twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുനര്‍ജനിക്കാന്‍ ചന്തുവും

    By Staff
    |

    പുനര്‍ജനിക്കാന്‍ ചന്തുവും
    മാര്‍ച്ച് 14, 2004

    സിബിഐ ഓഫീസറായ സേതുരാമയ്യര്‍ക്ക് പിന്നാലെ മമ്മൂട്ടിയുടെ മറ്റൊരു ഉജ്വലകഥാപാത്രം കൂടി പുനര്‍ജനിക്കുന്നു- ഒരു വടക്കന്‍ വീരഗാഥയിലെ പയ്യംവെള്ളി ചന്തു!

    വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിന് പുതിയൊരു പരിവേഷം നല്‍കിയാണ് ഒരു വടക്കന്‍ വീരഗാഥയില്‍ ഹരിഹരന്‍- എം. ടി. വാസുദേവന്‍നായര്‍ ടീം അവതരിപ്പിച്ചത്. സംഭാഷണങ്ങളിലും ശരീരഭാഷയിലും ഉജ്വലമായ അഭിനയചാതുരി കാട്ടിയ മമ്മൂട്ടിയിലൂടെ ചന്തു പുതിയൊരു രൂപത്തോടെയും ഭാവത്തോടെയും പ്രേക്ഷക മനസില്‍ പതിഞ്ഞു.

    മമ്മൂട്ടിയുടെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു വടക്കന്‍ വീരഗാഥയിലെ ചന്തു. വടക്കന്‍ വീരഗാഥയിലെയും മതിലുകളിലെയും അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിച്ചത്.

    അന്ന് ദേശീയ അവാര്‍ഡിനായി അവസാനവട്ട മത്സരത്തില്‍ മമ്മൂട്ടിക്ക് ഒപ്പത്തിനൊപ്പം കിരീടത്തില്‍ മികച്ച അഭിനയം കാഴ്ചവച്ച മോഹന്‍ലാലുമുണ്ടായിരുന്നു. രണ്ട് ചിത്രങ്ങളിലെ അഭിനയം പരിഗണിക്കപ്പെട്ടുവെന്നത് കണക്കിലെടുത്താണ് അന്ന് ജൂറി മമ്മൂട്ടിയെ ദേശീയ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. മതിലുകളോടൊപ്പം വടക്കന്‍ വീരഗാഥയിലും മികച്ച അഭിനയം കാഴ്ച വച്ചതിനാണ് മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിച്ചത്. അതുകൊണ്ടുതന്നെ വടക്കന്‍ വീരഗാഥയിലെ ചന്തു എന്ന കഥാപാത്രത്തിന് മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ സവിശേഷമായ സ്ഥാനമുണ്ട്.

    ആ കഥാപാത്രത്തെയാണ് ഹരിഹരന്‍ പുനര്‍ജനിപ്പിക്കുന്നത്. വടക്കന്‍ വീരഗാഥയുടെ തിരക്കഥാക്കൃത്തായ എം. ടി. വാസുദേവന്‍നായരുടെ തൂലികയിലൂടെയല്ല ചന്തു പുനര്‍ജനിക്കുന്നതെന്നു മാത്രം. സിനിമാരംഗത്ത് ഇപ്പോള്‍ സജീവമല്ലാത്ത എം. ടിക്ക് പകരം ടി. ദാമോദരന്‍ പുതിയ ചിത്രത്തിന് തിരക്കഥ രചിക്കും.

    പയ്യംവെള്ളി ചന്തുവെന്നാണ് ചിത്രത്തിന്റെ പേര്. വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന് രണ്ട് കോടിയോളം രൂപയാണ് ബഡ്ജറ്റ്. ഗായത്രി സിനിമയുടെ ബാനറില്‍ ഹരിഹരന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

    സേതുരാമയ്യര്‍ സിബിഐയുടെ വന്‍വിജയത്തോടെ മമ്മൂട്ടിയുടെ ഉജ്വല കഥാപാത്രങ്ങള്‍ ഒന്നൊന്നായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. സിബിഐ ഡയറിക്കുറിപ്പിന്റെ മൂന്നാം ഭാഗമായി ഒരുക്കിയ ചിത്രത്തില്‍ സിബിഐ ഓഫീസറായ സേതുരാമയ്യരെ അവതരിപ്പിച്ച മമ്മൂട്ടി ഐ. വി. ശശി സംവിധാനം ചെയ്യുന്ന ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തില്‍ തന്റെ പഴയ രണ്ട് കഥാപാത്രങ്ങളെയാണ് വീണ്ടും അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടി ഇന്‍സ്പെക്ടര്‍ ബല്‍റാം, കള്ളക്കടത്ത് രാജാവായ താരാദാസ് എന്നീ കഥാപാത്രങ്ങള്‍ക്ക് വീണ്ടും ജീവന്‍ നല്‍കുന്നു.

    ഐ. വി. ശശി ചിത്രത്തിന് ശേഷമാണ് ഹരിഹരന്‍ ചിത്രത്തിനായി മമ്മൂട്ടി വീണ്ടും പയ്യംവെള്ളി ചന്തുവാകുന്നത്. നേരത്തെ അവതരിപ്പിച്ച നാല് കഥാപാത്രങ്ങളായി വീണ്ടും അഭിനയിക്കാന്‍ അവസരം ലഭിച്ച നടനെന്ന സ്ഥാനം ഒരു പക്ഷേ മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടതാവും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X