ഓസ്കാര്‍ ദാന ചടങ്ങിലും യുദ്ധ വിരുദ്ധ പ്രതിഷേധം
ഓസ്കാര്‍ ദാന ചടങ്ങിലും യുദ്ധ വിരുദ്ധ പ്രതിഷേധം
മാര്‍ച്ച് 24, 2003
ഹോളിവുഡ്: ഒസ്കാര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ഇറാഖില്‍ യുഎസ് നടത്തുന്ന ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
കൊളംബിയയില്‍ നിന്നുള്ള എഴുത്തുകാരനായ മൈക്കേല്‍ മൂറാണ് ആദ്യമായി ചടങ്ങില്‍ യുദ്ധത്തിനെതിരെ പൊട്ടിത്തെറിച്ചത്. മികച്ച ഡോക്കുമെന്ററി ഫിക്ഷന്‍ ചിത്രത്തിനുള്ള അവാര്‍ഡാണ് ഇദ്ദേഹത്തിന് കിട്ടിയത്.
അവാര്‍ഡ് നേടിയ നികോള്‍ കിഡ്മാന്‍, ആഡ്രിയന്‍ ബ്രോഡി തുടങ്ങിയവരും ശക്തമായി യുദ്ധത്തിനെതിരെ പ്രതികരിച്ചു. യുദ്ധം നടക്കുന്നതുകൊണ്ട് ഇക്കുറി ഓസ്കാര്‍ അവാര്‍ഡ് ദാന ചടങ്ങിന് പൊലിമ കുറവായിരുന്നു. ചടങ്ങ് നടന്ന കൊടാക് തീയറ്ററിന് പുറത്ത് ആയിരക്കണക്കിന് യുദ്ധ വിരുദ്ധ പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്.
യുദ്ധത്തില്‍ പ്രതിഷേധിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകനായ റോമന്‍ പോളാന്‍സ്കി ചടങ്ങ് ബഹിഷ്കരിച്ചു. മികച്ച സംവിധാനത്തിനുള്ള അവാര്‍ഡ് കിട്ടിയത് ഇദ്ദേഹത്തിനാണ് (ചിത്രം - ദ് പിയാനിസ്റ്) .
ചടങ്ങിനത്തിയ പല ചലച്ചിത്ര പ്രവര്‍ത്തകരും സമാധാനത്തിന്റെ ചിഹ്നമായ പ്രാവിന്റെ ചിത്രം നെഞ്ചില്‍ അണിഞ്ഞിരുന്നു.
കരഞ്ഞുകൊണ്ടാണ് മൈക്കേല്‍ കിഡ്മാന്‍ യുദ്ധത്തിനെതിരേ പ്രതികരിച്ചത്. യുദ്ധത്തില്‍ സര്‍വതും നഷ്ടപ്പെട്ട് അനാഥരാവുന്നവര്‍ക്ക് വേണ്ടി അവര്‍ വേദിയില്‍ നിന്ന് പ്രാര്‍ത്ഥിച്ചു.
കൊളംബിയന്‍ എഴുത്തുകാരനായ മൈക്കേല്‍ മൂര്‍ തികച്ചും വ്യത്യസ്ഥമായാണ് പ്രതികരിച്ചത്. ഡോക്കുമെന്ററി ഫിക്ഷന്‍ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ അദ്ദേഹത്തെ വേദിയിലേയ്ക്ക് ക്ഷണിച്ചപ്പോള്‍ അദ്ദേഹം ഒറ്റയ്ക്കല്ല വേദിയിലെത്തിയത്. ഈ അവാര്‍ഡിന് തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തോടൊപ്പം അവസാന ഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് മൂന്ന ് പേരെക്കൂടി അദ്ദേഹം വേദിയിലേയ്ക്ക് ക്ഷണിച്ചു.
എല്ലാപേരുമായി വേദിയിലെത്തിയ മൂര്‍ പറഞ്ഞു. -ഞങ്ങള്‍ക്ക് ഫിക്ഷന്‍ ഇഷ്ടമല്ല. അതുകൊണ്ടാണ് ഞങ്ങള്‍ ചലച്ചിത്രത്തിലും സത്യം പറയാന്‍ ശ്രമിയ്ക്കുന്നത്. പക്ഷേ ഇന്നത്തെ ലോകത്തില്‍ സംശയാസ്പദമായ (ഫിക്റ്റീഷ്യസ്) കാര്യങ്ങളാണ് നടക്കുന്നത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സംശയാസ്പദമായ കാര്യങ്ങള്‍ നടക്കുന്നു. അത്തരം തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന പ്രസിഡണ്ട് വീണ്ടും സംശയാസ്പദമായ കാര്യങ്ങള്‍ ചെയ്യുന്നു. യുഎസ് പ്രസിഡണ്ട് സംശയാസ്പദമായ കാര്യങ്ങള്‍ക്കായി ഇതാ ഇറാഖിനെതിരെ യുദ്ധം നയിയ്ക്കുന്നു. ഇത് നാണക്കേടാണ് ബുഷ്. ബുഷ്... ഇത് നാണക്കേടാണ്. മൂര്‍ വേദിയില്‍ വികാരാധീനനായി വിളിച്ച് കൂവി. - മൂറിന്റെ ഈ പ്രതികരണം സദസ്സില്‍ ഇരുന്നവര്‍ എണീറ്റ് നിന്ന് കൈയടിയോടെയാണ് സ്വീകരിച്ചത്.
തുടര്‍ന്ന് എത്തിയ മികച്ച നടന്റെ അവാര്‍ഡ് നേടിയ ആഡ്രിയന്‍ ബ്രോഡി എന്ന 29 കാരന്‍ (ചിത്രം: ദ് പിയാനിസ്റ്) അവാര്‍ഡ് കിട്ടിയതിനെക്കുറിച്ച് പലതും പറഞ്ഞ് കൂടുതല്‍ സമയം എടുത്തപ്പോള്‍ സദസ്സ് അസ്വസ്ഥമായി. ചിലര്‍ അത് കൂവി പ്രകടിപ്പിയ്ക്കുകയും ചെയ്തു. സദസ്സിനോട് ക്ഷമ ചോദിച്ച് അല്പം കൂടി സമയം ആവശ്യപ്പെട്ട് ബ്രോഡി പറഞ്ഞു. - നാം ആരാധിയ്ക്കുന്നത് ദൈവത്തെയാണെങ്കിലും അള്ളാഹുവിനെയാണെങ്കിലും ആ ജഗദീശ്വരന്‍ എല്ലാം കാണുന്നുണ്ട്. പ്രശ്നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാവട്ടെ. - ബ്രോഡി ഇത് പറഞ്ഞതോടെ അസ്വസ്ഥരായിരുന്ന സദസ്സിന്റെ സ്വഭാവം മാറി. അവര്‍ എണീറ്റ് നിന്ന് കരഘോഷത്തോടെ ബ്രോഡിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ചടങ്ങിനിടയ്ക്ക് മറ്റ് പല ചലച്ചിത്ര പ്രവര്‍ത്തകരും യുദ്ധത്തിന് എതിരേ പ്രതികരിച്ചു.


Click it and Unblock the Notifications











