»   » ശോഭന വീണ്ടും മലയാളത്തില്‍

ശോഭന വീണ്ടും മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam

ശോഭന വീണ്ടും മലയാളത്തില്‍
മാര്‍ച്ച് 24, 2004

മലയാളത്തിന്റെ പ്രിയനായിക ശോഭന ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. താന്‍ നേരത്തെ അഭിനയിച്ച ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതാണ് മലയാളത്തിലേക്ക് തിരിച്ചുവരാന്‍ ശോഭനയ്ക്ക് തുണയായത്.

കുറച്ചു കാലമായി മലയാളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശോഭന രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തുന്നത്. സുരേഷ് ഗോപി നായകനായ ചിത്രത്തിന് ഭരത്ചന്ദ്രന്‍ ഐപിഎസ് എന്നാണ് പേരിട്ടിരിക്കുന്നത്. സുരേഷ്ഗോപിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ കമ്മിഷണറുടെ രണ്ടാം ഭാഗമാണ് ഭരത്ചന്ദ്രന്‍ ഐപിഎസ്.

കമ്മിഷണറിലെ സുരേഷ് ഗോപിയുടെ കഥാപാത്രമാണ് ഭരത്ചന്ദ്രന്‍ ഐപിഎസ്. ഈ കഥാപാത്രത്തിന്റെ പേര് തന്നെ ചിത്രത്തിന്റെ ടൈറ്റിലാക്കി പുതിയ ചിത്രമൊരുക്കുകയാണ് രഞ്ജി പണിക്കര്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മിഷണറുടെ തിരക്കഥ നിര്‍വഹിച്ചിരുന്നത് രഞ്ജി പണിക്കറായിരുന്നു.

കമ്മിഷണറില്‍ സുരേഷ്ഗോപി അവതരിപ്പിച്ച ഭരത്ചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ കാമുകിയായാണ് ശോഭന അഭിനയിച്ചിരുന്നത്. ഭരത്ചന്ദ്രനെ കോടതിയിലെ കൂട്ടില്‍ നിര്‍ത്തി ചോദ്യങ്ങള്‍ കൊണ്ട് നിര്‍ത്തിപ്പൊരിക്കുന്ന അഭിഭാഷക. കാമുകനെ എടാ പോടാ എന്നൊക്കെ വിളിക്കുന്ന കാമുകി. ശോഭനയുടെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു കമ്മിഷണറിലേത്.

കമ്മിഷണറുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ ഭരത്ചന്ദ്രന്‍ ഐപിഎസിന്റെ ജീവിതപങ്കാളിയായി ശോഭനയുടെ കഥാപാത്രവുമുണ്ട്. വീണ്ടും മലയാളത്തിലെത്താന്‍ ശോഭനയ്ക്ക് അങ്ങനെ അവസരം കൈവന്നിരിക്കുന്നു.

ടീനേജ് നായികമാരുടെ ആധിപത്യം വന്നതോടെ മലയാളത്തില്‍ സജീവമല്ലാതാവുകയായിരുന്നു ഒരു കാലത്ത് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായ ശോഭന. മമ്മൂട്ടി നായകനായ വല്യേട്ടന്‍, മോഹന്‍ലാല്‍ നായകനായ ശ്രദ്ധ എന്നിവയാണ് ശോഭന ഒടുവിലായി അഭിനയിച്ച മലയാളചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളിലും സൂപ്പര്‍താരങ്ങളുടെ നായികയായിട്ടാണ് ശോഭന അഭിനയിച്ചതെങ്കിലും ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വേഷമായിരുന്നില്ല ഇവയില്‍ ശോഭനയ്ക്ക് ലഭിച്ചത്.

ബാലചന്ദ്രമേനോന്റെ ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശോഭന മലയാളിയായ തമിഴ്നാട്ടുകാരിയാണെങ്കിലും കൂടുതലും അഭിനയിച്ചത് മലയാളത്തിലാണ്. മോഹന്‍ലാലിന്റെ നായികയായിട്ടാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത്. സിനിമയില്‍ സജീവമല്ലാതായതോടെ നൃത്തരംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചുവരികയാണ് നല്ലൊരു നര്‍ത്തകി കൂടിയായ ശോഭന.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X