തൊമ്മന്‍ ഉദയനെ മറികടക്കുമോ?
തൊമ്മന്‍ ഉദയനെ മറികടക്കുമോ?
മാര്‍ച്ച് 19, 2005
ഒരു ചിത്രം നേടുന്ന വന്‍വിജയം സാധാരണഗതിയില്‍ മറ്റൊരു ചിത്രത്തിന്റെ നിര്‍മാതാവിനെ ക്ഷുഭിതനാക്കേണ്ടതില്ല. എന്നാല്‍ നിര്‍മിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റായിരിക്കണമെന്ന് വാശിയുള്ള ഒരു നിര്‍മാതാവിന് തന്റെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പ്രമുഖ തിയേറ്ററുകള്‍ ലഭിക്കാതെ പോവുമ്പോള്‍ അതിന് കാരണമായ ചിത്രത്തോടും അതിന്റെ നിര്‍മാതാവിനോടും ക്ഷോഭം തോന്നുക സ്വാഭാവികം.
നടനും വിതരണക്കാരനും കൂടിയായ ലാലാണ് ഈ ക്ഷുഭിതനായ ഈ നിര്‍മാതാവ്. ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഉദയനാണ് താരം താന്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ഉപനായകനായി വേഷമിടുകയും ചെയ്ത തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് പ്രതിബന്ധം സൃഷ്ടിച്ചപ്പോഴാണ് ലാല്‍ രോഷാകുലനായത്.
കേരളത്തിലെ പ്രധാന തിയേറ്ററുകളായ എറണാകുളം ഷേണായീസ്, തിരുവനന്തപുരം ശ്രീകുമാര്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും ഉദയനാണ് താരം പ്രദര്‍ശിപ്പിച്ചുവരികയാണ്. സൂപ്പര്‍ഹിറ്റ് പ്രതീക്ഷയുമായെത്തുന്ന വന്‍കിട സൂപ്പര്‍താരചിത്രങ്ങള്‍ ഈ തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കാറുള്ളത്. ലാല്‍ ക്രിയേഷന്‍സിന്റെ സൂപ്പര്‍ഹിറ്റായ എല്ലാ ചിത്രങ്ങളും ഈ തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇത്തവണ മാത്രം ഈ തിയേറ്ററുകളില്‍ ലാല്‍ ക്രിയേഷന്‍സിന്റെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായില്ല. ഇപ്പോഴും ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന ഉദയനാണ് താരത്തിന്റെ പ്രദര്‍ശനം അവസാനിപ്പിക്കുന്നതെങ്ങനെയെന്ന് തിയേറ്ററുടമകള്‍ ചോദിച്ചതോടെ ലാല്‍ ക്ഷുഭിതനായി.
ക്ഷുഭിതനായ ലാല്‍ ഇപ്പോള്‍ ഒരു പന്തയത്തിലാണ്. ഉദയനേക്കാള്‍ വലിയ വിജയമാവും തൊമ്മന്‍ എന്നതാണ് ലാലിന്റെ പന്തയം. ഉദയന് ഒരു മത്സരം നല്‍കാനായി മാര്‍ച്ച് 27ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം 18ന് റിലീസ് ചെയ്യുകയും ചെയ്തു. തൊമ്മന്‍ ഉദയനെ മറികടക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.


Click it and Unblock the Notifications