വിഷുവിന് സൂപ്പര്‍താരയുദ്ധം
പ്രേക്ഷകര്‍ക്ക് വിഷുക്കൈനീട്ടമായി മലയാള സിനിമ നല്‍കുന്നത് ഒരു സൂപ്പര്‍താര യുദ്ധമാണ്. അങ്കക്കളത്തില്‍ നേടുന്നതാര്, കാലിടറുന്നതാര്‍ക്ക് എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം. താരങ്ങള്‍ക്ക് മാത്രമല്ല സംവിധായകര്‍ക്കും ഇത് അതിജീവനത്തിന്റെ യുദ്ധക്കളമാണ്.
അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ബിഗ് ബി, അന്‍വര്‍ റഷീദിന്റെ മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാ മുംബൈ, സത്യന്‍ അന്തിക്കാടിന്റെ ദിലീപ് ചിത്രമായ വിനോദയാത്ര, സുരേഷ് ഗോപിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ബ്ലാക്ക് ക്യാറ്റ് എന്നിവയാണ് സൂപ്പര്‍ താര-സംവിധായക യുദ്ധത്തില്‍ പടവെട്ടുന്നത്.
ബിഗ് ബി മമ്മൂട്ടി
മായാവിയിലൂടെ ഈ വര്‍ഷം നില നിര്‍ത്തിയ മമ്മൂട്ടിയുടെ താരമൂല്യം ഉറപ്പിച്ചെടുക്കാനാണ് ബിഗ് ബിയുടെ വരവ്. നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അലധാലോക നായകനാവുന്ന .ചിത്രമാണ് ഇത്. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ മേക്കപ്പും വേഷവും ഇതിനകം ആരാധകരില്‍ ആവേശമുണര്‍ത്തിക്കഴിഞ്ഞു.
പുതുമുഖം അമല്‍ നീരദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ബിഗ് ബിയില്‍ രണ്ടു നായികമാരാണ് മമ്മൂട്ടിക്ക് . പഴയ നടി കനകദുര്‍ഗയുടെ മകള്‍ മാനസയും മംമ്തയും. മമ്മൂട്ടിയുടെ അമ്മയായി ഹിന്ദി നടി നഫീസ അലി വേഷമിടുന്നു. പുതുമുഖം സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ
രാജമാണിക്യത്തിലൂടെ മമ്മൂട്ടിയുടെ ജാതകം തിരുത്തിയ അന്‍വര്‍ റഷീദിന്റെ മോഹന്‍ലാല്‍ ചിത്രമാണ് ഛോട്ടാ മുംബൈ. സംവിധായകന്റെ കഥയ്ക്ക് തിരക്കഥയെഴുതുന്നത് ബെന്നി പി നായരമ്പലം.
ഭാവനയാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. കൊച്ചിയിലെ വനിതാ ഓട്ടോ ഡ്രൈവറുടെ വേഷമാണ് ഭാവന കൈകാര്യം ചെയ്യുന്നത്. ഏറെക്കാലത്തിനു ശേഷം വരുന്ന നര്‍മ്മത്തിന് പ്രാധാന്യമുളള ഒരു മോഹന്‍ലാല്‍ ചിത്രമാണ് ഛോട്ടാ മൂംബൈ.
മണിയന്‍ പിളള രാജു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സായി കുമാറും ഇന്ദ്രജിത്തും സിദ്ദിഖും ജഗതിയുമടങ്ങുന്ന വന്‍താരനിര തന്നെയുണ്ട്. ഛായാഗ്രാഹകന്‍ അഴകപ്പന്‍.
സത്യന്റെ വിനോദയാത്രയില്‍ ദിലീപും മുകേഷും
ദിലീപ് നായകനാകുന്ന ആദ്യ സത്യന്‍ അന്തിക്കാട് ചിത്രമാണ് വിനോദയാത്ര. കൂടെ മുകേഷുമുണ്ട്. മീരാ ജാസ്മിനാണ് നായിക. സത്യന്‍ അന്തിക്കാട് കഥയും തിരക്കഥയുമെഴുതുന്ന ചിത്രത്തില്‍ എസ് കുമാര്‍ കാമറ ചലിപ്പിക്കുന്നു. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ജയറാമിനെയും നായകരാക്കി ഏറെ സിനിമകള്‍ വിജയിപ്പിച്ച ചരിത്രം ദിലീപിലൂടെ സത്യന്‍ ആവര്‍ത്തിക്കുമോ എന്നാണ് കാണികള്‍ ഉറ്റു നോക്കുന്നത്.
വിനയന്റെ ബ്ലാക് ക്യാറ്റ് . . . . . .സുരേഷ് ഗോപിയുടെയും
പൊളിഞ്ഞു പാളീസായ അത്ഭുത ദ്വീപിനു ശേഷം തിരിച്ചു വരവിനൊരുങ്ങുകയാണ് വിനയന്‍. ഡിറ്റക്ടീവിന്റെ വിജയം നല്‍കിയ കരുത്തുമായി ബ്ലാക് ക്യാറ്റിന്റെ വേഷത്തിലെത്തുന്നത് സുരേഷ് ഗോപി. കാര്‍ത്തികയും മീനയും നായികമാരാകുന്ന ചിത്രത്തില്‍ ഇരട്ട വ്യക്തിത്വമുളള കഥാപാത്രമാണ് സംവിധായകന്‍ സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്നത്.
കഥയും വിനയന്റേതു തന്നെ. തിരക്കഥ എസ് എല്‍ പുരത്തിന്റെ മകന്‍ ജയസോമ. ആക്ഷനും കോമഡിയ്ക്കും തുല്യപ്രാധാന്യം നല്‍കി കൊച്ചിയിലും മൂംബെയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ബ്ലാക് ക്യാറ്റ് വിനയന്റെ പ്രസ്റീജ് ചിത്രമാണ്.
കോടികള്‍ മുതലിറക്കി ചീത്രീകരിച്ച നാലു ചിത്രങ്ങള്‍ വിഷുവിന് പ്രേക്ഷകന്റെ മുന്നിലെത്തുന്നു. വ്യത്യസ്തമായ വേഷങ്ങളും കഥയുമാണ് തങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് നടന്മാരും സംവിധായകരും പറയുമ്പോഴും അവരുടെ ഉളെളരിയുകയാണ്. ഏത് ചിത്രങ്ങളെയാവും പ്രേക്ഷകന്‍ നെഞ്ചേറ്റുന്നത്. ആരുടെ ചിത്രത്തിനാണ് തീയേറ്ററുകളില്‍ ആരവവും ആര്‍പ്പു വിളിയും ഉയരുന്നത്?
നമുക്കും കാത്തിരിക്കാം.


Click it and Unblock the Notifications