മണിയുടെ ഫയല്‍വാന്‍ ഫല്‍ഗുനന്‍
മണിയുടെ ഫയല്‍വാന്‍ ഫല്‍ഗുനന്‍
മാര്‍ച്ച് 22, 2002
മലയാളത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് കലാഭവന്‍ മണിയ്ക്കാണെന്ന് പറയണം.
വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് മണിയുടെ ഈ സൗഭാഗ്യം. പിന്നീട് കരുമാടിക്കുട്ടനില്‍ മന്ദബുദ്ധിയായും ആകാശത്തിലെ പറവകളില്‍ പട്ടിപിടുത്തക്കാരനായും അഭിനയിച്ച മണി ഈയിടെ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തില്‍ ക്രൂരത മുഖമുദ്രയായ എഴുപതുകാരന്റെ വേഷമാണ് അവതരിപ്പിച്ചത്. ഈ റോളുകളെല്ലാം ഭംഗിയായി ചെയ്ത മണി മോഹന്‍ കുപ്ലേരിയുടെ സാവിത്രിയുടെ അരഞ്ഞാണം എന്ന ചിത്രത്തില്‍ മറ്റൊരു വ്യത്യസ്തവേഷം ചെയ്യുന്നു. ഫയല്‍വാനായാണ് മണിയുടെ ഇത്തവണത്തെ ഊഴം.
ഫയല്‍വാന്‍ ഫല്‍ഗുനന്‍ എന്ന കഥാപാത്രത്തെയാണ് മണി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മണിയുടെ പതിവ് ശൈലിയിലുള്ളനര്‍മം കൂടിയാവുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടാവുന്ന ഒരു കഥാപാത്രമാണ് ഇത്.
നീലകണ്ഠന്‍ എന്ന ആനപാപ്പാന്‍ ഉണ്ടാക്കിവെച്ച കടം വീട്ടാന്‍ നാട്ടുകാര്‍ സംഘടിപ്പിച്ച ഗുസ്തിമത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന ഫയല്‍വാനാണ് ഫല്‍ഗുനന്‍. ഫയല്‍വാന്‍ ഫല്‍ഗുനനെന്ന പേരില്‍ ആദ്യം എത്തിയത് ഒരു വ്യാജനാണ്. ഫല്‍ഗുനന്റെ ശിഷ്യനായ ഒളിമ്പ്യന്‍ അപ്പച്ചന്‍. ഫല്‍ഗുനന്റെ പേരില്‍ നാട്ടുകാരെ പറ്റിച്ച് ഒളിമ്പ്യന്‍ അപ്പച്ചന്‍ അവിടെ സുഖമായികൂടി. ഇതിനിടയിലാണ് യഥാര്‍ഥ ഫല്‍ഗുനന്റെ വരവ്. ഒളിമ്പ്യന്‍ അപ്പച്ചനെ ഓടിച്ച ഫല്‍ഗുനന്‍ നാട്ടുകാരുടെ സ്നേഹപാത്രമാവുകയായിരുന്നു പിന്നീട്.
ഒളിമ്പ്യന്‍ അപ്പച്ചനായി സലിം കുമാറാണ് അഭിനയിക്കുന്നത്. കരുമാടിക്കുട്ടനിലും ആകാശത്തിലെ പറവകളിലുമുള്ളതു പോലെ ഈ ചിത്രത്തിലും മണി ഒരു ഗാനം പാടിയാടുന്നുണ്ട്. തോട്ടക്കാരി പെണ്ണുങ്ങള്‍ക്കിന്നും ചന്തം കൊട്ടാത്തവനാരാടി എന്നു തുടങ്ങുന്ന ഗാനമാണ് മണി പാടുന്നത്.


Click it and Unblock the Notifications