സൂര്യനായി ജയറാം
മയിലാട്ടത്തിനു ശേഷം ജയറാമും വി.എം.വിനുവും വീണ്ടും ഒന്നിക്കുന്നു. സൂര്യന്‍ എന്നാണ് ചിത്രത്തിന്റെ പേര്.
സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ഒരു പിടി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. കുടുംബസമേതം, സര്‍ഗം എന്നീ ചിത്രങ്ങള്‍ ഉദാഹരണം. ആ ജനുസില്‍ പെടുന്ന മറ്റൊരു ചിത്രമാണ് സൂര്യന്‍.
ബാലേട്ടന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വി.എം.വിനു ഒരുക്കിയ ചിത്രമാണ് മയിലാട്ടം. മയിലാട്ടത്തിനു ശേഷം വേഷം, ബസ് കണ്ടക്ടര്‍ എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് വിനു ചെയ്തത്. ഒടുവില്‍ സംവിധാനം ചെയ്തത് ശ്രീനിവാസന്‍ നായകനായ യെസ് യുവര്‍ ഓണര്‍.
ജയറാമിനെ നായകനാക്കി വിനു വീണ്ടും ചിത്രം ഒരുക്കുമ്പോള്‍ നായികയാവുന്നത് വിമലാരാമനാണ്. ഷാജി കൈലാസിന്റെ ടൈം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തുന്ന വിമലാരാമന്റെ രണ്ടാമത്തെ മലയാള ചിത്രമാണ് സൂര്യന്‍.
സായികുമാറും ജയറാമും അച്ഛനും മകനുമായി അഭിനയിക്കുന്നുവെന്നതാണ് സൂര്യന്റെ ഒരു പ്രത്യേകത. സംഗീതരംഗത്തെ കുലപതിയായ ഹരിനാരായണനായി സായികുമാര്‍. ആ നിലയിലേക്ക് ഉയരുക സ്വപ്നമാക്കിയ മകന്‍ സൂര്യനാരായാണനായി ജയറാം.
ജഗതി, വിജയരാഘവന്‍, വിജയകുമാര്‍, സുരേഷ് കൃഷ്ണ, ജഗന്നാഥന്‍, സുരാജ് വെഞ്ഞാറമ്മൂട്, അഗസ്റിന്‍, ബാബുരാജ്, പൂജപ്പുര രാധാകൃഷ്ണന്‍, കലാരഞ്ജിനി, സോനാനായര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതരായ സുരേഷ് മേനോന്‍, സതീഷ് കെ.ശിവന്‍ എന്നിവരാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഇളയരാജ സംഗീതം പകരുന്നു. ഗായകര്‍ യേശുദാസ്, മധുബാലകൃഷ്ണന്‍, മഞ്ജരി, ശങ്കരന്‍നമ്പൂതിരി.


Click it and Unblock the Notifications