റിയാസെന്‍ മലയാളത്തില്‍
റിയാസെന്‍ മലയാളത്തില്‍
മാര്‍ച്ച് 12, 2005
ഹിന്ദിയിലും തമിഴ്, തെലുങ്ക് സിനിമയിലും സാന്നിധ്യമറിയിച്ച ഗ്ലാമര്‍ താരം റിയാസെന്‍ മലയാളത്തിലെത്തുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന അനന്തഭദ്രം എന്ന ചിത്രത്തിലാണ് റിയാസെന്‍ അഭിനയിക്കുന്നത്.
മൂണ്‍മൂണ്‍സെന്നിന്റെ മകളും സുചിത്രാസെന്നിന്റെ പേരമകളുമായ റിയാസെന്‍ ഗ്ലാമര്‍പ്രദര്‍ശത്തിലൂടെയാണ് സിനിമയില്‍ പിടിച്ചുനില്‍ക്കുന്നത്. മോഡലിംഗ് രംഗത്ത് പ്രശസ്തയായതിന് ശേഷമാണ് റിയാസെന്‍ സിനിമയിലെത്തുന്നത്. ഹിന്ദിയില്‍ അഭിനയിച്ച ചിത്രങ്ങള്‍ പരാജയമായതിന് ശേഷം തെന്നിന്ത്യന്‍ സിനിമകളില്‍ കൂടുതലായി ശ്രദ്ധ പതിപ്പിക്കുകയാണ് റിയ.
അനന്തഭദ്രത്തില്‍ രണ്ട് നായികമാരിലൊരാളായാണ് റിയാസെന്‍ അഭിനയിക്കുന്നത്. കാവ്യമാധവനാണ് മറ്റൊരു നായിക. തമിഴിലും തെലുങ്കിലും റിയ അവതരിപ്പിച്ചത് പ്രത്യേകതകളൊന്നുമില്ലാത്താ കഥാപാത്രങ്ങളാണെങ്കില്‍ അനന്തഭദ്രത്തില്‍ ഈ നടിക്ക് ഏറെ വ്യത്യസ്തമായ വേഷമാണ്.
കൊല്ലനായ ചെമ്പന്റെ പെങ്ങള്‍ ഭാമ എന്ന സുന്ദരിയെയാണ് റിയ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചെമ്പനായി അഭിനയിക്കുന്നത് കലാഭവന്‍ മണിയാണ്. ഭാമയുമായി പ്രണയത്തിലകപ്പെടുന്ന ദിഗംബരന്‍ എന്ന കഥാപാത്രത്തെ മനോജ് കെ. ജയന്‍ അവതരിപ്പിക്കുന്നു.
പൃഥ്വിരാജ് നായകനാവുന്ന അനന്തഭദ്രം ഒരു യക്ഷിക്കഥയാണ് പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുനില്‍ പരമേശ്വരനാണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് എം. ജി. രാധാകൃഷ്ണന്‍ ഈണം പകരുന്നു. ശ്രീഭദ്ര പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications