അടൂരിന്റെ ചിത്രത്തില്‍ മോഹന്‍ലാലില്ല!
മോഹന്‍ലാല്‍ ആദ്യമായി അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഈയിടെയായി നിറഞ്ഞുനിന്നിരുന്നു. മൂന്ന് പെണ്ണുങ്ങളുടെ കഥ എന്നാണ് അടൂരിന്റെ പുതിയ ചിത്രത്തിന്റെ പേര്. മൂന്ന് പെണ്ണുങ്ങളുടെ കഥയ്ക്കിടയില്‍ മോഹന്‍ലാലിന്റെ കഥയെന്താവും? ലാലിന്റെ ആരാധകര്‍ സംശയിച്ചു.
ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ മോഹന്‍ലാല്‍ നായകനാവുന്ന ഒരു ചിത്രത്തിന് ചേരാത്ത പേരെന്ന് തോന്നും. നായകനല്ലെങ്കില്‍ അശോകന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അടൂരിന്റെ അനന്തരത്തില്‍ മമ്മൂട്ടി അഭിനയിച്ചതു പോലൊരു വേഷമാവുമോ ഈ ചിത്രത്തില്‍ മോഹന്‍ലാലിന്? ലാലിന്റെ ആരാധകര്‍ക്ക് ഇനി സംശയങ്ങള്‍ അവസാനിപ്പിക്കാം. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നേയില്ല!
പറയുന്നത് അടൂര്‍ ഗോപാലകൃഷ്ണന്‍ തന്നെയാണ്. താനൊരു ചിത്രത്തെ കുറിച്ചും ലാലുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് അടൂര്‍ പറയുന്നത്. അപ്പോള്‍ അടൂരിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്നുവെന്ന വാര്‍ത്ത വെറും മാധ്യമസൃഷ്ടിയോ? ആണെന്നാണ് അടൂര്‍ പറയുന്നത്.
മാര്‍ച്ച് 11ന് അമ്പലപ്പുഴയില്‍ ചിത്രീകരണം ആരംഭിച്ച മൂന്ന് പെണ്ണുങ്ങളുടെ കഥ തകഴിയുടെ ഏതാനും കഥകളെ ആസ്പദമാക്കി അടൂര്‍ ഒരുക്കുന്നതാണ്. മൂന്ന് പെണ്ണുങ്ങളായി അഭിനയിക്കുന്നത് പത്മപ്രിയ, കാവ്യാ മാധവന്‍, നന്ദിതാദാസ് എന്നിവരാണ്. നെടുമുടി വേണു, മനോജ് കെ.ജയന്‍, മുകേഷ്, ജഗതി, ജഗദീഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.


Click it and Unblock the Notifications