മോഹന്‍ലാലിന്റെ ഓണച്ചിത്രത്തില്‍ മാറ്റം
മോഹന്‍ലാലിന്റെ ഓണച്ചിത്രത്തില്‍ മാറ്റം
മാര്‍ച്ച് 9, 2006
തന്റെ കരിയറിനോടുള്ളതിനേക്കാള്‍ പ്രതിബദ്ധത മോഹന്‍ലാലിന് തന്റെ സുഹൃത്തുക്കളോടാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. പ്രതിഫലക്കാര്യത്തിലും ഡേറ്റ് നല്‍കുന്നതിലുമെല്ലാം മോഹന്‍ലാല്‍ സുഹൃത്തുക്കളായ സിനിമാ പ്രവര്‍ത്തകര്‍ക്കു വേണ്ടി പല വിട്ടുവീഴ്ചകളും ചെയ്യാറുള്ളത് പ്രശസ്തമാണ്.
സിനിമയില്‍ വന്ന കാലത്തു തന്നെ പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു തുടങ്ങിയവരെ പോലെ നിര്‍മാതാവ് സുരേഷ് കുമാറും മോഹന്‍ലാലിന്റെ ഉറ്റസുഹൃത്താണ്. സുഹൃദ്ബന്ധങ്ങള്‍ക്ക് വലിയ വില കല്പിക്കുന്ന മോഹന്‍ലാല്‍ അവര്‍ക്കു വേണ്ടി തന്റെ കരിയര്‍ നോക്കാതെ പല വിട്ടുവീഴ്ചകളും ചെയ്യാറുണ്ട്. താന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലില്‍ നിന്നു മാത്രം പ്രതീക്ഷിക്കാന്‍ കഴിയുന്ന ചില സഹായങ്ങളാണ് സുരേഷ്കുമാറിന് ലഭിച്ചത്.
സാമ്പത്തിക പ്രശ്നങ്ങളാല്‍ നിര്‍മാതാവെന്ന നിലയില്‍ സുരേഷ്കുമാര്‍ ഒരു പ്രതിസന്ധിയിലാണ്. കോടികള്‍ മുടക്കി നിര്‍മിച്ച ദിലീപ്-പ്രിയദര്‍ശന്‍ ചിത്രം വെട്ടം പരാജയപ്പെട്ടു. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുക അസാധ്യമാവുകയാണെന്ന് ബോധ്യപ്പെട്ടതിനാല്‍ കഥ എന്ന ചിത്രം തിയേറ്റര്‍ റിലീസിംഗിനു മുമ്പ് ടിവി ചാനലിന് നല്‍കേണ്ടിവന്നു. അതിന്റെ പേരില്‍ സിനിമാരംഗത്തെ ഒരു വിഭാഗം സുരേഷ്കുമാറിനെതിരെ തിരിഞ്ഞിട്ടുണ്ട്. വേറെ ചില ചിത്രങ്ങളുടെ പേരില്‍ കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ നിര്‍മാണത്തിനെടുത്ത ചിത്രങ്ങള്‍ സമയത്ത് പൂര്‍ത്തിയാക്കാനോ തിയേറ്ററുകളിലെത്തിക്കാനോ സാധിക്കുന്നില്ല.
മോഹന്‍ലാല്‍ നായകനായ മഹാസമുദ്രം ആണ് സുരേഷ് കുമാര്‍ നിര്‍മാതാവായ പുതിയ ചിത്രം. ഈ ചിത്രവും പ്രതീക്ഷിച്ചതു പോലെ സമയത്ത് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ചിത്രം പൂര്‍ത്തിയാക്കിയാലും ആരും വിതരണത്തിനെടുക്കാന്‍ തയ്യാറല്ലെന്നതാണ് സ്ഥിതി. പല വിധ സമ്മര്‍ദങ്ങള്‍ കാരണമാണ് വിതരണക്കാര്‍ സുരേഷ് കുമാറിന്റെ ചിത്രത്തോട് വിമുഖത പാലിക്കുന്നത്.
ഈ സാഹചര്യത്തില്‍ തനിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സഹായം തന്നെയാണ് മോഹന്‍ലാല്‍ സുരേഷ്കുമാറിന് ചെയ്തിരിക്കുന്നത്. തന്റെ ഈ വര്‍ഷത്തെ ഓണച്ചിത്രമായി മഹാസമുദ്രത്തെ പ്രഖ്യാപിച്ചു. നേരത്തെ ഓണച്ചിത്രമായി വിജി തമ്പി ഒരുക്കുന്ന കനല്‍ പൂര്‍ത്തിയാക്കാമെന്നാണ് കരുതിയിരുന്നെങ്കിലും ആ പ്രൊജക്ടില്‍ സുഹൃത്തിനു വേണ്ടി മോഹന്‍ലാല്‍ ചില മാറ്റങ്ങള്‍ വരുത്തി.
മലയാളത്തിലെ ഏറ്റവും ജനപ്രിയനായ താരത്തിന്റെ ഓണച്ചിത്രം ഏറ്റെടുക്കാന്‍ ഒരു വിതരണക്കാരനും മുന്നോട്ടുവരാതിരിക്കില്ലല്ലോ. കോടികള്‍ കൊയ്യുന്ന ഓണക്കാലത്തെത്തുന്ന മോഹന്‍ലാല്‍ ചിത്രത്തിനോട് മുഖം തിരിഞ്ഞുനില്‍ക്കാന്‍ നിര്‍മാതാക്കള്‍ക്കാവില്ല. അതുകൊണ്ടാണ് മോഹന്‍ലാല്‍ ഇങ്ങനെയൊരു നീക്കം നടത്തിയത്.


Click it and Unblock the Notifications