twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യൂത്ത് ഫെസ്റിവലില്‍ എബി കുഞ്ഞുമോന്‍

    By Staff
    |

    യൂത്ത് ഫെസ്റിവലില്‍ എബി കുഞ്ഞുമോന്‍
    മാര്‍ച്ച് 13, 2004

    മലയാളത്തില്‍ കാമ്പസ് പശ്ചാത്തലത്തില്‍ മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു- ജോസ് തോമസ് സംവിധാനം ചെയ്യുന്ന യൂത്ത് ഫെസ്റിവല്‍. എബി കുഞ്ഞുമോന്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു.

    ചിത്രത്തില്‍ സിദ്ധാര്‍ഥും എബി കുഞ്ഞുമോനുമാണ് നായകന്‍മാര്‍. രഞ്ജിത്തിന്റെ ഹലോ എന്ന ചിത്രത്തില്‍ എബി കുഞ്ഞുമോനെയാണ് നായകനായി തീരുമാനിച്ചിരുന്നതെങ്കിലും ആ ചിത്രം തുടങ്ങുന്നത് ചില കാരണങ്ങളാല്‍ നീണ്ടുപോയതിനാല്‍ യൂത്ത് ഫെസ്റിവലിലൂടെയായി എബി കുഞ്ഞുമോന്റെ സിനിമയിലെ അരങ്ങേറ്റം.

    നിര്‍മ്മാതാവ് കെ.ടി. കുഞ്ഞുമോന്റെ മകനാണ് എബി കുഞ്ഞുമോന്‍. തമിഴില്‍ നേരത്തെ എബിയെ നായകനാക്കി കുഞ്ഞുമോന്‍ ഒരു ചിത്രം നിര്‍മ്മിച്ചെങ്കിലും അത് പരാജയമായി. ഇപ്പോള്‍ മലയാളത്തില്‍ ഭാഗ്യം തേടിയെത്തുകയാണ് എബി.

    മധു വാര്യരെയായിരുന്നു ഈ ചിത്രത്തില്‍ നേരത്തെ സിദ്ധാര്‍ഥിനൊപ്പം നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ പറയാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മധു വാര്യര്‍ക്ക് യൂത്ത് ഫെസ്റിവലില്‍ അഭിനയിക്കാനായില്ല.

    ചിത്രത്തില്‍ രണ്ടു നായികമാരുണ്ട്- ഭാവനയും മീനാക്ഷിയും. വെള്ളിനക്ഷത്രത്തിന് ശേഷം മീനാക്ഷി നായികയാവുന്ന ചിത്രമാണ് യൂത്ത് ഫെസ്റിവല്‍.

    അര്‍ജുന്‍, ശിവന്‍ എന്നീ രണ്ടു കൂട്ടുകാരുടെ സൗഹൃദബന്ധത്തിന്റെയും അവരുടെ ജീവിതത്തിലേക്ക് കടുന്നുവരുന്ന രണ്ട് പെണ്‍കുട്ടികളുടെയും കഥയാണ് യൂത്ത് ഫെസ്റിവല്‍ പറയുന്നത്.

    സമ്പന്നനായ അച്യുതന്റെ ഏകമകനാണ് അര്‍ജുന്‍. കോളജ് വിദ്യാര്‍ഥിയായ അവന്റെ കൂട്ടുകാരനാണ് ശിവന്‍. അവന്‍ കോളജില്‍ പഠിക്കുന്നില്ലെങ്കിലും കാമ്പസില്‍ ഒരു വിദ്യാര്‍ഥിയെ പോലെയാണ് പെരുമാറുന്നത്. കാമ്പസിലെ വിദ്യാര്‍ഥിനിയായ പാര്‍വതിയുമായി ശിവന് അടുത്ത സൗഹൃദമുണ്ട്. പഠനത്തിന് പുറമെ മോഡലിലിംഗിലും സജീവമാണ് പാര്‍വതി.

    കോളജിലുണ്ടായ ചില പ്രശ്നങ്ങള്‍ മൂലം അര്‍ജുന് അവിടം വിട്ടുനില്‍ക്കേണ്ടിവരുന്നു. അവനെ അച്യുതന്‍ കൊടൈക്കനാലിലെ തന്റെ സുഹൃത്തായ കൊടൈക്കണ്ടന്റെ അടുത്തേക്ക് വിടുന്നു. കൊടൈക്കനാലിലേക്ക് തിരിച്ച അര്‍ജുനെ കാണുന്നതിനായി ശിവനും അവിടേക്ക് തിരിക്കുന്നു.

    അര്‍ജുന്‍ എത്തുന്നതിന് മുമ്പ് തന്നെ ശിവന്‍ കൊടൈക്കനാലിലെത്തി. കൊടൈക്കണ്ടന്റെ വീട്ടിലെത്തിയ ശിവനെ അര്‍ജുനാണെന്ന് തെറ്റിദ്ധരിച്ച് അവനെ സ്വീകരിച്ചു. തന്റെ മകള്‍ ആതിരയെ അര്‍ജുനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നാണ് കൊടൈക്കണ്ടന്റെ ആഗ്രഹം. അതേ സമയം കൊടൈക്കണ്ടന്റെ ഭാര്യാമാതാവ് വാരിയമ്മയുടെ ആഗ്രഹം തന്റെ സഹോദരന്‍ വീരപാണ്ഡ്യകട്ടബൊമ്മനെ കൊണ്ട് ആതിരയെ വിവാഹം കഴിപ്പിക്കണമെന്നാണ്.

    ഇതിനിടയിലാണ് അര്‍ജുന്‍ അവിടെയെത്തുന്നത്. ഇരുവരും ആള്‍മാറാട്ടം തുടരാന്‍ തീരുമാനിച്ചു. തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് യൂത്ത് ഫെസ്റിവലിനെ മുന്നോട്ടുകൊണ്ടുപോവുന്നത്.

    അര്‍ജുനെ സിദ്ധാര്‍ഥും ശിവനെ എബി കുഞ്ഞുമോനും പാര്‍വതിയെ ഭാവനയും ആതിരയെ മീനാക്ഷിയുമാണ് അവതരിപ്പിക്കുന്നത്. വീരപാണ്ഡ്യകട്ടബൊമ്മനായി അഭിനയിക്കുന്നത് സലിംകുമാറാണ്. വാരിമ്മയെ തമിഴ് നടി വടിവുക്കരശി അവതരിപ്പിക്കുന്നു.

    അച്യുതനായി സി.ഐ. പോളും കൊടൈക്കണ്ടനായി കൊച്ചിന്‍ ഹനീഫയും അഭിനയിക്കുന്നു. കോട്ടയം നസീര്‍, നിയാസ്, ശ്രീക്കുട്ടി, കിഷോര്‍ സത്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

    വി. സി. അശോകിന്റെതാണ് രചന. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് എം. ജയചന്ദ്രനാണ്. ഛായാഗ്രഹണം അനില്‍ നായര്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X