തസ്കരവീരനിലെ പൈലിയായി മധു
തസ്കരവീരനിലെ പൈലിയായി മധു
മാര്‍ച്ച് 18, 2005
മലയാളത്തിലെ ഒരു തലമുറയിലെ നായകനടന്‍മാരില്‍ പ്രമുഖനായിരുന്ന മധു പില്‍ക്കാലത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ തന്റെ സാന്നിധ്യം നിലനിര്‍ത്തിയിരുന്നു. നാടുവാഴികള്‍, ചമ്പക്കുളം തച്ചന്‍, കുടുംബവിശേഷം, എഴുപുന്നതരകന്‍ തുടങ്ങിയ പല ചിത്രങ്ങളിലും കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച മധു സിനിമയില്‍ പഴയ തലമുറയുടെ ഒരു കണ്ണിയായി നിലനിന്നു.
ഇടക്കാലത്ത് അസുഖം മൂലം മധുവിന് സിനിമാലോകത്തില്‍ നിന്നും വിട്ടുനിനില്‍ക്കേണ്ടിവന്നിരുന്നു. ഒരു ഇടവേളക്ക് ശേഷം മധു ശ്രദ്ധേയമായ കഥാപാത്രവുമായി വീണ്ടും തിരിച്ചെത്തുകയാണ്. മമ്മൂട്ടി നായകനാവുന്ന തസ്കരവീരന്‍ എന്ന ചിത്രത്തിലാണ് മധു താന്‍ മുമ്പ് അവതരിപ്പിച്ചതു പോലുള്ള ശക്തമായ ഒരു കഥാപാത്രവുമായെത്തുന്നത്.
പൈലി എന്ന കഥാപാത്രത്തെയാണ് മധു ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വൃദ്ധനായ പൈലിക്ക് ഏറെ സവിശേഷതകളുണ്ട്. ഈ കഥാപാത്രമാവുന്നതിന് മേക്കപ്പിലൂടെ മധുവിന്റെ മുഖത്ത് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
മലയാളത്തിലെ പഴയകാല ജോഡിയായ മധുവും ഷീലയും ഏറെ കാലത്തിന് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. മമ്മൂട്ടി അവതരിപ്പിക്കുന്ന അറക്കുളം ബേബി എന്ന കഥാപാത്രത്തിന്റെ മുത്തശിയുടെ സ്ഥാനത്ത് നില്‍ക്കുന്ന കഥാപാത്രത്തെയാണ് ഷീല ഈ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications