ജയസൂര്യ ദിലീപിന് പകരമോ?

By Staff

ജയസൂര്യ ദിലീപിന് പകരമോ?
മാര്‍ച്ച് 11, 2004

ജയസൂര്യ ദിലീപിന് പകരക്കാരനാണോ? അഭിനയജീവിതത്തിലെ വര്‍ഷങ്ങളുടെ അനുഭവത്തിന്റെ ബലത്തില്‍ സൂപ്പര്‍താരങ്ങളോളം വളര്‍ന്നുകഴിഞ്ഞ ദിലീപിനെ ഇന്നലെ വന്ന ജയസൂര്യയുമായി താരതമ്യപ്പെടുത്തുന്നത് എങ്ങനെ ശരിയാവും എന്ന് വേണമെങ്കില്‍ തിരിച്ചുചോദിക്കാം. എന്നാല്‍ ചില സംവിധായകരെങ്കിലും ജയസൂര്യയെ ദിലീപിന്റെ പകരക്കാരനായി കാണുന്നുണ്ടെന്നതാണ് ശരി.

ചില പ്രത്യേകതരം വേഷങ്ങളിലൂടെയാണ് ദിലീപ് ജനപ്രിയനാവുന്നത്. ജീവിതത്തിലെ പലതരം പ്രശ്നങ്ങള്‍ക്കിടയില്‍പ്പെട്ട് മുന്നോട്ടുപോവാനുള്ള ഓരോ തത്രപ്പാടില്‍ ചിരി സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍. ദിലീപിന് ഏറ്റവും ഇണങ്ങുന്നതും അത്തരം വേഷങ്ങള്‍ തന്നെ. പ്രേക്ഷകര്‍ ദിലീപിനെ കാണാനാഗ്രഹിക്കുന്നതും ആ മാതൃകയിലുള്ള വേഷങ്ങളിലാണ്.

ദിലീപിനായി സംവിധായകര്‍ തുന്നിയെടുക്കുന്ന അത്തരം വേഷങ്ങളില്‍ അഭിനയിക്കാന്‍ സൂപ്പര്‍താരത്തോളം വളര്‍ന്ന നടനെ കിട്ടുന്നതിന് പല സംവിധായകര്‍ക്കും ഇപ്പോള്‍ ബുദ്ധിമുട്ടാണ്. ദിലീപിന്റെ ഡേറ്റ് ഒത്തുകിട്ടുക എന്നത് തന്നെ പ്രശ്നം. ഡേറ്റ് പ്രശ്നമാവുമ്പോള്‍ പലര്‍ക്കും ഏറെ കാത്തിരിക്കാനാവില്ലെന്നുവരും. മറ്റാരെയെങ്കിലും വച്ച് ചിത്രം പൂര്‍ത്തിയാക്കുക എന്നതാവും പിന്നെ അവരുടെ ലക്ഷ്യം. ദിലീപിന്റെ ഡേറ്റ് കിട്ടാതെ പോവുന്ന സംവിധായകര്‍ പകരക്കാരനാര് എന്ന് ചോദിച്ച് ഇപ്പോള്‍ അധികം ബുദ്ധിമുട്ടുന്നില്ല. ജയസൂര്യ എന്ന ഉത്തരം അവരുടെ മുന്നിലുണ്ട്.

ദിലീപിന്റെ പകരക്കാരനാരായാണ് ജയസൂര്യ സിനിമാരംഗത്തു വരുന്നതുതന്നെ എന്നത് കൗതുകകരമായ വസ്തുതയാണ്. വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയാണല്ലോ ജയസൂര്യ സിനിമയിലെത്തുന്നത്. ഈ ചിത്രത്തിലെ ഉരിയാടാപ്പയ്യന്‍ വേഷത്തില്‍ അഭിനയിക്കാന്‍ വിനയന്‍ ആദ്യം ക്ഷണിച്ചത് ദിലീപിനെയായിരുന്നു.

വിനയന്റെ ഓഫര്‍ അന്ന് ദിലീപ് നിരസിച്ചു. അതിന് കാരണമുണ്ട്. ലോഹിതദാസ് തന്റെ ചക്കരപ്പൊട്ടന്‍ എന്ന പുതിയ ചിത്രത്തില്‍ ദിലീപിനായി ഒരു ഊമവേഷം കരുതിവച്ചിട്ടുണ്ടായിരുന്നു. ലോഹി ഇക്കാര്യം ദിലീപിനോട് പറഞ്ഞിരുന്നതാണ്. രണ്ട് ചിത്രങ്ങളില്‍ ഊമവേഷം ചെയ്യാന്‍ താത്പര്യമില്ലെന്ന് പറഞ്ഞാണ് വിനയന്റെ ഓഫര്‍ ദിലീപ് വേണ്ടെന്നുവച്ചത്. (ചക്കരപ്പൊട്ടന്റെ പ്രാഥമികജോലി പോലും ഇതുവരെ തുടങ്ങിയിട്ടില്ല എന്നത് വേറൊരു കാര്യം.)

അന്ന് ദിലീപ് ആ ഓഫര്‍ നിരസിച്ചതാണ് ജയസൂര്യയുടെ സിനിമാഅരങ്ങേറ്റത്തിന് അവസരമൊരുക്കിയത്. അങ്ങനെ ദിലീപിന് പകരക്കാരനായി ജയസൂര്യ വിനയന്റെ ചിത്രത്തിലെ ഉരിയാടാപ്പയ്യനായി. സൂര്യാ ടിവിയില്‍ കോമഡി പരിപാടി അവതരിപ്പിച്ചു നടന്നിരുന്ന പയ്യന് സിനിമാതാരമാവാന്‍ അവസരമുണ്ടാക്കിക്കൊടുത്തത് പരോക്ഷമായാണെങ്കിലും ദിലീപാണെന്ന് ചുരുക്കം. വിനയന്‍ ചിത്രത്തിന് ശേഷം ജയസൂര്യയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ദിലീപിനെ നായകനാക്കി സൂപ്പര്‍ഹിറ്റുകളൊരുക്കിയ സംവിധായകര്‍ ജയസൂര്യയെ തേടിയെത്തി. എല്ലാ അര്‍ഥത്തിലും ദിലീപിന് പകരക്കാരനായി ജയസൂര്യ.

ദിലീപിന്റെ കരിയറിലെ സൂപ്പര്‍ഹിറ്റുകളിലൊന്നാണ് ഈ പറക്കുംതളിക. വലിയ വിജയങ്ങളൊന്നും അതുവരെ അവകാശപ്പെടാനില്ലായിരുന്ന താഹ എന്ന സംവിധായകന്‍ ദിലീപിനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം. പ്രേക്ഷകര്‍ക്ക് ഏറ്റവുമിഷ്ടപ്പെട്ട ദിലീപിന്റെ വേഷങ്ങളിലൊന്നാണ് പറക്കുംതളികയിലെ കഥാപാത്രം.

പറക്കുംതളിക്ക് ശേഷം താഹ പുതിയ ചിത്രം ഒരുക്കാന്‍ പദ്ധതിയിട്ടിപ്പോള്‍ സ്വാഭാവികമായും സമീപിച്ചത് ദിലീപിനെയാണ്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ദിലീപിന്റെ ഡേറ്റ് താഹയ്ക്ക് ഒത്തുകിട്ടിയില്ല. ദിലീപിന്റെ കഥാപാത്രം ജയസൂര്യയെ ഏല്പിക്കാന്‍ താഹ തീരുമാനിച്ചത് അങ്ങനെയാണ്. കേരളഹൗസ് വില്പനയ്ക്ക് എന്ന ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രം ദിലീപിന്റെ കോമഡി വേഷങ്ങളുടെ തനിപ്പകര്‍പ്പാണ്.

ദിലീപിനെ നായകനാക്കിയാണ് ഷാഫി കല്യാണരാമന്‍ എന്ന സൂപ്പര്‍ഹിറ്റൊരുക്കിയത്. മീശ മാധവന് ശേഷം ദിലീപിന് ലഭിച്ച സൂപ്പര്‍ഹിറ്റുകളിലൊന്ന്. കല്യാണരാമന് ശേഷം ഒരുക്കുന്ന പുതിയ ചിത്രത്തിലും ദിലീപിനെ നായകനാക്കാനായിരുന്നു ഷാഫിക്ക് താത്പര്യം. പക്ഷേ അപ്പോഴേക്കും നായകനിരയില്‍ ഉയരങ്ങളിലേക്ക് വളര്‍ന്നുകഴിഞ്ഞ ദിലീപിന്റെ ഡേറ്റ് ഒത്തുകിട്ടാന്‍ ബുദ്ധിമുട്ടായി. ദിലീപിന്റെ ഡേറ്റിനായി ഏറെ കാത്തിരിക്കേണ്ടിവരുമെന്ന് വന്നപ്പോള്‍ ദിലീപില്ലാതെ മറ്റൊരു ചിത്രം ചെയ്യാന്‍ ഷാഫി പദ്ധതിയിട്ടു. കല്യാണരാമന് ശേഷം ഷാഫി ഒരുക്കിയ പുലിവാല്‍ കല്യാണത്തില്‍ നായകനായത് ജയസൂര്യ. ചിത്രം വന്‍വിജയമാവുകയും ചെയ്തു.

ദിലീപിന്റെ കരിയറില്‍ തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിന് പ്രത്യേക സ്ഥാനമുണ്ട്. ചിരിമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകരില്‍ ദിലീപിനോടുള്ള പ്രിയം വളര്‍ത്തിയ ചിത്രമാണ് റാഫി മെക്കാര്‍ട്ടിന്റെ തെങ്കാശിപ്പട്ടണം. ഈ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രണ്ടു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് പുതിയ ചിത്രം ഒരുക്കാന്‍ പദ്ധതിയിട്ട റാഫി മെക്കാര്‍ട്ടിന്‍ നായകനാവാന്‍ ക്ഷണിച്ചത് ദിലീപിനെയാണ്. ചതിയന്‍ ചന്തു എന്ന് പേരിട്ട ചിത്രത്തില്‍ നായകനാവാന്‍ ദിലീപ് ഡേറ്റ് നല്‍കുകയും ചെയ്തു.

ദിലീപിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ പുതിയ ചിത്രം ഒരുക്കുന്നു എന്ന് അനൗണ്‍സ് ചെയ്തതിന് ശേഷമാണ് നായകനടന് ഒരു മനംമാറ്റം. പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ നായകനാവാന്‍ അവസരം ലഭിച്ചപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് മാറ്റിവയ്ക്കാന്‍ ദിലീപ് റാഫി മെക്കാര്‍ട്ടിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രം മാറ്റിവയ്ക്കാന്‍ റാഫി മെക്കാര്‍ട്ടിന്‍ തയ്യാറായില്ല. ദിലീപിന് പകരം മറ്റൊരു നടനെ നായകനാക്കി ചിത്രമെടുക്കാന്‍ അവര്‍ തീരുമാനിച്ചു. പകരക്കാരനായി വന്നതോ ജയസൂര്യ. ചിത്രത്തിന്റെ പേരും മാറ്റി- ചതിക്കാത്ത ചന്തു!. ചതിയന്‍ ദിലീപെന്നും ചതിക്കാത്ത ജയസൂര്യയെന്നും സിനിമാലോകത്ത് ചിലര്‍ അടക്കം പറഞ്ഞു.

ചില സംവിധായകരെ സംബന്ധിച്ചെങ്കിലും ജയസൂര്യ ദിലീപിന് പകരം തന്നെ. ദിലീപിന് പോലും തുടക്കത്തില്‍ കിട്ടാത്ത അവസരങ്ങളാണ് ജയസൂര്യയെ തേടിവരുന്നത്. കോമഡി നമ്പറുകള്‍ തന്നെ ജയസൂര്യയെ ചില സംവിധായകരുടെ ഫേവറിറ്റ് ആക്ടര്‍ ആക്കിമാറ്റിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X