പുതുതാരനിരയെ അണിനിരത്തി പുതിയ ചിത്രമൊരുക്കാന്‍ ജോണി സാഗരിക തീരുമാനിച്ചതും അതുകൊണ്ടുതന്നെ.
പുതിയ യുവതാരങ്ങള്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് പോള്‍ എന്ന നവാഗതനാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്‍ സിദ്ദിക്കിന്റേതാണ്. നര്‍മത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്.
സിദ്ദിക്കിന്റെ രചന ചിത്രത്തിന്റെ വിജയം ഉറപ്പാക്കുമെന്നാണ് ജോണി സാഗരികയുടെ കണക്കൂകൂട്ടല്‍. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളാക്കിയ സിദ്ദിക്ക് മറ്റ് സംവിധായകരുടെ മൂന്ന് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് തിരക്കഥ രചിച്ചിട്ടുള്ളത്. ഇവയില്‍ മക്കള്‍ മാഹാത്മ്യം, സൂപ്പര്‍മാന്‍ എന്നിവ ശരാശരി വിജയമായപ്പോള്‍ മാന്നാര്‍ മത്തായി സ്പീക്കിംഗ് വന്‍വിജയമായി. സിദ്ദിക്ക് കഥയെഴുതിയ അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രവും വന്‍വിജയമായിരുന്നു.
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ തുടങ്ങും. ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാണ് പദ്ധതി.


Click it and Unblock the Notifications