പ്രണയത്തിന്റെ ചൊല്ലിയാട്ടം
പ്രണയത്തിന്റെ ചൊല്ലിയാട്ടം
മാര്‍ച്ച് 18, 2004
നവാഗതനായ കണ്ണന്‍ പെരുമുടിയൂര്‍ സംവിധാനം ചെയ്യുന്ന ചൊല്ലിയാട്ടം ഒരു അപൂര്‍വ പ്രണയകഥ പറയുന്ന ചിത്രമാണ്. ഫ്രഞ്ചുകാരിയായ എലീസ ഡോറ നായികയാവുന്നുവെന്ന സവിശേഷത ചിത്രത്തിനുണ്ട്. അരവിന്ദാണ് നായകന്‍.
ഫ്രാന്‍സില്‍ ജനിച്ചു വളര്‍ന്ന റോമി എന്ന പെണ്‍കുട്ടിയില്‍ കേരളത്തോടുള്ള സ്നേഹം വളര്‍ന്നത് തന്റെ പ്രൊഫസര്‍ പറഞ്ഞ വിവരങ്ങളിലൂടെയാണ്. മനക്കാഴ്ചയില്‍ മാത്രമറിഞ്ഞ നാടിനെ നേരിട്ടറിയാന്‍ റോമി കേരളത്തിലെത്തി. തന്റെ പ്രിയനാടിലൂടെയുള്ള യാത്രയ്ക്കിടയിലാണ് അവള്‍ ഉണ്ണിയെ പരിചയപ്പെടുന്നത്. ആ ബന്ധം പ്രണയമായി വളര്‍ന്നു. എന്നാല്‍ സംസ്കാരങ്ങള്‍ തമ്മിലുള്ള ഭിന്നത മറന്ന് പ്രണയിച്ച അവരുടെ മേല്‍ യാഥാസ്ഥിതിക സമൂഹം കരിനിഴല്‍ വീഴ്ത്തി.
റോമിയെ എലീസ് ഡോറയും ഉണ്ണിയെ അരവിന്ദും അവതരിപ്പിക്കുന്നു. മഹി വിജ് എന്ന മുംബൈ മോഡലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സഞ്ജീവ് ശിവന്റെ മമ്മൂട്ടി ചിത്രമായ അപരിചിതനിലും മഹിവിജിന് ഒരു പ്രധാനവേഷമുണ്ട്.
നിത്യാദാസ്, മേഘനാഥന്‍, കലാശാല ബാബു, ഗീതാസലാം, എം. ആര്‍. ഗോപകുമാര്‍, മേരി ജോണ്‍, റിയാ ജോണ്‍, സവിത എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കേരളത്തിലും പാരീസിലുമായാണ് ചൊല്ലിയാട്ടം ചിത്രീകരിക്കുന്നത്. ഫ്രഞ്ച് സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.
തിരക്കഥ രചിച്ചിരിക്കുന്നത് ശത്രുഘ്നനാണ്. ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍. ബോബി എസ്. മാത്യു, സുധീര്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications