twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് ഇനി ആക്ഷന്‍ഹീറോ

    By Staff
    |

    ദിലീപ് ഇനി ആക്ഷന്‍ഹീറോ
    മാര്‍ച്ച് 18, 2004

    ദിലീപിന്റെ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ജോഷി ചിത്രമായ റണ്‍വെയിലെ കള്ളക്കടത്തുകാരനായ വാളയാര്‍ പരമശിവം. ദിലീപ് ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള വേഷത്തിലാണ് റണ്‍വെയില്‍ പ്രത്യക്ഷപ്പെടുന്നത്.

    കോമഡിവേഷങ്ങളില്‍ നിന്നും മുക്തനായി വ്യത്യസ്തമായ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ദിലീപിന്റെ ശ്രമമെന്നതിലുപരി മറ്റ് ചില പ്രത്യേകതകള്‍ കൂടി ഈ കഥാപാത്രത്തിനുണ്ട്. ജനപ്രിയ നായകനായി മാറിയിട്ടും, സൂപ്പര്‍ഹിറ്റുകള്‍ ഒന്നൊന്നായി പുറത്തിറങ്ങിയിട്ടും സൂപ്പര്‍സ്റാര്‍ എന്ന വിശേഷണം ദിലീപിന് ഇപ്പോഴും വിദൂരമായി കിടക്കുകയാണ്. ജനപ്രിയ നായകനില്‍ നിന്ന് സൂപ്പര്‍താരമായി വളരാനുള്ള ഒരു ചവിട്ടുപടിയായാണ് ദിലീപ് റണ്‍വെയിലെ കഥാപാത്രത്തെ കാണുന്നത്.

    ആക്ഷന്‍ വേഷങ്ങള്‍ അവതരിപ്പിച്ചാല്‍ മാത്രമേ ഏത് ജനപ്രിയ നടനെയും സൂപ്പര്‍താരമായി മാധ്യമങ്ങള്‍ അംഗീകരിക്കാറുള്ളൂ. താരം സൂപ്പറാവുന്നത് ആക്ഷന്‍ ചെയ്യുമ്പോഴാണ് എന്നാണ് മാമൂല്‍സങ്കല്പം. ആദ്യമായി ദിലീപ് ആക്ഷന്‍ വേഷം ചെയ്യുന്നതും സൂപ്പര്‍താര പദവിയില്‍ കണ്ണുവച്ചുതന്നെ.

    ആക്ഷന്‍ വേഷം എന്നതിലുപരി അല്പം നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രം കൂടിയായാല്‍ സൂപ്പര്‍താര ഇമേജിന് ചേരുന്നതാവും എന്ന കണക്കുകൂട്ടല്‍ കൂടിയുണ്ട് വാളയാര്‍ പരമശിവം എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയ്ക്ക് പിന്നില്‍. കള്ളക്കടത്ത് പോലുള്ള സമൂഹം അംഗീകരിക്കാത്ത അധോലോകവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ചെയ്യുന്ന, എന്നാല്‍ നല്ലവനും വീരശൂരപരാക്രമിയുമായ നായകന്‍ സിനിമയില്‍ നന്നായി വില്‍ക്കപ്പെട്ടിട്ടുള്ള കഥാപാത്ര മാതൃകയാണ്. ഇത്തരം ആക്ഷന്‍ ഹീറോ വേഷങ്ങളാണ് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും സൂപ്പര്‍താരമായുള്ള വളര്‍ച്ചയില്‍ ഏറെ ഗുണം ചെയ്തത്.

    അതിരാത്രം എന്ന ചിത്രത്തിലെ താരാദാസ് എന്ന കള്ളക്കടത്തുകാരന്‍ മമ്മൂട്ടിയുടെ ഏറ്റവും ജനപ്രിയമായ വേഷങ്ങളിലൊന്നായിരുന്നു. മമ്മൂട്ടി സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്ന ഘട്ടത്തില്‍ ചെയ്ത വേഷമാണിത്. താരാദാസ് എന്ന കഥാപാത്രത്തെ ഐ. വി. ശശിയുടെ പുതിയ ചിത്രത്തിന് വേണ്ടി പുനരുജ്ജീവിപ്പിക്കുന്നതും പ്രേക്ഷകര്‍ സ്വീകരിച്ച മമ്മൂട്ടി കഥാപാത്രമെന്ന നിലയിലാണ്.

    രാജാവിന്റെ മകന്‍, ഇരുപതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളോടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍താരമായി അംഗീകരിക്കപ്പെടുന്നത്. രാജാവിന്റെ മകനില്‍ അധോലോക നായകനായ വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. നെഗറ്റീവ് പരിവേഷമുള്ള ഈ വീരനായക കഥാപാത്രം മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന്റെ കരിയറില്‍ ഏറെ പ്രാധാന്യമുള്ള വേഷമാണ്.

    ഇരുപതാം നൂറ്റാണ്ടില്‍ കള്ളക്കടത്തുകാരനായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാല്‍ കഥാപാത്രമായ സാഗര്‍ എന്ന ജാക്കി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ആക്ഷന്‍ ഹീറോ വേഷങ്ങളിലൊന്നാണ്. താന്‍ ഒരു കള്ളക്കടത്തുകാരനാണെന്ന വിവരം വീട്ടുകാരറിയാതെ സൂക്ഷിക്കുന്ന, സ്വന്തം അമ്മയ്ക്ക് വേണ്ടി ജീവിക്കുന്ന ഈ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്നതാണ് റണ്‍വെയിലെ ദിലീപിന്റെ വേഷം.

    റണ്‍വെയിലെ വാളയാര്‍ പരമശിവം കടം വീട്ടാനാവാതെ ഉഴലുന്ന വീട്ടുകാര്‍ക്കു വേണ്ടി ദുബായില്‍ പോയി കള്ളക്കടത്തുകാരനായി മാറുന്ന കഥാപാത്രമാണ്. ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മയായിരുന്നു വേഷമിട്ടത്. റണ്‍വെയില്‍ ദിലീപിന്റെ അമ്മയായി വേഷമിടുന്നതും കവിയൂര്‍ പൊന്നമ്മയാണ്.

    മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്ന വേഷങ്ങളാണ് ദിലീപിന്റെ കരിയറില്‍ ചവിട്ടുപടികളായിട്ടുള്ളത്. ഇപ്പോള്‍ ദിലീപ് അവതരിപ്പിക്കുന്ന ആക്ഷന്‍ ഹീറോ വേഷവും മറ്റൊരു മോഹന്‍ലാല്‍ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്നുവെന്നത് യാദൃശ്ചികമാവാം.

    അല്പം അമാനുഷികമായ വേഷങ്ങളില്‍ നേരത്തെ ദിലീപ് പ്രത്യക്ഷപ്പെട്ടിട്ടുള്ളതാണ്. സിഐഡി മൂസ എന്ന ചിത്രത്തിലെ ദിലീപിന്റെ കഥാപാത്രത്തിന് അല്പം അമാനുഷികത്വമുണ്ട്. രഞ്ജിത്തിന്റെ മിഴി രണ്ടിലും എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ദിലീപിന്റെ കഥാപാത്രം വേഷത്തിലും സംഭാഷണത്തിലും രഞ്ജിത്ത് തിരക്കഥയെഴുതിയ ചില ചിത്രങ്ങളിലെ മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ഈ വേഷങ്ങളൊന്നും ദിലീപിനെ സൂപ്പര്‍താരമാക്കിയില്ല. വാളയാര്‍ പരമശിവം എന്ന കഥാപാത്രത്തോടെയെങ്കിലും ദിലീപ് സൂപ്പര്‍താരമെന്ന് വിളിക്കപ്പെടുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X