പൃഥ്വിയും ഇന്ദ്രനും ഒന്നിക്കുന്ന ദി പൊലീസ്
പൃഥ്വിയും ഇന്ദ്രനും ഒന്നിക്കുന്ന ദി പൊലീസ്
മാര്‍ച്ച് 22, 2005
വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ദി പൊലീസ് എന്ന ചിത്രത്തില്‍ താരസഹോദരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിക്കുന്നു. ഇരുവരും പൊലീസ് ഓഫീസര്‍മാരായാണ് ചിത്രത്തില്‍ വേഷമിടുന്നത്.
മുല്ലവള്ളിയും തേന്‍മാവും എന്ന ചിത്രത്തിനു ശേഷം വി. കെ. പ്രകാശ് ഒരുക്കുന്ന ചിത്രമാണിത്. പുനരധിവാസം ആണ് വി. കെ. പ്രകാശിന്റെ ആദ്യചിത്രം. ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഫ്രിക്കിചക്ര എന്ന ചിത്രവും വി. കെ. പ്രകാശ് ഒരുക്കിയിട്ടുണ്ട്.
പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. വിജി തമ്പിയുടെ നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഒരുക്കുന്ന ആക്ഷന്‍ ചിത്രമാണ് ദി പൊലീസ്. കൊച്ചി നഗരം പശ്ചാത്തലമായി ഒരുക്കുന്ന ചിത്രത്തില്‍ മയക്കുമരുന്ന് മാഫിയയുമായി ഏറ്റുമുട്ടുന്ന പൊലീസുദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്. കൊച്ചിയിലെ നാര്‍കോട്ടിക് സെല്ലിലെ ഓഫീസര്‍മാരായാണ് പൃഥ്വിരാജും ഇന്ദ്രജിത്തും വേഷമിടുന്നത്.
ഭാവനയാണ് ചിത്രത്തിലെ നായിക. ലാലു അലക്സ്, അശോകന്‍, ഛായാസിംഗ്, നാരായണ്‍കുട്ടി, കെ. പി. എ. സി ലളിത എന്നിവര്‍ക്കൊപ്പം ഏതാനും ബോളിവുഡ് താരങ്ങളും അണിനിരക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.
പി. ബാലചന്ദ്രനും ശ്യാകൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. സംഗീതം ഔസേപ്പച്ചന്‍. ജസീലാ പ്കാശ് നിര്‍മിക്കുന്ന ചിത്രം സാഗര്‍ മൂവീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications