ഈസ്ററിന് മൂന്ന് ചിത്രങ്ങള്‍
ഈസ്ററിന് മൂന്ന് ചിത്രങ്ങള്‍
മാര്‍ച്ച് 15, 2005
ഉദയനാണ് താരവും അച്ചുവിന്റെ അമ്മയും നേടിയ വന്‍വിജയം മലയാള സിനിമാ വ്യവസായത്തിന് പുതിയൊരു ഉണര്‍വാണ് നല്‍കിയത്. ഈസ്ററിന് ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുന്നത് ഈ ഉണര്‍വ് നല്‍കുന്ന പ്രതീക്ഷകളോടെയാണ്.
മൂന്ന് ചിത്രങ്ങളാണ് ഇത്തവണ ഈസ്ററിനെത്തുന്നത്. മമ്മൂട്ടിയുടെയും ദിലീപിന്റെയും പൃഥിരാജിന്റെയും ഈ വര്‍ഷത്തെ ആദ്യത്തെ ചിത്രങ്ങളാണിവ.
സൂപ്പര്‍ഹിറ്റായ വേഷത്തിനു ശേഷം ഹിറ്റ് ആവര്‍ത്തിക്കാനായി വീണ്ടും മമ്മൂട്ടി ചിത്രമെത്തുന്നത് മാര്‍ച്ച് 18നാണ്. ഷാഫി സംവിധാനം ചെയ്ത തൊമ്മനും മക്കളും സാധാരണപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രമാണ്. മമ്മൂട്ടിക്കൊപ്പം ലാലും രാജന്‍ പി. ദേവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക കന്നഡ-തെലുങ്ക് നടി ലയയാണ്. തമാശയും ആക്ഷനുമൊക്കെ ചേരുവയായുള്ള ഒരു മസാല ചിത്രമാണ് തൊമ്മനും മക്കളും.
ഈസ്റര്‍ദിനമായ മാര്‍ച്ച് 27ന് തിയേറ്ററിലെത്തുന്ന കൊച്ചിരാജാവില്‍ ദിലീപിന് ഏറെ പ്രതീക്ഷകളാണുള്ളത്. രസികന്റെ പരാജയമുണ്ടാക്കിയ ക്ഷീണം ഈ ചിത്രത്തോടെ മാറുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ. കഴിഞ്ഞവര്‍ഷം ഒരു സൂപ്പര്‍ഹിറ്റും ക്രെഡിറ്റിലില്ലാത്ത ദിലീപ് ഈ ചിത്രത്തിലൂടെ തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സിഐഡി മൂസ ഒരുക്കിയ ജോണി ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിരി വിതറാനായി ജഗതി ശ്രീകുമാറും ഹരിശ്രീ അശോകനുമൊക്കെ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ രംഭയും കാവ്യാ മാധവനുമാണ് നായികമാര്‍.
ദിലീപ്, മമ്മൂട്ടി ചിത്രങ്ങള്‍ വിതരണത്തിനെത്തിക്കുന്നത് ലാലാണ്. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ നിര്‍മാതാവും ലാലാണ്.
പൃഥ്വിരാജിനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് അവധിക്കാല ചിത്രമെന്ന നിലയിലാണ് എത്തുന്നത്. അഞ്ഞൂറോളം കുള്ളന്‍മാര്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം സാധാരണപ്രേക്ഷകരെയും കുട്ടികളെയുമാണ് ലക്ഷ്യമിടുന്നത്. മാസങ്ങള്‍ക്കു ശേഷമാണ് പൃഥ്വിരാജിന്റെ ഒരു ചിത്രം തിയേറ്ററിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓണച്ചിത്രമായ സത്യമാണ് ഒടുവിലത്തെ പൃഥ്വിരാജ് ചിത്രം. ദു:ഖവെള്ളിയാഴ്ചയായ മാര്‍ച്ച് 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
മാര്‍ച്ച് അവസാനത്തിലെത്തുന്ന ഈ ചിത്രങ്ങളെല്ലാം വിഷു വിപണി കൂടി ലക്ഷ്യമിട്ടാണെത്തുന്നത്. വിഷുവിനുംഈ ചിത്രങ്ങളെല്ലാം തിയേറ്ററുകളിലുണ്ടാവും. ആറോളം ചിത്രങ്ങളായിരിക്കും ഇത്തവണ വിഷുവിനുണ്ടാവുക.


Click it and Unblock the Notifications