ഉദയന് മഹാവിജയത്തിന്റെ റെക്കോഡ്
ഉദയന് മഹാവിജയത്തിന്റെ റെക്കോഡ്
മാര്‍ച്ച് 11, 2005
മോഹന്‍ലാല്‍ നായകനായ ഉദയനാണ് താരം മലയാളത്തിലെ സര്‍വകാല റെക്കോഡ് വിജയങ്ങളില്‍ സ്ഥാനം പിടിക്കുന്നു. മലയാളത്തില്‍ ഈയടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലാത്ത വന്‍വിജയമാണ് ഉദയനാണ് താരം നേടിയത്.
35 ദിവസത്തിനുള്ളില്‍ 41 കേന്ദ്രങ്ങളില്‍ നിന്നായി ഉദയനാണ് താരത്തിന്റെ കളക്ഷന്‍ 6. 69 കോടി രൂപയാണ്. ഇതില്‍ വിതരണക്കാരനു മാത്രം 2.76 കോടി രൂപ ലഭിക്കും. ചിത്രത്തിന്റെ നിര്‍മാതാവും വിതരണക്കാരനുമായ കാള്‍ട്ടണ്‍ ഫിലിംസിന്റെ സി. കരുണാകരന് ചിത്രം നിര്‍മിക്കാനുണ്ടായ ചെലവ് 2.35 കോടി രൂപയാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച കളക്ഷനിലൂടെ തന്നെ ചിത്രം ലാഭകരമായിരിക്കുന്നുവെന്നര്‍ഥം. മലയാളത്തില്‍ അടുത്ത കാലത്തൊന്നും സംഭവിക്കാത്ത കാര്യമാണ് റിലീസിംഗ് കേന്ദ്രങ്ങളിലെ കളക്ഷനില്‍ നിന്നു തന്നെ ഒരു ചിത്രം ലാഭകരമാവുക എന്നത്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നീ കേന്ദ്രങ്ങളില്‍ ചിത്രം 100 ദിവസം പൂര്‍ത്തിയാക്കാനിടയുണ്ടെന്നാണ് തിയേറ്ററുകളിലെ പ്രേക്ഷക പ്രതികരണം വ്യക്തമാക്കുന്നത്. ഈസ്റര്‍ വരെ ഉദയനുമായി മത്സരിക്കാന്‍ ചിത്രങ്ങളൊന്നുമില്ല. അച്ചുവിന്റെ അമ്മ ഒഴികെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ റിലീസായ ഒരു ചിത്രവും പ്രേക്ഷകര്‍ സ്വീകരിച്ചില്ലെന്നത് ഉദയന്റെ ബോക്സോഫീസ് പ്രകടനത്തിന് അനുകൂലമായി.
ഈസ്ററിന് മൂന്ന് ചിത്രങ്ങളാണ് തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയുടെയും ദിലീപിന്റെയും ചിത്രങ്ങള്‍ ഈസ്ററിനെത്തുന്നുണ്ടെങ്കിലും ഉദയന്റെ വിജകുതിപ്പിനെ അത് ബാധിക്കാനിടയില്ലെന്നാണ് ഈ ചിത്രത്തോടുള്ള പ്രേക്ഷക പ്രതികരണം വ്യക്തമാക്കുന്നത്.
എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഉദയനെ മഹാവിജയമാക്കി മാറ്റിയത്. ഒരു ഇടവേളക്കു ശേഷം മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഉണ്ടായ ഈ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്ന വ്യത്യസ്തമായ ചിത്രമാണ്.


Click it and Unblock the Notifications